| Monday, 4th November 2024, 1:06 pm

പ്രേമത്തിലെ ആ പാട്ട് കേട്ടപ്പോള്‍ അതെന്റെ കഥാപാത്രത്തിന് കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു: സായ് പല്ലവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് സായ് പല്ലവി. പ്രേമം എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാന്‍ നടിക്ക് സാധിച്ചിരുന്നു. മലയാളത്തില്‍ പ്രേമം, കലി, അതിരന്‍ തുടങ്ങി മൂന്ന് സിനിമകള്‍ മാത്രമാണ് ചെയ്തതെങ്കില്‍ പോലും മലയാളികള്‍ സായ് പല്ലവിയുടെ സിനിമകളുടെ ആരാധകരാണ്.

2015ല്‍ നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു പ്രേമം. ഈ സിനിമയില്‍ സായ് പല്ലവി മലര്‍ മിസ് എന്ന കഥാപാത്രമായിട്ടായിരുന്നു എത്തിയത്. പ്രേമത്തില്‍ സായ്ക്ക് പുറമെ അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരും നായികമാരായി എത്തിയിരുന്നു.

പ്രേമത്തില്‍ മലയാളികള്‍ക്ക് ഇന്നും ഏറെ ഇഷ്ടപ്പെട്ട ഒരു പാട്ടാണ് ‘മലരെ’. ഈ പാട്ടിനെ കുറിച്ച് പറയുകയാണ് സായ് പല്ലവി. തന്റെ ഏറ്റവും പുതിയ ചിത്രമായ അമരന്റെ ഭാഗമായി പേര്‍ളി മാണിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘അല്‍ഫോണ്‍സിനൊപ്പം ഞാനും അമ്മയും കാറില്‍ പോകുമ്പോഴാണ് ആദ്യമായി ഞാന്‍ മലരെ എന്ന പാട്ട് കേള്‍ക്കുന്നത്. അന്ന് കാറില്‍ പാട്ട് വെറുതെ പ്ലേ ചെയ്യുകയായിരുന്നു. പ്രേമത്തില്‍ ഞാന്‍ ഉള്‍പ്പെടെ മൂന്ന് നായികമാരാണ് ഉണ്ടായിരുന്നത്.

അന്ന് മലരെ എന്ന വാക്ക് ആദ്യം വന്നിരുന്നില്ല. ‘തെളിമാനം മഴവില്ലിന്‍’ എന്നു തുടങ്ങിയാണ് ആ പാട്ട് പ്ലേ ആയത്. അത് കേട്ടപ്പോള്‍ ഞാന്‍ ആദ്യം ചിന്തിച്ചത് ‘ഇത് നല്ല പാട്ടാണല്ലോ. ഈ പാട്ട് എന്റെ കഥാപാത്രത്തിന് കിട്ടിയിരുന്നെങ്കിലോ’ എന്നായിരുന്നു.

ആ സമയത്താണ് പെട്ടെന്ന് പാട്ടില്‍ മലരെ എന്ന വരി വന്നത്. എനിക്കുള്ള പാട്ടാണെന്ന് അപ്പോഴാണ് മനസിലായത്. എനിക്കുള്ള പാട്ടാണെന്ന് അറിയുന്നതിന് മുമ്പ് തന്നെ ആ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ഇനി ആ പാട്ട് എന്റെ കഥാപാത്രത്തിന് തന്നില്ലെങ്കില്‍ പോലും അതിനോട് എനിക്കൊരു പ്രത്യേക ഇഷ്ടമുണ്ടാകുമായിരുന്നു,’ സായ് പല്ലവി പറയുന്നു.


Content Highlight: Sai Pallavi Talks About Hearing The Song ‘Malare’ For The First Time

We use cookies to give you the best possible experience. Learn more