| Wednesday, 14th June 2023, 10:48 am

മലയാളിയെന്ന് വിളിച്ചതിന് സായ് പല്ലവി ചൂടായി എന്നായിരുന്നു വാര്‍ത്ത, അതിന് ശേഷം കണ്ട ഒരു മലയാളി എന്നോട് പറഞ്ഞത് കേട്ട് ഷോക്കായി: സായ് പല്ലവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂപ്പര്‍ ഹിറ്റ് മലയാളം ചിത്രം പ്രേമത്തിലൂടെ ഇന്‍ഡസ്ട്രിയിലെത്തിയ താരമാണ് സായ് പല്ലവി. പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയാകെ താരം ആരാധകരെ സൃഷ്ടിച്ചു.

മലയാളിയാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ തെറ്റിദ്ധാരണ മൂലം വന്ന തെറ്റായ വാര്‍ത്തയെ പറ്റി സംസാരിക്കുകയാണ് സായ് പല്ലവി. മലയാളി ആണെന്ന തരത്തില്‍ പ്രസ് മീറ്റില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ താന്‍ തമിഴ്‌നാട്ടുകാരിയാണെന്ന് പറഞ്ഞുവെന്നും എന്നാല്‍ പിന്നീട് വന്ന വാര്‍ത്ത മറ്റൊരു തരത്തിലായിരുന്നു എന്നും സായ് പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പഴയ സംഭവം സായ് പല്ലവി ഓര്‍ത്തെടുത്തത്.

‘മൂന്നാല് വര്‍ഷം മുമ്പ് ഞാന്‍ ഒരു പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു. വീഡിയോ ഓണാക്കാതെ ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. മലയാളി താരങ്ങള്‍ എങ്ങനെയാണ് ഇത്ര ഫ്‌ളുവന്റായി തെലുങ്ക് സംസാരിക്കുന്നത് എന്നായിരുന്നു എന്നോട് ചോദിച്ചത്. ഞാന്‍ മലയാളിയല്ല, തമിഴ്‌നാട്ടുകാരിയാണ് എന്ന് പറഞ്ഞു.

ഒന്നുരണ്ട് വര്‍ഷത്തിന് ശേഷം ഒരു വാര്‍ത്ത വന്നു. മലയാളി എന്ന് വിളിച്ചതിന് സായ് പല്ലവി റിപ്പോര്‍ട്ടറോട് ചൂടായി എന്നാണ് വന്ന വാര്‍ത്ത. അത് പെട്ടെന്ന് വൈറലായി. എന്നെ അത് വളരെയധികം വേദനിപ്പിച്ചു.

അതിന് ശേഷം ഒരു സ്ത്രീയെ എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടിരുന്നു. അവര്‍ എന്നോട് മലയാളത്തിലാണ് സംസാരിച്ചത്. അയ്യോ സോറി, മലയാളത്തില്‍ സംസാരിക്കുന്നത് നിങ്ങള്‍ക്ക് ദേഷ്യമാണെന്ന് എനിക്കറിയാം എന്ന് അവര്‍ പറഞ്ഞു. ഞാന്‍ ഷോക്കായി. ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് അവരോട് പറഞ്ഞു.

എനിക്ക് എത്രത്തോളം അവരെ പറഞ്ഞ് മനസിലാക്കാന്‍ പറ്റും. കേരളത്തില്‍ നിന്നും എത്രത്തോളം സ്‌നേഹം ലഭിച്ചു എന്ന് എനിക്കറിയാം. പ്രേമം എന്ന സിനിമ മൂലമാണ് എനിക്ക് അത് ലഭിച്ചത്,’ സായ് പല്ലവി പറഞ്ഞു.

Content Highlight: Sai Pallavi speaks about the misconception that she is a Malayali

Latest Stories

We use cookies to give you the best possible experience. Learn more