മലയാളി എന്ന് വിളിച്ചതിന് ഞാന്‍ ദേഷ്യപെട്ടെന്ന് വാര്‍ത്ത; എന്നാല്‍ സത്യം മറ്റൊന്ന്: സായ് പല്ലവി
Entertainment
മലയാളി എന്ന് വിളിച്ചതിന് ഞാന്‍ ദേഷ്യപെട്ടെന്ന് വാര്‍ത്ത; എന്നാല്‍ സത്യം മറ്റൊന്ന്: സായ് പല്ലവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th November 2024, 3:17 pm

തനിക്കെതിരെ വന്ന വ്യാജ വാര്‍ത്തയെ കുറിച്ച് സംസാരിക്കുകയാണ് സായ് പല്ലവി. നാല് വര്‍ഷം മുമ്പ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നില്‍കുമ്പോള്‍ അവര്‍ ചോദിച്ച ചോദ്യത്തിന് താന്‍ മലയാളിയല്ല തമിഴ് നാട്ടില്‍ നിന്നാണ് എന്ന് പറഞ്ഞിരുന്നെന്ന് സായ് പറയുന്നു.

അതിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞ് മലയാളിയെന്ന് വിളിച്ചതിന് റിപ്പോര്‍ട്ടറിനോട് സായ് പല്ലവി ചൂടായി എന്ന് പറഞ്ഞ് വാര്‍ത്ത വന്നെന്നും അത് തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്ന് തനിക്ക് വളരെ സ്‌നേഹം കിട്ടുന്നുണ്ടെന്നും പ്രേമമാണ് ഇന്ന് കാണുന്ന തന്നെ ആക്കിയതെന്നും അങ്ങനെയുള്ള താന്‍ ഒരിക്കലും അത്തരത്തില്‍ പറയില്ലെന്നും സായ് പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സായ് പല്ലവി.

‘മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നില്‍ക്കുകയായിരുന്നു. അവിടെയുള്ള ആളുകള്‍ വീഡിയോ ഒന്നും ഓണ്‍ ആക്കിയിരുന്നില്ല. ചുമ്മാ അവര്‍ ഓരോ ചോദ്യം ചോദിക്കും നമ്മള്‍ അതിന് ഉത്തരം പറയും, അങ്ങനെ ഒന്ന്. അവരെന്നോട് ചോദിച്ചു എങ്ങനെയാണ് എല്ലാ മലയാള അഭിനേതാക്കളും വളരെ മനോഹരമായി തെലുങ്ക് സംസാരിക്കുന്നത് എന്ന്. ഞാന്‍ പറഞ്ഞു, ഞാന്‍ മലയാളിയല്ല, തമിഴ് നാട്ടില്‍ നിന്നാണ് വരുന്നതെന്ന്.

അത് കഴിഞ്ഞ് ഒന്നോ രണ്ടോ വര്‍ഷത്തിന് ശേഷം ഒരു പത്രത്തിന്റെ തലക്കെട്ടില്‍ ‘മലയാളി എന്ന് വിളിച്ചതിന് സായ് പല്ലവി റിപ്പോര്‍ട്ടറിനോട് ചൂടായി’ എന്ന് അച്ചടിച്ച് വന്നു. അതെന്നെ വല്ലാതെ വിഷമിപ്പിച്ചു. ഞാന്‍ അവരോട് ആകെ പറഞ്ഞത് ആ നാട്ടില്‍ നിന്നല്ല ഞാന്‍ തമിഴ് നാട്ടില്‍ നിന്നാണ് എന്നാണ്.

അതിന് ശേഷം ഒരിക്കല്‍ എയര്‍ പോര്‍ട്ടില്‍ വെച്ച് എന്നോട് ഒരു സ്ത്രീ വന്ന് മലയാളത്തില്‍ സംസാരിച്ചു. സംസാരിച്ച് കഴിഞ്ഞ് അവര്‍ ‘അയ്യോ സോറി മലയാളത്തില്‍ സംസാരിച്ചാല്‍ നിങ്ങള്‍ക്ക് ദേഷ്യം വരില്ലേ’ എന്ന് പറഞ്ഞു. എനിക്ക് അത് കേട്ടപ്പോള്‍ വളരെ ഹേര്‍ട്ടായി.

ഞാന്‍ അതല്ല, അങ്ങനെയല്ല എന്നൊക്കെ പറഞ്ഞു നോക്കി. പക്ഷെ എത്രയാണെന്ന് വെച്ചാണ് ഞാന്‍ എല്ലാവരോടും വിവരിക്കാന്‍ നില്‍ക്കുന്നത്.അപ്പോഴേക്കും ആ വാര്‍ത്ത എല്ലാവരും കേട്ടിരുന്നു. കേരളത്തില്‍ നിന്ന് എനിക്ക് എത്രമാത്രം സ്‌നേഹമാണ് കിട്ടിയിരിക്കുന്നത്. പ്രേമം എന്ന സിനിമയാണ് ഇന്ന് കാണുന്ന എന്നെ ആക്കി മാറ്റിയത്. ഞാന്‍ ഒരിക്കലും അങ്ങനെ പറയില്ല,’ സായ് പല്ലവി പറയുന്നു.

Content Highlight: Sai Pallavi Talks About An Incident That Hurt Her The Most