ഐ.പി.എല്‍ 2023ല്‍ ആരംഭിച്ച പുതിയ പരിഷ്‌കാരമാണ് ഇംപാക്ട് പ്ലെയര്‍ റൂള്‍. ഫുട്‌ബോളിലെ സബ്‌സ്റ്റിയൂഷന്‍ പോലെ മത്സരത്തിനിടെ ഒരു താരത്തെ പിന്‍വലിച്ച് മറ്റൊരു താരത്തെ ഇറക്കുന്ന രീതിയാണിത്.
ഇംപാക്ട് പ്ലെയര്‍ റൂള്‍ ടീമുകള്‍ക്ക് അഡ്വാന്റേജ് നല്‍കുമെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ ഇംപാക്ട് പ്ലെയേഴ്‌സിനെ കളത്തിലിറക്കിയ മിക്ക ടീമുകള്‍ക്കും നേരിടേണ്ടി വന്നത് വമ്പന്‍ തിരിച്ചടിയാണ്.
രാജസ്ഥാന്‍ റോയല്‍സിന്റെ നവ്ദീപ് സെയ്‌നിയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുഷാര്‍ ദേശ്പാണ്ഡേയും, മുംബൈ ഇന്ത്യന്‍സിന്റെ ബെഹ്രന്‍ഡോര്‍ഫും ഇത്തരത്തില്‍ പരാജയപ്പെട്ട ഇംപാക്ട് പ്ലെയേഴ്‌സാണ്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇംപാക്ട് പ്യെറായി കളത്തിലിറക്കിയത് സായ് സുദര്‍ശനെയായിരുന്നു. വൃദ്ധിമാന്‍ സാഹ പുറത്തായതിന് പിന്നാലെ വണ്‍ ഡൗണായി ക്രീസിലെത്തിയ സായ് സുദര്‍ശന്‍ 17 പന്തില്‍ നിന്നും മൂന്ന് ബൗണ്ടറിയടക്കം 22 റണ്‍സ് നേടിയിരുന്നു. താരത്തിന്റെ ഇന്നിങ്‌സ് ആരാധക പ്രശംസ നേടുകയും ചെയ്തിരുന്നു.
ആദ്യ മത്സരത്തില്‍ ഇംപാക്ട് പ്ലെയറായി ടീമിലെത്തി മികച്ച പ്രകടനം കാഴ്ചവെച്ച സായ് സുദര്‍ശന്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ രണ്ടാം മത്സരത്തില്‍ പ്ലെയിങ് ഇലവനില്‍ തന്നെ ഇടം നേടിയിരിക്കുകയാണ്. ആദ്യ മത്സരത്തിലേതെന്ന പോലെ രണ്ടാം മത്സരത്തിലും താരം മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
അതേസമയം, ദല്‍ഹിയുടെ ഹോം സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ക്യാപ്പിറ്റല്‍സ് മോശമല്ലാത്ത നിലയിലാണ്. നിലവില്‍ 19 ഓവര്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 150 റണ്‍സാണ് നേടിയിരിക്കുന്നത്.