ശ്രീലങ്കയില്‍ നടന്നുകൊണ്ടിരിക്കുന്ന എമേര്‍ജിങ് ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരത്തിലും ഒന്നൊഴിയാതെ വിജയിച്ചാണ് ഇന്ത്യ മുമ്പോട്ട് കുതിക്കുന്നത്.
ആദ്യ മത്സരത്തില്‍ യു.എ.ഇ എയെ പരാജയപ്പെടുത്തിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ നേപ്പാള്‍ എക്കെതിരെയും വിജയം ആവര്‍ത്തിച്ചു. രണ്ട് മികച്ച വിജയങ്ങള്‍ നല്‍കിയ ആവേശത്തിലാണ് ഇന്ത്യ കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലേക്കിറങ്ങിയത്. പാകിസ്ഥാനെതിരായ അവസാന മത്സരത്തില്‍ പടുകൂറ്റന്‍ ജയവും നേടിയാണ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയില്‍ പ്രവേശിച്ചിരിക്കുന്നത്.
ബൗളിങ്ങില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് ഏയ്‌സ് കൂടിയായ യുവതാരം രാജ്‌വര്‍ധന്‍ ഹംഗാര്‍ഗേക്കര്‍ പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് മേല്‍ തീയായി പടര്‍ന്നപ്പോള്‍ ബാറ്റിങ്ങില്‍ ആ ചുമതലയേറ്റെടുത്തത് ഗുജറാത്ത് ടൈറ്റന്‍സിന്റെ ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്ററായ സായ് സുദര്‍ശനാണ്. ഹംഗാര്‍ഗേക്കര്‍ ഫൈഫര്‍ തികച്ച മത്സരത്തില്‍ സുദര്‍ശന്‍ സെഞ്ച്വറിയും നേടി.
37ാം ഓവറിലെ നാലാം പന്തില്‍ സിക്‌സറടിച്ചാണ് സായ് സുദര്‍ശന്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. പാകിസ്ഥാന്‍ സീനിയര്‍ ടീമിന് വേണ്ടിയും കളിച്ച ഷഹനവാസ് ദഹാനിയെ സിക്‌സറിന് പറത്തിയാണ് സുദര്‍ശന്‍ വിജയം പിടിച്ചടക്കിയത്.
36 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യക്ക് വിജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ തന്റെ സെഞ്ച്വറി തികയ്ക്കാന്‍ സുദര്‍ശനും 12 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പാസ് സൂപ്പര്‍ പേസര്‍ ഷഹനവാസ് ദഹാനിയെ ബൗണ്ടറിക്കും തുടരെ സിക്‌സറുകള്‍ക്കും പറത്തി സുദര്‍ശന്‍ ടീമിന്റെ വിജയവും സെഞ്ച്വറിയും പൂര്‍ത്തിയാക്കുകയായിരുന്നു. 4, 0, 6, 6 എന്നിങ്ങനെയാണ് 37ാം ഓവറിലെ ആദ്യ നാല് പന്തുകളില്‍ റണ്‍സ് പിറന്നത്.
ഇന്ത്യയുടെ വിജയത്തിനും സായ് സുദര്‍ശന്റെ സെഞ്ച്വറിക്കും പുറമെ മറ്റൊരു നേട്ടവും പിറന്നിരുന്നു. മൂന്നാം വിക്കറ്റിലെ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടാണ് സായ് സുദര്‍ശനും ക്യാപ്റ്റന്‍ യാഷ് ധുള്ളും സ്വന്തമാക്കിയത്.
2011 ലോകകപ്പില്‍ ധോണി സിക്‌സറടിച്ച് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത് മറുവശത്ത് നിന്നും കണ്ടുനിന്ന യുവരാജിനെ പോലെയായിരുന്നു ദഹാനിയെ സിക്‌സറിന് പറത്തി സുദര്‍ശന്റെ ഷോട്ട് മറുവശത്ത് നിന്നും കണ്ണിമ ചിമ്മാതെ നോക്കി നിന്ന ക്യാപ്റ്റന്‍ യാഷ് ധുള്‍. ആ സിക്‌സറിന് പിന്നാലെ സുദര്‍ശനെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചാണ് ധുള്‍ വിജയമാഘോഷിച്ചത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ 48 ഓവറില്‍ 205 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 63 പന്തില്‍ 48 റണ്‍സ് നേടിയ ഖാസിം അക്രവും 36 പന്തില്‍ 35 റണ്‍സ് നേടിയ സാഹിബ്‌സാദ ഫര്‍ഹാന്‍ എന്നിവരാണ് പാകിസ്ഥാനായി മികച്ച സ്‌കോര്‍ നേടിയത്.
രാജ്‌വര്‍ധന്‍ ഹംഗാര്‍ഗേക്കര്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോള്‍ മാനവ് സുതര്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. റിയാന്‍ പരാഗ്, നിഷാന്ത് സിന്ധു എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തിയത്.
Content Highlight: Sai Sudarshan hits a six to win India