1989ല്‍ സിദ്ദിഖ് – ലാല്‍ കൂട്ടുകെട്ടില്‍ എത്തി മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രമാണ് റാംജി റാവു സ്പീക്കിങ്. സിദ്ദിഖ് – ലാല്‍ കൂട്ടുകെട്ടില്‍ എത്തുന്ന ആദ്യ സംവിധാന ചിത്രമായിരുന്നു ഇത്.
ഒപ്പം സിനിമയില്‍ രേഖ, വിജയരാഘവന്‍, ദേവന്‍, മാമുക്കോയ തുടങ്ങിവരും മറ്റു പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിരുന്നു. രേഖയുടെ മലയാളത്തിലെ ആദ്യ ചിത്രമായിരുന്നു ഇത്. സംവിധായകന്‍ ഫാസിലിന്റെ ബാനറിലാണ് റാംജി റാവു സ്പീക്കിങ് എത്തിയത്.
ഇപ്പോള്‍ റാംജി റാവു സ്പീക്കിങ്ങിനെ കുറിച്ച് പറയുകയാണ് സായ് കുമാര്‍. മൂന്നുനാല് ദിവസത്തേക്ക് കൊല്ലം കുമാര്‍ തിയേറ്ററില്‍ സിനിമ കാണാന്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് നടന്‍ പറയുന്നത്. പക്ഷെ പിന്നീട് പടം ഹിറ്റായെന്നും സായ് കുമാര്‍ പറയുന്നു.
‘മൂന്നുനാല് ദിവസത്തേക്ക് കൊല്ലം കുമാര്‍ തിയേറ്ററില്‍ സിനിമ കാണാന്‍ ആരും ഉണ്ടായിരുന്നില്ല. ആദ്യ ദിവസം ഞാന്‍ സുഹൃത്തുക്കളെ തിയേറ്ററിന് അടുത്തേക്ക് വിട്ട് തിരക്കിച്ചിരുന്നു. അന്ന് തിയേറ്ററില്‍ 15 പേരോ മറ്റോ ആയിരുന്നു ഉണ്ടായിരുന്നത്.
പടം തീര്‍ന്നോയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അതില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ പറയാമെന്ന് മാത്രമായിരുന്നു അദ്ദേഹം പറഞ്ഞത്. അന്ന് പിന്നെ ഇന്നസെന്റ് ചേട്ടനോ മുകേഷോ വലിയ സ്റ്റാര്‍ ആയിരുന്നില്ല. മുകേഷ് ആ സമയത്ത് മോഹന്‍ലാല്‍ സാറിന്റെ കൂടെ ബോയിങ് ബോയിങ് പോലുള്ള സിനിമകളൊക്കെ ചെയ്യുന്ന സമയമായിരുന്നു.
പിന്നെയുള്ളത് കുട്ടേട്ടനും (വിജയരാഘവന്‍) രേഖയുമൊക്കെയാണ്. രേഖ അന്ന് പുതിയ നായികയാണ്. ഞാനും പുതിയ ആളായിരുന്നു. മ്യൂസിക് ഡയറക്ടറും ഫൈറ്റ് മാസ്റ്ററും സംവിധായകന്‍മാരും പുതിയതായിരുന്നു. ആകെ ഫാസില്‍ സാറിന്റെയും സ്വര്‍ഗചിത്ര അപ്പച്ചന്റെയും ബാനര്‍ മാത്രമായിരുന്നു പുതിയതല്ലാതെ ഉണ്ടായിരുന്നത്.
ഇതിനിടയില്‍ ഫാസില്‍ സാറിന്റെ ആരോ വിളിച്ചിട്ട് തിയേറ്ററില്‍ നിന്ന് പടം പെട്ടെന്ന് എടുത്ത് മാറ്റരുതെന്ന് പറഞ്ഞു. രണ്ടുമൂന്ന് ദിവസം കൂടെയൊന്ന് വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. അങ്ങനെ തിയേറ്ററുകാര്‍ ഒരു ആഴ്ചത്തെ പെര്‍മിഷന്‍ കൊടുത്തു. അന്ന് എന്റെ കയ്യില്‍ ഒരു ബൈക്ക് ഉണ്ടായിരുന്നു.
ഞാന്‍ ഒരു ദിവസം ബൈക്കുമായി കുമാര്‍ തിയേറ്ററിന്റെ മുന്നിലുള്ള പെട്രോള്‍ പമ്പില് കയറി. പെട്രോള്‍ അടിക്കുന്നതിന്റെ ഇടയില്‍ പെട്ടെന്ന് എവിടുന്നോ ‘ബാലകൃഷ്ണാ’ എന്ന വിളി കേട്ടു. ഞാന്‍ പെട്ടെന്ന് തിരിഞ്ഞുനോക്കി. തിയേറ്ററില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയവരും അതിന്റെ മുന്നില്‍ ഉണ്ടായിരുന്നവരും കൂടെ വന്നിട്ട് എന്നെ പൊതിഞ്ഞു. കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയായി,’ സായ് കുമാര്‍ പറയുന്നു.
Content Highlight: Sai Kumar Talks About Ramji Rao Speaking Movie