കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ അഭിഭാഷകര്‍ വഞ്ചിച്ചെന്ന ആരോപണവുമായി വധഗൂഢാലോചന കേസിലെ പ്രതി സായ് ശങ്കര്‍. അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് തനിക്ക് ഉപദ്രവമുണ്ടായിട്ടില്ലെന്നും സായ് ശങ്കര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് സായ് ശങ്കറിന്റെ പ്രതികരണം.
വധഗൂഢാലോചന കേസില്‍ അറസ്റ്റിലായതിന് ശേഷം ആലുവ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വന്നപ്പോഴായിരുന്നു സായ് ശങ്കറിന്റെ ഇക്കാര്യം പറഞ്ഞത്.
ജാമ്യാപേക്ഷയെന്ന പേരില്‍ തന്റെ ഒപ്പുവാങ്ങിച്ച് ദിലീപിന്റെ അഭിഭാഷകര്‍ എഴുതിച്ചേര്‍ത്ത കള്ളപരാതിയാണിതെന്നും സായ് ശങ്കര്‍ പറഞ്ഞു.
ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ച കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. ദിലീപ് ഒന്നാം പ്രതിയായ വധഗൂഢാലോചന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തുന്നെന്ന് സായ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ ആരോപിച്ചിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ സൈബര്‍ തെളിവുകള്‍ നശിപ്പിച്ചതില്‍ ദിലീപിന്റെ അഭിഭാഷകനായ ബി. രാമന്‍പിള്ളയുടെ പേര് പറയണമെന്ന് അന്വേഷണ സംഘം നിര്‍ബന്ധിച്ചുവെന്നായിരുന്നു ആരോപണം.
ദിലീപിന്റെ ഫോണിലെ ഫോട്ടോകളടക്കമുള്ള തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോഴാണ് ദിലീപിന്റെ അഭിഭാഷകന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചതെന്ന് ഹരജിയില്‍ പറയുന്നുണ്ട്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന് പങ്കുണ്ടെന്ന് അന്വേഷണ സംഘം ഹൈക്കോടതിയില്‍ നേരത്തെ പറഞ്ഞിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതെന്നും അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞു.
കാവ്യയുടെ പങ്ക് സംബന്ധിച്ച് സുരാജ്, ശരത്തിനോട് പറയുന്നുണ്ട്. ഇതിന്റെ ഭാഗമായി ശരത്ത്, സുരാജ് എന്നിവരുടെ ശബ്ദം പരിശോധിക്കേണ്ടതുണ്ട്. നിലവില്‍ കാവ്യ ചെന്നൈയിലാണുള്ളത്. അടുത്തയാഴ്ച മാത്രമേ മടങ്ങി എത്തു, ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയാലുടന്‍ കാവ്യയെ ചോദ്യം ചെയ്യണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച നാല് അഭിഭാഷകരെയും ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.
Content Highlights: Sai Shankar says against Dileep’s advocates