അഭിനയം കൊണ്ടും തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ കൊണ്ടും എപ്പോഴും പ്രശംസിക്കപ്പെടുന്ന നടിയാണ് സായ് പല്ലവി. പല സൂപ്പര്‍ താര ചിത്രങ്ങളിലേക്കുമുള്ള ഓഫറുകള്‍ സായ് പല്ലവി വേണ്ടെന്ന് വെച്ചിട്ടുണ്ട്. താരം എടുത്ത തീരുമാനങ്ങള്‍ ശരിയാണെന്ന് പിന്നീട് തെളിഞ്ഞിട്ടുമുണ്ട്.
അതില്‍ ഏറ്റവും പുതിയതാണ് ചിരഞ്ജീവി നായകനായ ഭോല ശങ്കര്‍. ചിത്രത്തില്‍ ചിരഞ്ജീവിയുടെ പെങ്ങളായി അഭിനയിക്കാനുള്ള അവസരം താരം വേണ്ടെന്ന് വെച്ചിരുന്നു. സായ് പല്ലവി ഈ ഓഫര്‍ നിരസിച്ചതിനെ പറ്റി പിന്നീട് സംസാരിച്ചിരുന്നു. റീമേക്കുകളില്‍ അഭിനയിക്കാനുള്ള ആശങ്ക കാരണമാണ് ഓഫര്‍ നിരസിച്ചതെന്നാണ് താരം പറഞ്ഞത്. അജിത്തിന്റെ തമിഴ് ചിത്രം വേതാളത്തിന്റെ റീമേക്കായിരുന്നു ഭോല ശങ്കര്‍.
സായ് പല്ലവി വേണ്ടെന്ന് വെച്ച് റോളിലേക്ക് പിന്നീട് എത്തിയത് കീര്‍ത്തി സുരേഷായിരുന്നു. റിലീസിന് ശേഷം വലിയ വിമര്‍ശനം കേട്ട ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമാവുകയും ചെയ്തു.
മുമ്പ് രജിനികാന്തിന്റെ പെങ്ങളാവാനുള്ള ഓഫറും സായ് പല്ലവി നിരസിച്ചിരുന്നു. ശിവ സംവിധാനം ചെയ്ത അണ്ണാത്തെ എന്ന സിനിമയാണ് താരം നിരസിച്ചത്. ഈ ചിത്രത്തിലും പകരം കീര്‍ത്തിയാണ് അഭിനയിച്ചത്. രജിനികാന്തിനൊപ്പം അഭിനയിക്കാന്‍ നാനി നായകനായ തെലുങ്ക് ചിത്രം ശ്യാം സിംഘ റോയി കീര്‍ത്തി വേണ്ടെന്ന് വെച്ചിരുന്നു. ഈ റോളിലേക്ക് സായ് പല്ലവി എത്തുകയും ചെയ്തു. അണ്ണാത്തെ പരാജയപ്പെടുക മാത്രമല്ല മികച്ച അഭിപ്രായം നേടിയ ശ്യാം സിംഘ റോയി സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു.
രാഘവ ലോറന്‍സും കങ്കണ റണാവത്തും പ്രധാന കഥാപാത്രങ്ങളായി അടുത്തിടെ പുറത്ത് വന്ന ചന്ദ്രമുഖി 2വിലും ആദ്യം നായികയായി സായിയെ സമീപിച്ചിരുന്നുവെന്നും താരം ഈ ഓഫറും നിരസിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പി. വാസു സംവിധാനം ചെയ്ത് ചന്ദ്രമുഖി 2വും വലിയ പരാജയമായിരുന്നു.
Content Highlight: Sai Pallavi refuses to be the sister of two superstars; Both eventually flopped