റെക്കോഡ്, അരങ്ങേറ്റം കളറാക്കി സായ് സുദര്‍ശന്‍; ഇന്ത്യയുടെ 'നാന്നൂറാന്‍' ഇനി നാലാമന്‍
Sports News
റെക്കോഡ്, അരങ്ങേറ്റം കളറാക്കി സായ് സുദര്‍ശന്‍; ഇന്ത്യയുടെ 'നാന്നൂറാന്‍' ഇനി നാലാമന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 18th December 2023, 7:45 am

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയെ അര്‍ഷ്ദീപ് സിങ്ങും ആവേശ് ഖാനും ചേര്‍ന്ന് 116 റണ്‍സില്‍ ഒതുക്കി. അര്‍ഷ്ദീപ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നാല് വിക്കറ്റായിരുന്നു ആവേശ് ഖാന്റെ സമ്പാദ്യം.

117 റണ്‍സ് എന്ന താരതമ്യേന ദുര്‍ബലമായ ടോട്ടല്‍ ഇന്ത്യ 200 പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു. ഓപ്പണര്‍ സായ് സുദര്‍ശന്റെയും ശ്രേയസ് അയ്യരിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്.

ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശന്‍ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോ അതിലധികമോ റണ്‍സ് നേടുന്ന നാലാമത് മാത്രം ഇന്ത്യന്‍ ഓപ്പണര്‍ എന്ന അത്യപൂര്‍വ നേട്ടമാണ് സായ് സുദര്‍ശന്‍ സ്വന്തമാക്കിയത്.

ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി ക്യാപ്പണിയുന്ന 400ാം താരം എന്ന നേട്ടം കളിക്ക് മുമ്പേ തന്റെ പേരിലാക്കിയ സായ് സുദര്‍ശന്‍ ബാറ്റെടുത്തപ്പോഴും റെക്കോഡ് നേട്ടത്തില്‍ തിളങ്ങി.

അന്താരാഷ്ട്ര ഏകദിന അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ ഓപ്പണര്‍ റോബിന്‍ ഉത്തപ്പയാണ്. 2006ല്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറിയ ഉത്തപ്പ 86 റണ്‍സാണ് നേടിയത്.

ശേഷം പത്ത് വര്‍ഷത്തിനിപ്പുറമാണ് ഓപ്പണറുടെ റോളില്‍ അരങ്ങേറിയ മറ്റൊരു താരം അര്‍ധ സെഞ്ച്വറിയോ അതിലധികമോ റണ്‍സ് നേടുന്നത്. ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനത്തില്‍ കെ.എല്‍. രാഹുലും ഫായിസ് ഫസലുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഹരാരെയില്‍ നടന്ന പരമ്പരയിലെ ഒന്നാം മത്സരത്തില്‍ രാഹുല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണര്‍ എന്ന നേട്ടവും രാഹുലിനെ തേടിയെത്തി. അതേ പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ഫസലിന്റെ ബാറ്റില്‍ നിന്നും അര്‍ധ സെഞ്ച്വറി പിറന്നത്. 62 പന്തില്‍ പുറത്താകാതെ 55 റണ്‍സാണ് താരം നേടിയത്.

 

ഇതിന് ശേഷം സായ് സുദര്‍ശനും ഈ നേട്ടത്തില്‍ തന്റെ പേരെഴുതിച്ചേര്‍ത്തിരിക്കുകയാണ്.

അരങ്ങേറ്റത്തില്‍ 50+ സ്‌കോര്‍ നേടുന്ന 17ാമത് മാത്രം താരമാണ് ഈ തമിഴ്‌നാട്ടുകാരന്‍.

അതേസമയം, ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്കായി. ഡിസംബര്‍ 19നാണ് പരമ്പരയിലെ രണ്ടാം മത്സരം. സെന്റ് ജോര്‍ജ്‌സ് ഓവലാണ് വേദി.

 

Content highlight: Sai Sudarshan becomes the 4th Indian opener to score 50+ runs in debut