| Saturday, 9th April 2022, 7:48 am

ടാബ്‌ലെറ്റ് ഇ വേസ്റ്റ് ആക്കാനാണ് ദിലീപ് പറഞ്ഞത്; നടിയെ ആക്രമിച്ച കേസിലെ തെളിവുകളാണ് ഐ ഫോണുകളില്‍ നിന്ന് മായ്ച്ച് കളഞ്ഞത്: സായ് ശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അന്വേഷണ ഉദ്യാഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ തെളിവായ ടാബ്‌ലെറ്റ് ഇ വേസ്റ്റായി നശിപ്പിക്കാന്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നതായി സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍. ക്രിമിനലുകളാണ് ഇത്തരത്തില്‍ ആവശ്യപ്പെടാറുള്ളതെന്നും സായ് ശങ്കര്‍ റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടാബ്‌ലെറ്റിലുള്ളതുകൊണ്ടാവാം അത് നശിപ്പിക്കാന്‍ പറഞ്ഞതെന്നും സായ് ശങ്കര്‍ പറഞ്ഞു.

‘ടാബ്‌ലെറ്റ് ഇ വേസ്റ്റ് ആക്കാനാണ് ദിലീപ് പറഞ്ഞത്. ബൈജു പൗലോസുമായി ഞാന്‍ സംസാരിച്ചതിന് ശേഷം ദിലീപിന്റെ അഭിഭാഷകര്‍ തന്ത്രം മാറ്റി. ഞാന്‍ എന്തെങ്കിലും പറയാതിരിക്കാന്‍ അവര്‍ നീക്കം തുടങ്ങി, ബെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രം പ്രയോഗിച്ചു. ബൈജു പൗലോസിനെ കണ്ട കാര്യം ഞാന്‍ അഭിഭാഷകരോട് പറഞ്ഞിരുന്നില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടിലെ യൂസര്‍ നെയിം അവര്‍ക്ക് അറിയാമായിരുന്നു എന്റെ യൂസര്‍ നെയിമിലേക്ക് അവര്‍ മുമ്പ് ഒരു ഇടപാട് നടത്തിയിരുന്നു. പിന്നീട് അവര്‍ എന്നെ കൈവിടുകയായിരുന്നു.

അവര്‍ കൈവിട്ടിരുന്നില്ലെങ്കില്‍ ദിലീപിന്റെ ടാബ് എന്റെ കൈയിലെത്താന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ അതെന്റെ കയ്യില്‍കിട്ടിയില്ല. ടാബില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുണ്ടാകാം, അല്ലെങ്കില്‍ ഇ വേസ്റ്റ് ആക്കേണ്ട കാര്യമില്ല. ഒരു പേപ്പര്‍ കീറുന്ന പോലെ ഡിവൈസ് നശിപ്പിക്കലാണ് ഇ വേസ്റ്റ് ആക്കല്‍. ഇ വേസ്റ്റ് ആക്കാന്‍ സാധാരണ ആവശ്യപ്പെടാറ് ക്രിമിനലുകളാണ്.

മാര്‍ച്ച് ഏഴിന് ടാബ് തരാമെന്ന് ദിലീപ് പറഞ്ഞിരുന്നു. ദിലീപിന്റെ ടാബ് അതീവ സംരക്ഷണയിലാണ്. അതിലെന്തോ ഉണ്ടെന്ന് ഉറപ്പുണ്ട്. അഭിഭാഷകരോട് നുണ പറഞ്ഞില്ലായിരുന്നെങ്കില്‍ ടാബ് കൈയ്യില്‍ കിട്ടിയേനെ. ദിലീപിന്റെ ടാബ് എത്തിയത് വിദേശത്ത് നിന്നാണ്. വിദേശത്തേക്ക് തന്നെ ഇപ്പോള്‍ തിരിച്ചയച്ചിരിക്കാം. വെള്ളിയാഴ്ച രാത്രിയിലെ ഫ്‌ളൈറ്റില്‍ ടാബ് എത്തുമെന്ന് എന്നോട് അന്ന് പറഞ്ഞിരുന്നു. ഒറ്റ ദിവസത്തെ വ്യത്യാസത്തിലാണ് ടാബ് നഷ്ടമായത്. എ.ഡി.ജി.പിയോട് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ കൈയില്‍ ഒട്ടേറെ തെളിവുകളുണ്ട്. ചാനലില്‍ വന്ന് സംസാരിക്കുന്നത് ജീവന് ഭീഷണിയുള്ളതിനാലാണ്.

രണ്ട് ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് ദിലീപിന്റെ ഫോണിലെ രേഖകള്‍ മായ്ച്ച് കളഞ്ഞത്, ഗൂഢാലോചനക്കേസിലെ തെളിവുകളേക്കാളുപരി നടിയെ ആക്രമിച്ച കേസിലെ തെളിവുകളാണ് ഐ ഫോണുകളില്‍ നിന്ന് മായ്ച്ച് കളഞ്ഞത്. കോടതി രേഖകളുള്‍പ്പെടെ ദിലീപിന്റെ ഫോണിലുണ്ടായിരുന്നു,’ സായ് ശങ്കര്‍ പറഞ്ഞു.

Content Highlights: Sai Sankar says dileep said to him that destroy tablet

We use cookies to give you the best possible experience. Learn more