| Monday, 28th October 2024, 7:56 am

ആളുകളെ വേദനിപ്പിക്കുമോയെന്ന ഭയം; എനിക്ക് മലയാളം സംസാരിക്കാന്‍ പേടിയാണ്: സായ് പല്ലവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സായ് പല്ലവി. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന അമരനാണ് സായ് നായികയാകുന്ന ഏറ്റവും പുതിയ ചിത്രം. മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിതമാണ് സിനിമയില്‍ പ്രമേയമാകുന്നത്.

തനിക്ക് മലയാളത്തില്‍ സംസാരിക്കാന്‍ വളരെയേറെ പേടിയാണെന്ന് പറയുകയാണ് സായ് പല്ലവി. അമരന്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഞായറാഴ്ച കൊച്ചി ഫോറം മാളില്‍ എത്തി സംസാരിക്കുകയായിരുന്നു നടി.

മലയാളം പെര്‍ഫക്ടായിട്ട് സംസാരിച്ചില്ലെങ്കില്‍ മറ്റുള്ളവരെ ഏതെങ്കിലും രീതിയില്‍ വേദനിപ്പിക്കുമോയെന്ന ഭയമാണെന്നും സായ് പറയുന്നു. അമരന്‍ സിനിമയിലെ തന്റെ കഥാപാത്രം തമിഴ് സംസാരിക്കുന്ന മലയാളി പെണ്‍കുട്ടിയാണെന്നും ആ കഥാപാത്രം പെര്‍ഫക്ടായി ചെയ്യാനായി 30 ദിവസം സമയമെടുത്തെന്നും നടി പറഞ്ഞു.

‘സുഖമാണോ? എനിക്ക് മലയാളത്തില്‍ സംസാരിക്കാന്‍ വളരെയേറെ പേടിയാണ്. എപ്പോഴും പെര്‍ഫക്ടായിട്ട് സംസാരിക്കണം. ഇല്ലെങ്കില്‍ എന്തെങ്കിലും രീതിയില്‍ ഹേര്‍ട്ട് ആകുമോയെന്നുള്ള ഭയമാണ് എപ്പോഴും. ഈ സിനിമയില്‍ മലയാളി പെണ്‍കുട്ടി തമിഴ് സംസാരിക്കുന്നുണ്ട്. ആ പ്രോസസിന് ഒരു 30 ദിവസമെടുത്തു.

പെര്‍ഫക്ടായി ചെയ്യണമെന്നുള്ളത് കൊണ്ടായിരുന്നു അത്. അതില്‍ എന്തെങ്കിലും മിസ്റ്റേക്കുകള്‍ വന്നിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക. നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. ഞായറാഴ്ച ആയിട്ടും ഇത്രയും ആളുകള്‍ നമ്മളെ കാണാന്‍ വന്നത് എനിക്ക് വിശ്വസിക്കാന്‍ ആവുന്നില്ല,’ സായ് പല്ലവി പറഞ്ഞു.

സായ് പല്ലവിക്കൊപ്പം ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന ചിത്രമാണ് അമരന്‍. സിനിമയുടെ നിര്‍മാണം കമല്‍ ഹാസന്റെ രാജ് കമലിന്റെ ബാനറിലാണ്. ശിവകാര്‍ത്തികേയന്‍ മേജര്‍ മുകുന്ദ് വരദരാജായി എത്തുമ്പോള്‍ പങ്കാളിയായ ഇന്ദു റെബേക്ക വര്‍ഗീസ് ആയിട്ടാണ് സായ് പല്ലവി എത്തുന്നത്.

Content Highlight: Sai Pallavi Says She Afraid To Speak Malayalam

We use cookies to give you the best possible experience. Learn more