അഭിനയത്തോട് വളരെയധികം ഇഷ്ടമുണ്ടെങ്കിലും ഷൂട്ടില്‍ നിന്നും അവധി വേണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്ന് സായ് പല്ലവി. ശ്യാം സിംഗാ റോയിയുടെ സെറ്റില്‍ വെച്ച് ഉറക്കം കിട്ടാതായപ്പോള്‍ താന്‍ കരഞ്ഞുവെന്നും ഒടുവില്‍ അനിയത്തി നിര്‍മാതാവിനോട് പോയി പറഞ്ഞാണ് അതിന് പരിഹാരം കണ്ടതെന്നും ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സായ് പല്ലവി പറഞ്ഞു.
‘ചില സമയത്ത് ഷൂട്ടിന് പോകേണ്ടെന്നും വെറുതേ കിടന്ന് യൂട്യൂബ് വീഡിയോ കാണണമെന്നും തോന്നിയിട്ടുണ്ട്. ശ്യാം സിംഗാ റോയിയുടെ ഷൂട്ടിന്റെ സമയത്ത് അങ്ങനെ തോന്നിയിരുന്നു. നൈറ്റ് ഷൂട്ട് വന്നു. എനിക്ക് നൈറ്റ് ഷൂട്ട് ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. കാരണം ഞാന്‍ പകല്‍ സമയത്ത് ഉറങ്ങാറില്ല. രാത്രിയും പകലും ഉറങ്ങാതിരിക്കുകയാണ്. 30 ദിവസത്തോളം അങ്ങനെയാണ് ഷൂട്ട്.
ഗാര്‍ഗിയും ലൗ സ്‌റ്റോറിയും അപ്പോള്‍ തന്നെ ഷൂട്ട് ചെയ്യുന്നുണ്ട്. ഒടുവില്‍ ഞാന്‍ കരയാന്‍ തുടങ്ങി. എനിക്ക് അഭിനയം അത്രയേറെ ഇഷ്ടമാണ്. എന്നാല്‍ ഒരു ഓഫ് വേണമെന്ന അവസ്ഥയിലേക്ക് എത്തി. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല.
എന്നാല്‍ എന്റെ അനിയത്തി പോയി നിര്‍മാതാവിനോട് സംസാരിച്ചു. അവള്‍ കരയുകയാണ്, ഒരു ദിവസം അവധി വേണമെന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ അവര്‍ക്ക് വളരെ സങ്കടം തോന്നി. അവര്‍ക്കെല്ലാം എന്നെ വളരെ ഇഷ്ടമാണ്. ഞാന്‍ ചൈല്‍ഡിഷ് ആയി പെരുമാറും. അതുകൊണ്ട് എനിക്കൊരു കുഴപ്പവുമില്ല എന്നാണ് അവരെല്ലാം വിചാരിക്കുന്നത്.
സങ്കടമുണ്ടെങ്കിലും അത് മറച്ചു വെക്കാന്‍ എനിക്ക് നന്നായി അറിയാം. ബുദ്ധിമുട്ടുണ്ടെങ്കിലും പുറത്ത് ചിരിച്ച് കൊണ്ട് നില്‍ക്കും. എന്നാല്‍ എന്റെ ബുദ്ധിമുട്ട് അറിഞ്ഞപ്പോള്‍ 10 ദിവസം അവധിയെടുത്തോളാന്‍ പറഞ്ഞു. മൂന്ന് ദിവസം ഷൂട്ട് ചെയ്യാം. അതിന് ശേഷം സായിക്ക് അവധി കൊടുക്കാമെന്ന് നിര്‍മാതാവ് പറഞ്ഞു,’ സായ് പല്ലവി കൂട്ടിച്ചേര്‍ത്തു.
Content Highlight: Sai pallavi talk about the difficulties she faced during shoot