| Wednesday, 15th June 2022, 12:27 pm

പശുവിന്റെ പേരില്‍ നടത്തുന്ന കൊലപാതകവും കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും തമ്മില്‍ എന്ത് വ്യത്യാസം: സായ് പല്ലവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് നടി സായ് പല്ലവി.

വിരാടപര്‍വ്വം എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. രാഷ്ട്രീയ നിലപാടിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് സായ് പല്ലവി ഇക്കാര്യം പറഞ്ഞത്.

‘ആശയപരമായി ഇടതോ വലതോ എന്ന് ചോദിച്ചാല്‍ അതില്‍ ഏതാണ് ശരിയെന്ന് അറിയില്ല, ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്ട്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ല. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. പശുവിന്റെ പേരില്‍ മുസ്ലിങ്ങളെ ചിലര്‍ കൊലപ്പെടുത്തിയതും ഇതേ ഇന്ത്യയിലാണ് ഇതുരണ്ടും തമ്മില്‍ യാതൊരു വ്യത്യാസവും ഞാന്‍ കാണുന്നില്ല.

മനുഷ്യനാകാനാണ് എന്നെ പഠിപ്പിച്ചത്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ സംരക്ഷിക്കപ്പെടണം. ആരാണ് ശരി, ആരാണ് തെറ്റ് എന്ന് എനിക്ക് അറിയില്ല. നിങ്ങള്‍ ഒരു നല്ല മനുഷ്യനാണെങ്കില്‍ ഒരു ഭാഗം മാത്രം ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നില്ലേ’ സായ് പല്ലവി പറയുന്നു.

സായ് പല്ലവിയുടെ അഭിപ്രായം പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂല അക്കൗണ്ടുകളില്‍ നിന്ന് ഇവര്‍ക്ക് എതിരെ വിദ്വേഷ പ്രചാരണം ശക്തമാണ്. റാണ ദഗ്ഗുബട്ടി നായകനാകുന്ന വിരാടപര്‍വ്വത്തില്‍ ‘വെന്നെല്ല’ എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്‌സലായിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ വേഷമിടുന്നത്. വേണു ഉഡുഗുളയുടെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നന്ദിത ദാസ്, നവീന്‍ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ജൂണ്‍ 17 ന് റിലീസ് ചെയ്യും.

Content Highlight : Sai Pallavi says that What is the difference between killing muslims beacause of cow and killing a Kashmiri Pandit

We use cookies to give you the best possible experience. Learn more