അൽഫോൺസ് പുത്രൻ സിനിമാലോകത്തിന് പരിചയപ്പെടുത്തിയ നായികയാണ് സായ് പല്ലവി. മലയാളത്തിൽ അരങ്ങേറിയ സായ് പല്ലവി വളരെ പെട്ടെന്ന് തന്നെ സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിമാരിൽ ഒരാളായി മാറി. തമിഴിലും തെലുങ്കിലും മികച്ച സിനിമകളുടെ ഭാഗമാകാൻ സായ് പല്ലവിക്ക് സാധിച്ചു.
തനിക്കൊരു നാഷണൽ അവാർഡ് വേണമെന്ന് പറയുകയാണ് സായ് പല്ലവി. തന്റെ മുത്തശ്ശി വയ്യാതെ കിടന്നപ്പോൾ തനിക്കൊരു സാരി നൽകിയെന്നും കല്യാണത്തിന് അത് ഉടുക്കാൻ പറഞ്ഞെന്നും സായ് പല്ലവി പറയുന്നു. 21 വയസുള്ളപ്പോഴാണ് തനിക്കത് നൽകിയതെന്നും അന്ന് ജീവിതത്തിലെ ഏറ്റവും വലിയ അടുത്ത സ്റ്റെപ്പ് വിവാഹമാണെന്നാണ് കരുതിയതെന്നും നടി പറഞ്ഞു.
പ്രേമം എന്ന ആദ്യ സിനിമക്ക് ശേഷം ജീവിതത്തിൽ എന്തെങ്കിലും വലിയ അവാർഡ് നേടുമ്പോൾ ആ സാരി ഉടുക്കാമെന്ന് കരുതിയെന്നും അതിനുവേണ്ടിയാണ് നാഷണൽ അവാർഡ് കിട്ടാൻ ആഗ്രഹിക്കുന്നതെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സായ് പല്ലവി.
‘എനിക്ക് ഒരു നാഷണൽ അവാർഡ് വേണമെന്ന് ആഗ്രഹമുണ്ട്. കാരണം എനിക്ക് 21 വയസുള്ളപ്പോൾ എന്റെ മുത്തശ്ശി എനിക്കൊരു സാരി തന്നു. എന്നിട്ട് ഇത് നിന്റെ കല്യാണത്തിന് ഉടുക്കണം എന്ന് പറഞ്ഞു. മുത്തശ്ശി ഒരു ഓപ്പറേഷൻ എല്ലാം കഴിഞ്ഞ് വയ്യാതെ ഇരിക്കുന്ന സമയമായിരുന്നു അത്.
അപ്പോൾ ഞാൻ വിചാരിച്ചിരുന്നത് കല്യാണമാണ് അടുത്ത വലിയ സ്റ്റെപ് എന്നാണ്. ആ സമയത്ത് ഞാൻ എന്റെ ആദ്യത്തെ സിനിമയായ പ്രേമം ചെയ്തിരുന്നില്ല. പിന്നെ ഒരു 23 – 24 വയസൊക്കെ ആയപ്പോൾ ഞാൻ പ്രേമം ചെയ്തു. അപ്പോൾ ഞാൻ കരുതി എന്നെങ്കിലും ഒരു വലിയ അവാർഡ് നേടുകയാണെങ്കിൽ അതിന് മുത്തശ്ശി നൽകിയ സാരി ഉടുക്കാമെന്ന്.
നാഷണൽ അവാർഡാണല്ലോ ഇപ്പോൾ നമുക്കുള്ള വലിയ അവാർഡ്. അപ്പോൾ എന്നെ സംബദ്ധിച്ചിടത്തോളം നാഷണൽ അവാർഡ് ആ സാരിയുടെ കാര്യവുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ആ സാരി നാഷണൽ അവാർഡ് വാങ്ങുമ്പോൾ എന്നെങ്കിലും ഉടുക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്.
എന്നാലും ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വേദനകൾ കാണുന്നവർക്കും കൂടെ അനുഭവിക്കാൻ കഴിയുമ്പോൾ അവിടെയാണ് എന്റെ വിജയം എന്നാണ് ഞാൻ കരുതുന്നത്.
ഒരു അഭിനേതാവിന്റെ ലഭിക്കുന്ന വലിയൊരു റിവാർഡാണത്. അതിന് ശേഷം ലഭിക്കുന്നതെല്ലാം ഒരു ബോണസാണ്. അവാർഡാണോ ആളുകളുടെ സ്നേഹമാണോ വലുതെന്ന് ചോദിച്ചാൽ കുറച്ചുകൂടെ എനിക്ക് പ്രിയം ജനങ്ങളുടെ സ്നേഹമാണ്,’ സായ് പല്ലവി പറയുന്നു.
Content highlight: Sai pallavi says she want to win national award