| Tuesday, 8th October 2024, 10:51 am

നടിയെന്ന നിലയില്‍ ആ കഥാപാത്രം എന്റെ ഭാഗ്യം; ഈ സിനിമ എനിക്കൊരു പാഠം മാത്രമല്ല: സായി പല്ലവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സായി പല്ലവി. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന അമരനാണ് സായി നായികയാകുന്ന ഏറ്റവും പുതിയ ചിത്രം. മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിതമാണ് സിനിമയില്‍ പ്രമേയമാകുന്നത്.

സായി പല്ലവിക്കൊപ്പം ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം കമല്‍ ഹാസന്റെ രാജ് കമലിന്റെ ബാനറിലാണ്. ശിവകാര്‍ത്തികേയന്‍ മേജര്‍ മുകുന്ദ് വരദരാജായി എത്തുമ്പോള്‍ പങ്കാളിയായ ഇന്ദു റെബേക്ക വര്‍ഗീസ് ആയിട്ടാണ് സായി പല്ലവി എത്തുന്നത്.

റിയലായ ഒരാളെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ സാധിച്ചതിനെ കുറിച്ച് പറയുകയാണ് സായി പല്ലവി. ഒരു അഭിനേതാവെന്ന നിലയില്‍ ഇന്ദുവിന്റെ കഥാപാത്രം ചെയ്യാന്‍ സാധിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നാണ് സായി പല്ലവി പറയുന്നത്.

‘ഞാന്‍ ഒരിക്കലും നരേഷന്‍ ചോദിക്കാറില്ല. ഞാന്‍ എപ്പോഴും സ്‌ക്രിപ്റ്റ് മാത്രമാണ് ആവശ്യപ്പെടാറുള്ളത്. സ്‌ക്രിപ്റ്റ് വായിക്കുക മാത്രമാണ് ചെയ്യാറുള്ളത്. എന്നാല്‍ ഈ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ എനിക്ക് ആദ്യം ചില സംശയങ്ങള്‍ തോന്നി.

നമ്മള്‍ വലിയ ഹീറോയുടെ കൂടെ അഭിനയിക്കുമ്പോള്‍ അതൊരു കൊമേഷ്യല്‍ സബ്‌ജെക്റ്റാണെങ്കില്‍ എന്തായാലും ചില സംശയങ്ങളുണ്ടാകും. ഒരു സിനിമയില്‍ വളരെയധികം കണ്ടന്റുകളുണ്ടാകും. അതില്‍ നിന്ന് ചിലപ്പോള്‍ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമാകും നമ്മള്‍ ആദ്യം മനസിലാക്കുക. ബാക്കി പിന്നീട് മനസിലാക്കാമെന്ന് കരുതാറാണ് പതിവ്.

പക്ഷെ ഇവിടെ ഞാന്‍ രാജ്കുമാര്‍ സാറിനോട് വളരെ ഓപ്പണായി തന്നെ കാര്യങ്ങള്‍ ചോദിച്ചു. ‘ഇന്ദുവിന് വേണ്ടി ഞാന്‍ എങ്ങനെയാണ് ഈ കഥാപാത്രം ചെയ്യേണ്ടത്’ എന്നായിരുന്നു അദ്ദേഹത്തോട് ചോദിച്ചത്. ആ സമയത്ത് രാജ്കുമാര്‍ സാര്‍ കഥ എനിക്ക് കൃത്യമായി വിവരിച്ചു തന്നു.

അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസിലായത്, ഒരു അഭിനേതാവ് എന്ന നിലയില്‍ ആ കഥാപാത്രം ചെയ്യാന്‍ ഞാന്‍ ഏറെ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. ഈ സിനിമ എനിക്ക് ഒരു പാഠം മാത്രമല്ല. എങ്ങനെ ഒരു സ്‌ക്രിപ്റ്റിനെ അപ്രോച്ച് ചെയ്യണമെന്ന് മനസിലാക്കി തരിക കൂടെ ചെയ്തിട്ടുണ്ട്.

ഈ സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് ചോദ്യങ്ങളുണ്ടാകും. ‘എന്തിനാണ് ഇന്ദു അങ്ങനെ ചെയ്തത്, ഇന്ദു ആ സമയത്ത് എന്താണ് ചിന്തിച്ചത്’ എന്നൊക്കെയുള്ള ചോദ്യങ്ങളാകും പ്രേക്ഷകര്‍ക്ക് ഉണ്ടാകുക. ആ സംശയങ്ങള്‍ തന്നെയായിരുന്നു എനിക്കും ഇന്ദുവിനെ നേരിട്ട് കണ്ടപ്പോള്‍ ചോദിക്കാന്‍ ഉണ്ടായിരുന്നത്. അതുകൊണ്ടാകാം ആളുകള്‍ ഇന്ദുവിനെ കുറിച്ച് ചോദിക്കുമ്പോള്‍ എനിക്ക് എളുപ്പത്തില്‍മറുപടി പറയാന്‍ സാധിക്കുന്നത്,’ സായി പല്ലവി പറയുന്നു.


Content Highlight: Sai Pallavi Talks About Amaran Movie And Her Character

We use cookies to give you the best possible experience. Learn more