കേരളത്തില്‍ നിന്ന് വന്ന ആക്ടേഴ്‌സിലെല്ലാം ഞാന്‍ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്: സായ് പല്ലവി
Entertainment
കേരളത്തില്‍ നിന്ന് വന്ന ആക്ടേഴ്‌സിലെല്ലാം ഞാന്‍ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്: സായ് പല്ലവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd November 2024, 7:53 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് സായ് പല്ലവി. പ്രേമം എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാന്‍ നടിക്ക് എളുപ്പം സാധിച്ചിരുന്നു. മലയാളത്തില്‍ പ്രേമം, കലി, അതിരന്‍ തുടങ്ങി മൂന്ന് സിനിമകള്‍ മാത്രമാണ് ചെയ്തതെങ്കില്‍ പോലും മലയാളികള്‍ സായ് പല്ലവിയുടെ സിനിമകളുടെ ആരാധകരാണ്.

കേരളത്തില്‍ നിന്ന് വന്ന ആക്ടേഴ്‌സിന്റെ ശബ്ദം എപ്പോഴും വളരെ ഭംഗിയുള്ളതാകുമെന്നും അവരെല്ലാവരും വളരെ ഭംഗിയായി പാടുമെന്നും പറയുകയാണ് സായ് പല്ലവി. അത് താന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും നടി പറയുന്നു. പേര്‍ളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു സായ് പല്ലവി.

ഇതിന്റെ ഇടയില്‍ താന്‍ പാട്ടുപാടിയാല്‍ ആളുകള്‍ ടി.വി ഓഫ് ചെയ്ത് പോകുമെന്ന് പറയുന്ന നടി കേരളത്തിലെ എല്ലാവര്‍ക്കും നല്ല മ്യൂസിക് സെന്‍സുണ്ടെന്നും പറയുന്നു. തനിക്ക് ഡാന്‍സ് കളിക്കാന്‍ അറിയാമെങ്കിലും പാട്ട് പാടാന്‍ അറിയില്ലെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. കേരളത്തില്‍ നിന്ന് വന്ന ആക്ടേഴ്‌സ് ആണെങ്കില്‍ അവരുടെ ശബ്ദം എപ്പോഴും വളരെ ഭംഗിയുള്ളതാകും. അവരെല്ലാവരും വളരെ ഭംഗിയായി പാടുകയും ചെയ്യും. അതിന്റെ ഇടയില്‍ എന്റെ പാട്ട് കേട്ടാല്‍ കേരളത്തില്‍ ഉള്ളവരൊക്കെ ടി.വി ഓഫ് ചെയ്തിട്ട് പോകും.

കേരളത്തിലെ എല്ലാവര്‍ക്കും നല്ല മ്യൂസിക് സെന്‍സുണ്ട്. സായ് പല്ലവി പാടുന്നത് ആളുകള്‍ അധികം കേട്ടിട്ടില്ല. അതിന് ഒരു കാരണമുണ്ട്. സായ് പല്ലവി പാട്ട് പാടാറില്ല (ചിരി) എനിക്ക് ഡാന്‍സ് കളിക്കാന്‍ അറിയാം. പക്ഷെ പാട്ട് പാടാന്‍ അറിയില്ല,’ സായ് പല്ലവി പറഞ്ഞു.

കേരളത്തിലുള്ളവരെല്ലാം തന്റെ ഫിദ എന്ന സിനിമ കണ്ടവരാണെന്നും മലയാളികള്‍ ആ സിനിമ കണ്ടതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും നടി അഭിമുഖത്തില്‍ പറയുന്നു. ലവ് സ്റ്റോറി എന്ന സിനിമയിലെ ഡാന്‍സും മലയാളികള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമാണെന്നും സായ് കൂട്ടിച്ചേര്‍ത്തു.

‘കേരളത്തിലുള്ളവരെല്ലാം എന്റെ ഫിദ എന്ന സിനിമ കണ്ടവരാണ്. മലയാളികള്‍ ആ സിനിമ കണ്ടതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ലവ് സ്റ്റോറി എന്ന സിനിമയിലെ ഡാന്‍സും മലയാളികള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമാണ്. അതിന്റെ ക്രെഡിറ്റ് മുഴുവന്‍ സംവിധായകനാണ്.

ഫിദയും ലവ് സ്റ്റോറിയും സംവിധാനം ചെയ്തിരിക്കുന്നത് ഒരേ വ്യക്തിയാണ്. ശേഖര്‍ കമ്മുലയാണ് ആ സംവിധായകന്‍. പല്ലവിക്ക് ഇങ്ങനെയുള്ള കഴിവുകളുണ്ട്, അതുകൊണ്ട് അത് ഉപയോഗപ്പെടുത്തിയാല്‍ നന്നായിരിക്കും എന്ന് അദ്ദേഹത്തിന് വളരെ നന്നായി അറിയാം,’ സായ് പല്ലവി പറയുന്നു.


Content Highlight: Sai Pallavi Says That Every Actors In Kerala Have A Good Voice