സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് സായ് പല്ലവി. റിയാലിറ്റി ഷോയിലൂടെയാണ് സായ് പല്ലവി സിനിമയിലേക്കെത്തുന്നത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമമാണ് സായ്‌യുടെ ആദ്യ ചിത്രം. ചിത്രത്തിലെ മലര്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. മലളത്തില്‍ അരങ്ങേറിയ സായ് പല്ലവി തെലുങ്ക്, തമിഴ് ചിത്രങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. ആദ്യ ചിത്രമായ പ്രേമത്തില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സായ് പല്ലവി.
ചിത്രത്തിലേക്ക് അല്‍ഫോണ്‍സ് തന്നെ വിളിച്ചപ്പോള്‍ താന്‍ ആദ്യം സമ്മിതിച്ചില്ലെന്നും ഒരുപാട് നിര്‍ബന്ധിച്ച ശേഷമാണ് സമ്മതിച്ചെന്നും തുടങ്ങിയ ഒരുപാട് കഥകള്‍ കേള്‍ക്കാറുണ്ടെന്നും അതൊന്നും സത്യമല്ലെന്നും സായ് പല്ലവി പറഞ്ഞു. താന്‍ മെഡിസിന് പഠിക്കുമ്പോഴാണ് അല്‍ഫോണ്‍സ് തന്നെ വിളിച്ചതെന്നും അന്ന് അതൊരു സ്‌കാം കോള്‍ ആണെന്ന് വിചാരിച്ചെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു. പിന്നീട് നേരത്തിന്റെ സംവിധായകനാണെന്ന് പറഞ്ഞപ്പോള്‍ വിശ്വാസമായെന്നും സായ് പല്ലവി പറഞ്ഞു.
കോസ്റ്റിയൂമിന്റെ കാര്യത്തിലും ഇന്റിമേറ്റ് സീനുകളുടെ കാര്യത്തിലും കുറച്ച് കണ്ടീഷനുകള്‍ വെച്ചിട്ടാണ് പ്രേമത്തില്‍ അഭിനയിച്ചതെന്ന് സായ് പല്ലവി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വീട്ടുകാര്‍ കുറച്ച് യാഥാസ്ഥിതികര്‍ ആയിരുന്നെന്നും റിയാലിറ്റി ഷോയില്‍ പോയ സമയത്ത് തന്നെ കുടുംബത്തില്‍ നിന്ന് എതിര്‍പ്പുകള്‍ വന്നിരുന്നെന്നും സായ് പല്ലവി പറഞ്ഞു. ആണ്‍കുട്ടികളുടെ കൂടെ ഡാന്‍സ് ചെയ്താല്‍ എങ്ങനെ ഭാവിയില്‍ കല്യാണം നടക്കുമെന്ന് പലരും ചോദിച്ചിട്ടുണ്ടായിരുന്നെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു.
‘പ്രേമത്തില്‍ ആദ്യം ഞാന്‍ അഭിനയിക്കില്ലന്ന് പറഞ്ഞെന്നും അല്‍ഫോണ്‍സ് ഒരുപാട് നിര്‍ബന്ധിച്ചെന്നുമൊക്കെ ഒരുപാട് കഥകള്‍ കേള്‍ക്കുന്നുണ്ട്. അതൊന്നും സത്യമല്ല. അല്‍ഫോണ്‍സ് വിളിച്ചപ്പോള്‍ ആദ്യം വിശ്വാസം വന്നില്ല. മെഡിസിന് പഠിക്കുന്ന ഒരാളെ എന്തിനാ സിനിമയില്‍ വിളിക്കുന്നത്, സ്‌കാം കോള്‍ വല്ലതുമാണോ എന്നൊക്കെ ആദ്യം ചിന്തിച്ചു. ‘ഞാന്‍ നേരം എന്ന സിനിമ ചെയ്തിട്ടുണ്ട്, നിങ്ങള്‍ പോയി നെറ്റില്‍ സെര്‍ച്ച് ചെയ്യൂ’ എന്ന് അല്‍ഫോണ്‍സ് പറഞ്ഞപ്പോള്‍ വിശ്വാസമായി.
അപ്പോഴും കുറച്ച് കണ്ടീഷനുകള്‍ വെച്ചിരുന്നു. കോസ്റ്റിയൂംസ് എങ്ങനെയാണ്, ഇന്റിമേറ്റ് സീനുകള്‍ എന്നിവയുടെ കാര്യത്തിലൊക്കെ സംസാരിച്ചിരുന്നു. പക്ഷേ എന്റെ ഫാമിലി കുറച്ച് യാഥാസ്ഥിതികര്‍ ആയിരുന്നു. റിയാലിറ്റി ഷോയില്‍ പങ്കെടുത്തപ്പോള്‍ തന്നെ ഫാമിലിയിലുള്ളവര്‍ പറയുമായിരുന്നു. ‘ആണുങ്ങളുടെ കൂടെയാണ് ഡാന്‍സ് ചെയ്യുന്നത്, ഭാവിയില്‍ കല്യാണത്തിന് പ്രശ്‌നമാകും എന്നൊക്കെയാണ് പറഞ്ഞത്,’ സായ് പല്ലവി പറയുന്നു.
Content Highlight: Sai Pallavi shares the shooting experience of Premam