കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ലാപ്‌ടോപ്പ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കുമെന്ന് സൂചന.
കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളടങ്ങിയ ലാപ്‌ടോപ്പ് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയുടെ ഓഫീസിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാപ് ടോപ്പ് കസ്റ്റഡിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ അന്വേഷണ സംഘം ഉന്നതതല യോഗം ചേരും. ഇതിനുശേഷമായിരിക്കും തുടര്‍നടപടിയെന്നാണ് വിവരം.
സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയതതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ചോദ്യം ചെയ്യലിലാണ് ദിലീപിന്റെ ഫോണിലെ ഐ മാക്കും ലാപ് ടോപ്പും അഭിഭാഷകരുടെ കസ്റ്റഡിയിലാണെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയത്.
അഡ്വക്കേറ്റ് ഫിലിപ്പ് ഇവ രണ്ടും വാങ്ങി രാമന്‍ പിള്ളയുടെ ഓഫീസില്‍ കൊണ്ടുവെച്ചു. താന്‍ ഒളിവില്‍ ആയിരുന്ന സമയത്ത് ഇവ പൊലീസിന്റെ കയ്യില്‍പ്പെടുമെന്ന് പറഞ്ഞാണ് ലാപ് ടോപ്പും ഐ മാക്കും കൊണ്ടുപോയതെന്നും സായ് ശങ്കര്‍ പറഞ്ഞു.
തെളിവ് നശിപ്പിക്കാന്‍ കൂടുതല്‍ ഉപയോഗിച്ചത് അഭിഭാഷകര്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുന്ന ഐ മാക്കും ലാപ് ടോപ്പുമാണെന്നും സായ് ശങ്കര്‍ പറഞ്ഞു.
തന്റെ ഭാര്യയുടെ പേരിലുള്ള ഐ മാക്കും തെളിവ് നശിപ്പിക്കാന്‍ ഉപയോഗിച്ചു. ഭാര്യയുടെ പേരിലുള്ള ഐ മാക്ക് മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ളതെന്നും സായ് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈല്‍ ഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഡോക്ടര്‍ ഹൈദരലിയും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.
ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ സുരാജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം. നടി ആക്രമിക്കപ്പെടുന്ന സമയത്ത് ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നുവെന്നാണ് ദിലീപ് പറഞ്ഞിരുന്നത്.
എന്നാല്‍ ദിലീപ് പറഞ്ഞത് കളവായിരുന്നുവെന്ന് അന്വേഷണ സംഘം പിന്നീട് കണ്ടെത്തുകയായിരുന്നു. ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടര്‍ ഹൈദരലിയും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴി തിരുത്താനാണ് സുരാജ് ഡോക്ടറോട് ആവശ്യപ്പെടുന്നത്.
രേഖകള്‍ പൊലീസിന്റെ കയ്യിലുണ്ടെന്ന് പറയുമ്പോള്‍ ആ തെളിവിന് പ്രസക്തിയില്ല, കോടതിക്ക് നല്‍കുന്ന മൊഴിയാണ് ഇനി പ്രധാനമെന്നാണ് ഡോക്ടറോട് പറയുന്നത്, പ്രശ്നങ്ങളൊന്നുമില്ലാതെ വക്കീല്‍ നോക്കും. ഡോക്ടര്‍ വക്കീല്‍ പഠിപ്പിക്കുന്നതുപോലെ പറഞ്ഞാല്‍ മതിയെന്നും സംഭാഷണത്തിലുണ്ട്.
Content Highlights: Sai Shankar says Dileep’s lawyers took laptop and iMac