| Wednesday, 29th September 2021, 4:28 pm

മറ്റൊരാളെ അവഹേളിക്കാത്ത രീതിയില്‍ നോ പറയുന്നത് ബുദ്ധിമുട്ടാണ്; വേഷം നിരസിക്കുന്നതിനര്‍ത്ഥം സിനിമ നല്ലതല്ലെന്നല്ല: സായ് പല്ലവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പരമ്പരാഗത നായികാ സങ്കല്‍പങ്ങളെ പിഴുതെറിഞ്ഞ് കൊണ്ട് തെന്നിന്ത്യയില്‍ ചുരുങ്ങിയ സമയം കൊണ്ട് താരമായി മാറിയ നടിയാണ് സായ് പല്ലവി. മലയാളത്തിലൂടെ സിനിമയില്‍ അരങ്ങേറി പിന്നീട് തമിഴിലും തെലുങ്കിലും ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു.

ഇപ്പോള്‍ വമ്പന്‍ പ്രൊജക്ടുകളോടും വലിയ താരങ്ങള്‍ അഭിനയിക്കുന്ന സിനിമകളോടും ‘നോ’ പറയുന്നതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സായ് പല്ലവി. ദ ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

ആര്‍ക്കും വിഷമമുണ്ടാക്കാതെ, അവഹേളിക്കാത്ത രീതിയില്‍ ഓഫര്‍ നിരസിക്കുക എന്നത് ബുദ്ധിമുട്ടേറിയതും പേടിപ്പെടുത്തുന്നതുമായ കാര്യമാണെന്നാണ് താരം പറഞ്ഞത്. വേഷം നിരസിക്കുന്നത് സിനിമ മോശമായത് കൊണ്ടല്ല എന്നും സായ് പല്ലവി പറഞ്ഞു.

”ഞാന്‍ എന്നെത്തന്നെ ആ ക്യാരക്ടറില്‍ കാണാത്തത് കൊണ്ടാണ് ഓഫര്‍ നിരസിക്കുന്നത്. അല്ലാതെ സിനിമ മോശമായത് കൊണ്ടല്ല. എന്റെ അഭിപ്രായം പറയുന്നതില്‍ ഞാന്‍ എപ്പോഴും സത്യസന്ധമായിരിക്കും. ഇത് നല്ല സിനിമയാണെന്നും എന്നാല്‍ ഞാന്‍ ഈ വേഷം ചെയ്താല്‍ നന്നാവില്ലെന്നും അവരോട് തുറന്ന് പറയും,” സായ് പല്ലവി പറയുന്നു.

ഞാന്‍ തുറന്ന് സംസാരിക്കുന്നത് കൊണ്ടുതന്നെ കേള്‍ക്കുന്നവര്‍ അത് മനസിലാക്കാറുണ്ട്. മറ്റൊരു സ്‌ക്രിപ്റ്റുമായി വീണ്ടും വരാം എന്ന് അവര്‍ പറയും. ബുദ്ധിമുട്ടേറിയതാണെങ്കിലും ആളുകള്‍ എന്റെ തീരുമാനത്തെ ഉള്‍ക്കൊള്ളുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

നേരത്തേ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി നായകനായ ‘ഭോലാ ശങ്കറി’ലെ റോള്‍ സായ് പല്ലവി നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു. തനിക്ക് റീമേക്ക് സിനിമകളില്‍ അഭിനയിക്കുന്നതില്‍ പേടിയുണ്ടെന്നും അതുകൊണ്ടാണ് ഓഫര്‍ നിരസിച്ചതെന്നുമായിരുന്നു സായ് പല്ലവി പറഞ്ഞത്.

മലയാളത്തില്‍ പ്രേമം, കലി, അതിരന്‍ എന്നീ ചിത്രങ്ങളിലാണ് സായ് പല്ലവി അഭിനയിച്ചിട്ടുള്ളത്. നാഗചൈതന്യയെ നായകനാക്കി ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ‘ലവ് സ്റ്റോറി’യാണ് താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Sai Pallavi talking about saying No to big offers

We use cookies to give you the best possible experience. Learn more