2015ല്‍ നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് പ്രേമം. സായ് പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ നായികമാരായി എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു.
ശബരീഷ് വര്‍മ, കൃഷ്ണ ശങ്കര്‍, സിജു വില്‍സണ്‍, അനന്ത് നാഗ്, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍ തുടങ്ങിയ വന്‍ താരനിര ഒന്നിച്ച പ്രേമത്തില്‍ മികച്ച നിരവധി പാട്ടുകള്‍ ഉണ്ടായിരുന്നു. അതില്‍ ഇന്നും മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പാട്ടാണ് ‘മലരെ’.
താന്‍ ആദ്യമായി ഈ പാട്ട് കേട്ടതിനെ കുറിച്ച് പറയുകയാണ് സായ് പല്ലവി. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനൊപ്പം കാറില്‍ പോകുമ്പോഴാണ് ആദ്യമായി മലരെ എന്ന പാട്ട് കേട്ടതെന്നാണ് സായ് പറയുന്നത്. പേര്‍ളി മാണിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതുവരെ അഭിനയിച്ച സിനിമകളില്‍ ഏറ്റവും ഇഷ്ടമുള്ള പാട്ട് ഏതാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സായ് പല്ലവി.
‘മലരെ എന്ന പാട്ടാണ് എനിക്ക് കരിയറില്‍ ഏറ്റവും ഇഷ്ടമുള്ള പാട്ട്. അത് എന്റെ ഒരു ലൈഫ് ലോങ്ങ് ബി.ജി.എം പോലെയാണ് തോന്നിയിട്ടുള്ളത്. ഞാന്‍ ആദ്യമായി മലരെ എന്ന പാട്ട് കേട്ടത് ഇന്നും എനിക്ക് ഓര്‍മയുണ്ട്. അല്‍ഫോണ്‍സിനൊപ്പം ഞാനും അമ്മയും കാറില്‍ പോകുമ്പോഴാണ് ആദ്യമായി കേള്‍ക്കുന്നത്.
അന്ന് കാറില്‍ പാട്ട് വെറുതെ പ്ലേ ചെയ്യുകയായിരുന്നു. പ്രേമത്തില്‍ ഞാന്‍ ഉള്‍പ്പെടെ മൂന്ന് നായികമാരാണ് ഉണ്ടായിരുന്നത്. അന്ന് മലരെ എന്ന വാക്ക് ആദ്യം വന്നിരുന്നില്ല. ‘തെളിമാനം മഴവില്ലിന്‍’ എന്നു തുടങ്ങിയാണ് ആ പാട്ട് പ്ലേ ആയത്.
അത് കേട്ടപ്പോള്‍ ഞാന്‍ ആദ്യം ചിന്തിച്ചത് ‘ഇത് നല്ല പാട്ടാണല്ലോ. ഈ പാട്ട് എന്റെ കഥാപാത്രത്തിന് കിട്ടിയിരുന്നെങ്കിലോ’ എന്നായിരുന്നു. ആ സമയത്താണ് പെട്ടെന്ന് മലരെ എന്ന വരി വന്നത്. ആ സമയത്ത് എനിക്കുള്ള പാട്ടാണെന്ന് മനസിലായി. എനിക്കുള്ള പാട്ടാണെന്ന് അറിയുന്നതിന് മുമ്പ് തന്നെ ആ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു.
ഇനി ആ പാട്ട് എനിക്ക് തന്നില്ലെങ്കില്‍ പോലും അതിനോട് എനിക്കൊരു പ്രത്യേക ഇഷ്ടമുണ്ടാകുമായിരുന്നു. ഞാന്‍ കേട്ട വേര്‍ഷന്‍ പാടിയത് ശബരീഷ് ആയിരുന്നു. പക്ഷെ സിനിമയില്‍ വിജയ് ആണ് പാടിയിരിക്കുന്നത്. ശബരീഷിന്റെ വേര്‍ഷന്‍ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. വിജയ് പാടിയതും വളരെ നല്ലതായിരുന്നു,’ സായ് പല്ലവി പറയുന്നു.
Content Highlight: Sai Pallavi Talks About Malare Song And Shabareesh Varma