| Tuesday, 22nd December 2020, 9:10 am

കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ആ പാട്ട് കാണിച്ചു കൊടുത്താണെന്ന് അമ്മമാര്‍ പറഞ്ഞു; പിന്നെന്തുവേണമെന്ന് സായ്പല്ലവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സായ്പല്ലവി. പ്രേമം എന്ന സിനിമയിലെ സായ്പല്ലവിയുടെ കഥാപാത്രമായ മലരിനെ ഇന്നും പല മലയാളികളും നെഞ്ചേറ്റുന്നു. ഇപ്പോഴിതാ പാവ കഥൈകള്‍ എന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രത്തില്‍ സായ്പല്ലവിയുടെ കഥാപാത്രം കൈയ്യടി നേടിക്കൊണ്ടിരിക്കുകയാണ്.

പാവ കഥൈകളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു അഭിമുഖത്തില്‍ തന്റെ പഴയ സിനിമാ വിശേഷങ്ങളും പങ്കുവെയ്ക്കുകയാണ് സായ്പല്ലവി. റൗഡി ബേബി എന്ന പാട്ട് തനിക്ക് നേടിത്തന്ന സ്വീകാര്യതയെക്കുറിച്ചാണ് സിനിമാ വികതന്‍ എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സായ്പല്ലവി പറഞ്ഞത്.

ആ പാട്ട് കാണിച്ചുകൊടുത്താണ് കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാറുള്ളതെന്ന് ഒരുപാട് അമ്മമാര്‍ തന്നോട് പറഞ്ഞിരുന്നുവെന്നും അതില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്നും സായ്പല്ലവി പറഞ്ഞു.

ഈയിടെയാണ് മാരി 2 സിനിമയിലെ റൗഡി ബേബി യൂട്യൂബില്‍ നൂറുകോടി കാഴ്ചക്കാരെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്.
സ്വപ്ന നേട്ടത്തിന്റെ സന്തോഷം പങ്കുവെച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഗാനത്തിന്റെ നേട്ടത്തിനെ കുറിച്ച് ഒരു സ്പെഷ്യല്‍ പോസ്റ്റര്‍ ആയിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ചിത്രത്തിലെ നായകന്‍ ധനുഷ് ഗിറ്റാര്‍ പിടിച്ച് നില്‍ക്കുന്നതായിരുന്നു ചിത്രം. എന്നാല്‍ പോസ്റ്ററില്‍ സായ്പല്ലവിയെ ഉള്‍പ്പെടുത്തിയില്ലെന്നാരോപിച്ച് സിനിമാപ്രേമികള്‍ രംഗത്തെത്തുകയായിരുന്നു. 2019 ജനുവരി 1നാണ് റൗഡി ബേബി ഗാനം യൂട്യൂബില്‍ പുറത്തുവിടുന്നത്. ധനുഷിന്റെയും സായ് പല്ലവിയുടെയും ഡാന്‍സും ധനുഷും ദീയും ചേര്‍ന്ന് പാടിയ പാട്ടും ചേര്‍ന്നപ്പോള്‍ റൗഡി ബേബി സര്‍വ്വകാല ഹിറ്റ് ആവുകയായിരുന്നു.

ധനുഷ് തന്നെയാണ് ഗാനരചന, യുവന്‍ ശങ്കര്‍ രാജയായിരുന്നു സംഗീതം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sai Pallavi shares experience about rowdy baby song

We use cookies to give you the best possible experience. Learn more