സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് സായ് പല്ലവി. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ സിനിമാജീവിതം ആരംഭിച്ച സായ് ഇന്ന് തമിഴ്, തെലുങ്ക് ഭാഷകളില്‍ തിരക്കുള്ള നടിയാണ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അധികം പ്രത്യക്ഷപ്പെടാത്ത സായ് പല്ലവിയെ ചുറ്റിപ്പറ്റി പലപ്പോഴും ഗോസിപ്പുകള്‍ പടച്ചുവിടുന്നുണ്ട്.
തന്നെക്കുറിച്ച് തമിഴ് മാധ്യമമായ സിനിമാവികടന്‍ നടത്തിയ പരാമര്‍ശത്തിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സിനിമാലോകത്ത് ചര്‍ച്ച. ബോളിവുഡ് ചിത്രമായ രാമായണത്തില്‍ അഭിനയിക്കുന്നതിനായ സായ് പല്ലവി മാംസാഹാരം കഴിക്കുന്നത് നിര്‍ത്തിയിരിക്കുകയാണെന്നും ഹോട്ടലില്‍ നിന്ന് പോലും ഭക്ഷണം കഴിക്കുന്നില്ലെന്നുമാണ് സിനിമാവികടന്‍ വാര്‍ത്ത നല്‍കിയത്.
പുറത്തേക്ക് ഷൂട്ടിന് പോകുമ്പോള്‍ വീട്ടിലെ പാചകക്കാരനെയും കൂടെക്കൊണ്ടുപോകാറുണ്ടെന്നും വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂവെന്നും സിനിമാവികടന്‍ വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സായ് പല്ലവി രംഗത്തെത്തിയത്. തന്റെ എക്‌സ് പേജിലൂടെയാണ് സായ് പല്ലവി പ്രതികരിച്ചത്.
തന്നെക്കുറിച്ച് അടിസ്ഥാനമില്ലാത്ത ഗോസിപ്പുകളും അഭ്യൂഹങ്ങളും വരുമ്പോള്‍ പലപ്പോഴും മിണ്ടാതിരിക്കുകയാണ് പതിവെന്ന് സായ് പല്ലവി പറഞ്ഞു. താന്റെ ഏതെങ്കിലും സിനിമ ഇറങ്ങുമ്പോഴോ അല്ലെങ്കില്‍ കരിയറില്‍ എന്തെങ്കിലും അച്ചീവ് ചെയ്ത് നില്‍ക്കുമ്പോഴോ ആയിരിക്കും പ്രത്യേക ഉദ്ദേശത്തോടെ ഇത്തരം ഗോസിപ്പുകള്‍ വരാറുള്ളതെന്നും സായ് പല്ലവി കുറിച്ചു.
അടുത്ത തവണ ഏതെങ്കിലും പ്രശസ്ത മീഡിയയോ അല്ലെങ്കില്‍ ഏതെങ്കിലും വ്യക്തിയോ ഇത്തരത്തില്‍ വൃത്തികെട്ട കഥകളുമായി വന്നാല്‍ നിയമപരമായി തന്നെ നേരിടുമെന്നും സായ് പല്ലവി മുന്നറിയിപ്പ് നല്‍കി. സിനിമാവികടന്‍, ആനന്ദവികടന്‍ എന്നീ പേജുകളെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് സായ് പല്ലവി പോസ്റ്റ് പങ്കുവെച്ചത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
‘ചില സമയത്ത്, അല്ലെങ്കില്‍ മിക്കപ്പോഴും എന്നെക്കുറിച്ച് യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ വരുമ്പോള്‍ ഞാന്‍ മിണ്ടാതെ ഇരിക്കാറാണ് പതിവ്. അവര്‍ നല്ല ഉദ്ദേശത്തിലോ അല്ലെങ്കില്‍ വേറെ എന്തെങ്കിലും ഉദ്ദേശത്തിലോ (ദൈവത്തിനറിയാം) കൊടുക്കുന്ന വാര്‍ത്തകള്‍ പലപ്പോഴും എന്റെ ഏതെങ്കിലും സിനിമ അനൗണ്‍സ് ചെയ്യുന്ന സമയത്തോ അല്ലെങ്കില്‍ കരിയറില്‍ എന്തെങ്കിലും അച്ചീവ് ചെയ്ത് നില്‍ക്കുന്ന സമയത്തോ ആയിരിക്കും.
അതുകൊണ്ട് ഇനിമുതല്‍ ഏതെങ്കിലും ‘പ്രശസ്ത’ മാധ്യമമോ വ്യക്തിയോ എന്നെക്കുറിച്ച് ഇത്തരം വൃത്തികെട്ട കഥകളുമായി വന്നാല്‍ അവര്‍ക്കെതിരെ നിയമപരമായി മുന്നോട്ടുപോകും,’ സായ് പല്ലവി കുറിച്ചു.
Content Highlight: Sai Pallavi reacts against the gossip about her posted by Cinema Vikatan