ഹാഫ് സെഞ്ച്വറി എങ്ങനെയടിച്ചോ, അതുപോലെ സെഞ്ച്വറിയും; തീയുണ്ടകളെ ബഹുമാനിക്കാത്തവന്‍, ഇന്ത്യയുടെ ഭാവി
Sports News
ഹാഫ് സെഞ്ച്വറി എങ്ങനെയടിച്ചോ, അതുപോലെ സെഞ്ച്വറിയും; തീയുണ്ടകളെ ബഹുമാനിക്കാത്തവന്‍, ഇന്ത്യയുടെ ഭാവി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 20th July 2023, 7:58 am

ശ്രീലങ്കയില്‍ നടക്കുന്ന എമേര്‍ജിങ് ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ എ ടീമിനെ തകര്‍ത്ത് ഇന്ത്യ എ വിജയം സ്വന്തമാക്കിയിരുന്നു. എട്ട് വിക്കറ്റിന്റെ ജയമാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ സ്വന്തമാക്കിയത്. ഇതോടെ പരാജയമറിയാതെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനും ഇന്ത്യക്കായി.

ബൗളിങ്ങില്‍ രാജ്‌വര്‍ധന്‍ ഹംഗാര്‍ഗേക്കര്‍ തിളങ്ങിയപ്പോള്‍ ബാറ്റിങ്ങില്‍ സായ് സുദര്‍ശന്‍ ആഞ്ഞടിച്ചിരുന്നു. ഹംഗാര്‍ഗേക്കറുടെ ഫൈഫറും സുദര്‍ശന്റെ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് തുണയായത്.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഒന്ന് മങ്ങിയെങ്കിലും തുടര്‍ന്നുള്ള രണ്ട് മത്സരത്തിലും സായ് സുദര്‍ശന്റെ തന്റെ ക്ലാസ് വ്യക്തമാക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

യു.എ.ഇ എ ടീമിനെതിരായ ആദ്യ മത്സരത്തില്‍ എട്ട് പന്ത് നേരിട്ട് എട്ട് റണ്‍സ് മാത്രമാണ് സുദര്‍ശന് നേടാന്‍ സാധിച്ചത്. എന്നാല്‍ നേപ്പാളിനെതിരായ രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി തികച്ച സുദര്‍ശന്‍, പാകിസ്ഥാനെതിരെ സെഞ്ച്വറി തികച്ചാണ് തിളങ്ങിയത്.

പാകിസ്ഥാനെതിരായ മത്സരത്തില്‍ സിക്‌സറടിച്ചുകൊണ്ടാണ് സായ് സുദര്‍ശന്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സെഞ്ച്വറി പൂര്‍ത്തിയാത്തിയതും സിക്‌സറടിച്ചുകൊണ്ട് തന്നെയായിരുന്നു.

36 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യക്ക് വിജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ തന്റെ സെഞ്ച്വറി തികയ്ക്കാന്‍ സുദര്‍ശനും 12 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പാസ് സൂപ്പര്‍ പേസര്‍ ഷഹനവാസ് ദഹാനിയെ ബൗണ്ടറിക്കും തുടരെ സിക്‌സറുകള്‍ക്കും പറത്തി സുദര്‍ശന്‍ ടീമിന്റെ വിജയവും സെഞ്ച്വറിയും പൂര്‍ത്തിയാക്കുകയായിരുന്നു. 4, 0, 6, 6 എന്നിങ്ങനെയാണ് 37ാം ഓവറിലെ ആദ്യ നാല് പന്തുകളില്‍ റണ്‍സ് പിറന്നത്.

ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ സായ് സുദര്‍ശനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 8 (8), 58* (52), 104* (110) എന്നിങ്ങനെയാണ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ സുദര്‍ശന്റെ ബാറ്റിങ് പ്രകടനം. 170 എന്ന ബാറ്റിങ് ശരാശരിയില്‍ 170 റണ്‍സാണ് താരം നേടിയത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ 48 ഓവറില്‍ 205 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 63 പന്തില്‍ 48 റണ്‍സ് നേടിയ ഖാസിം അക്രവും 36 പന്തില്‍ 35 റണ്‍സ് നേടിയ സാഹിബ്‌സാദ ഫര്‍ഹാന്‍ എന്നിവരാണ് പാകിസ്ഥാനായി മികച്ച സ്‌കോര്‍ നേടിയത്.

രാജ്‌വര്‍ധന്‍ ഹംഗാര്‍ഗേക്കര്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോള്‍ മാനവ് സുതര്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. റിയാന്‍ പരാഗ്, നിഷാന്ത് സിന്ധു എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തിയത്.

സായ് സുദര്‍ശന് പുറമെ വണ്‍ ഡൗണായെത്തിയ നികിന്‍ ജോസും തകര്‍ത്തടിച്ചിരുന്നു. 64 പന്തില്‍ ഏഴ് ബൗണ്ടറിയോടെ 53 റണ്‍സ് നേടിയാണ് താരം പുറത്തായത്. ക്യാപ്റ്റന്‍ യാഷ് ധുള്‍ (19 പന്തില്‍ പുറത്താകാതെ 21), അഭിഷേക് ശര്‍മ (28 പന്തില്‍ 20) എന്നിവരാണ് ഇന്ത്യയുടെ മറ്റ് റണ്‍ വേട്ടക്കാര്‍.

 

 

Content Highlight: Sai Sudarshan’s brilliant batting performance