Entertainment
അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്കയെ സ്തുതിച്ച് സായി പല്ലവി; കോമാളി അഭിപ്രായമെന്ന് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 04, 11:06 am
Tuesday, 4th February 2025, 4:36 pm

സായി പല്ലവിയും നാഗ ചൈതന്യയും ഒന്നിച്ചഭിനയിക്കുന്ന ‘തണ്ടേല്‍’ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയില്‍ അതിഥിയായി എത്തിയ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്കയെ കുറിച്ച് സായി പല്ലവി പറഞ്ഞ കാര്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

സന്ദീപ് റെഡ്ഡി വാങ്ക ഫില്‍റ്റര്‍ ചെയ്യപ്പെടാത്ത മനുഷ്യന്‍ ആണെന്നും സ്‌ക്രീനില്‍ ആണെങ്കിലും അഭിമുഖങ്ങളില്‍ ആണെങ്കിലും അദ്ദേഹം, അദ്ദേഹം ആയിട്ട് തന്നെയാണ് ഇരിക്കുന്നതെന്നും സായി പല്ലവി പറഞ്ഞു. ചുറ്റുമുള്ള പല കാര്യങ്ങളും അദ്ദേഹത്തിന്റെ തീരുമാനങ്ങളില്‍ സ്വാധീനം ചെലുത്താറില്ലെന്നും ആരോടും ക്ഷമാപണം നടത്താത്ത ആളായി സന്ദീപ് റെഡ്ഡി വാങ്ക ജീവിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

ശരിയായ കാര്യത്തിലാണ് പാഷനേറ്റ് എങ്കില്‍ അത് നല്ല രീതിയില്‍ നടക്കും എന്നുള്ളതിന് തെളിവാണ് സന്ദീപ് റെഡി വാങ്കയെന്നും അതിന് തെളിവാണ് അദ്ദേഹം അര്‍ജുന്‍ റെഡി മുതല്‍ നോര്‍ത്തില്‍ ചെയ്യുന്ന സൂപ്പര്‍ഹിറ്റ് സിനിമകളെന്നും സായി പല്ലവി പറഞ്ഞു.

‘ഓരോ സംവിധായകരുടെയും ഉള്ളില്‍ ഒരു ശബ്ദം ഉണ്ടായിരിക്കണം. സന്ദീപ് റെഡ്ഡി വാങ്കയുടെ ശബ്ദം അത്രയും ഫില്‍ട്ടര്‍ ചെയ്യപ്പെടാത്തതാണ്. അതിപ്പോള്‍ സ്‌ക്രീനിലും, അഭിമുഖങ്ങളിലും, അദ്ദേഹം എവിടെ പോയാലും അതങ്ങനെത്തന്നെയാണ്. ചുറ്റുമുള്ള പല കാര്യങ്ങളുടെയും സ്വാധീനം തന്റെ തീരുമാനങ്ങളില്‍ ചെലുത്താത്ത ഒരാളെ കാണുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.

ചിലപ്പോള്‍, ആളുകളെ പ്രീതിപ്പെടുത്താന്‍ നമ്മള്‍ സ്വയം മാറേണ്ടതിന്റെ ആവശ്യകത നമുക്ക് പല സാഹചര്യങ്ങളിലും തോന്നും. എന്നാല്‍ ആരെയും പേടിക്കാതെ ആരോടും ക്ഷമാപണം നടത്താതെ സന്ദീപ് അദ്ദേഹമായിത്തന്നെയാണ് ജീവിക്കുന്നത്. എല്ലാ കാര്യങ്ങങ്ങളും സ്വന്തം ഇഷ്ടത്തിന് ചെയ്യുകയും അതെല്ലാം വിജയിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം.

നിങ്ങള്‍ ശരിയായ കാര്യത്തിലാണ് പാഷനേറ്റ് എങ്കില്‍ അത് നല്ല രീതിയില്‍ നടക്കും എന്നുള്ളതിന് തെളിവാണ് സന്ദീപ് റെഡി വാങ്ക. അതിന് ഉദാഹരണമാണ് അര്‍ജുന്‍ റെഡ്ഡി മുതല്‍ നോര്‍ത്തില്‍ അദ്ദേഹം ചെയ്ത, ചെയ്തുകൊണ്ടിരിക്കുന്ന സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍.

ഇപ്പോള്‍ അദ്ദേഹം ആദ്യത്തേക്കാള്‍ കൂടുതല്‍ വലിയ ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ആളുകള്‍ അതെല്ലാം കാണാന്‍ വേണ്ടി അക്ഷമരായി കാത്തിരിക്കുകയുമാണ്,’ സായി പല്ലവി പറയുന്നു.

എന്നാല്‍ സായി പല്ലവിയുടെ ഈ കമന്റിനെ സപ്പോര്‍ട്ട് ചെയ്തും വിമര്‍ശിച്ചും നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ‘കോമാളി അഭിപ്രായം’ എന്നാണ് ഒരാള്‍ സായി പല്ലവി പറഞ്ഞതിനെതിരെ കമന്റ് ചെയ്തത്. ‘നിങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല’ എന്ന് മറ്റൊരാള്‍ എഴുതി. ‘ദയവായി അവള്‍ സര്‍കാസമാണ് പറഞ്ഞതെന്ന് എന്നോട് പറയൂ’ ഒരു എക്‌സ് ഉപയോക്താവ് പറഞ്ഞു.

Content Highlight: Sai Pallavi disappoints fans as she praises Sandeep Reddy Vanga at Thandel event