നാടകത്തിലൂടെ സിനിമയിലെത്തിയ താരമാണ് സായ് കുമാര്‍. കെ.പി.എ.സിയിലെ തിരക്കുള്ള നടനായി നാടകരംഗത്ത് സജീവമായി നില്‍ക്കുന്ന സമയത്താണ് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ സംവിധാനത്തിലെത്തിയ റാംജി റാവു സ്പീക്കിങ്ങില്‍ സായ് കുമാര്‍ അഭിനയിക്കുന്നത്. തുടക്കത്തില്‍ നായകനായും സഹനടനായും എത്തിയ അദ്ദേഹം പിന്നീട് സിനിമയില്‍ നിരവധി വില്ലന്‍ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്നു.
സായ് കുമാറും സൈജു കുറുപ്പും കലാരഞ്ജിനിയും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് ഭരതനാട്യം. സൈജു കുറുപ്പ് തന്നെ നിര്‍മാണം നിര്‍വഹിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് മുരളിയാണ്. ഭരതനാട്യം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സായ് കുമാര്‍. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരതനാട്യം സിനിമ ചെയ്യുമ്പോള്‍ സെറ്റില്‍ കാരവനില്ലായിരുന്നെന്നും അതുകൊണ്ട് തന്നെ സീന്‍ കഴിഞ്ഞാലും എല്ലാവരും ഒന്നിച്ചിരുന്നു സംസാരിക്കുമായിരുന്നെന്നും സായ് കുമാര്‍ പറയുന്നു. പഴയ സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷന്‍ പോലയായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഭരതനാട്യം സിനിമ ചെയ്യുമ്പോള്‍ അവിടെ കാരവാന്‍ ഇല്ലായിരുന്നു. ഉണ്ടായിരുന്നത് പുറത്തായിരുന്നു. പക്ഷെ അത്രയും ദൂരം നടന്നു പോകേണ്ടത് ബുദ്ധിമുട്ടായത് കൊണ്ട് ആരും അതിനടുത്തേക്ക് പോകാറില്ലായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും ചുറ്റിനും ഉണ്ടായിരുന്നു. അതൊരു പഴയ സിനിമയുടെ സെറ്റ് അപ്പ് പോലെ തോന്നി.
എല്ലാവരും അടുത്ത് തന്നെ ഉണ്ടാകും. അങ്ങനെ ആയതുകൊണ്ടുതന്നെ ഓരോ സീനിനെ കുറിച്ച് സംസാരിക്കാനും ചര്‍ച്ച ചെയ്യാനുമൊക്കെ ഉള്ള സമയം കിട്ടി എന്നതാണ് സത്യം. ഷൂട്ടിങ് അല്ല ഒരു പിക്‌നിക് പോലെ ആയിരുന്നു റാംജി റാവുവിന്റെ ഷൂട്ടിങ് സമയമെല്ലാം. റാംജി റാവു കഴിഞ്ഞതിന് ശേഷം ആ ഒരു ഫീല്‍ കിട്ടിയത് ഭരതനാട്യം സിനിമയുടെ ലൊക്കേഷനിലാണ്.
അത് വല്ലാത്തൊരു സുഖമാണ്. പിന്നെ ഞങ്ങള്‍ അങ്ങനെ ഇരുന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ സ്‌ക്രിപ്റ്റില്‍ എവിടെയെല്ലാം ചിരി കിട്ടുമെന്ന് പറഞ്ഞോ അവിടെയെല്ലാം ചിരി കിട്ടിയിട്ടുണ്ട്. എവിടെയെല്ലാം മനസില്‍ ഒരു വിങ്ങല്‍ ആകുമെന്ന് തോന്നിയോ അവിടെയെല്ലാം ഒരു വിങ്ങല്‍ ഉണ്ടായിട്ടും ഉണ്ട്,’ സായ് കുമാര്‍ പറയുന്നു.