| Tuesday, 8th October 2024, 8:51 am

പൃഥ്വിരാജിനോട് എനിക്കുള്ളത് കൗതുകം; അവനില്‍ വലിയ മാറ്റം വന്നു: സായ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സായ് കുമാര്‍. നാടകത്തിലൂടെ സിനിമയില്‍ എത്തിയ അദ്ദേഹം നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിലും നടന്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു.

തനിക്ക് വളരെ ചെറുപ്പം മുതല്‍ക്കേ അറിയുന്ന ആളാണ് പൃഥ്വിരാജെന്ന് പറയുകയാണ് സായ് കുമാര്‍. പൃഥ്വിരാജിനെ കാണുമ്പോള്‍ ഇപ്പോള്‍ അവനോട് സ്‌നേഹം കൊണ്ടുള്ള ഒരു കൗതുകമാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സായ് കുമാര്‍.

‘വളരെ ചെറുപ്പം മുതല്‍ക്കേ എനിക്ക് അറിയുന്ന ആളാണ് പൃഥ്വി. അതില്‍ നിന്നും ഇപ്പോഴത്തെ രാജുവെന്ന് പറയുമ്പോള്‍, നമുക്ക് അവനോട് സ്‌നേഹം കൊണ്ടുള്ള ഒരു കൗതുകമാണ് ഉള്ളത്. ‘നീ അതെടുക്കണ്ട. ഇങ്ങോട്ട് മാറി നില്‍ക്ക്’ എന്ന് സുകുവേട്ടന്‍ പറയുമ്പോള്‍ മാറി നിന്നിട്ടുള്ള ആളാണ് അവന്‍.

അങ്ങനെയുള്ള ആള്‍ ‘അങ്ങനെയല്ല ചേട്ടാ ഇങ്ങനെ ചെയ്യണേ’ എന്ന് പറയുമ്പോള്‍ നമുക്ക് ഉണ്ടാകുന്ന ഒരു കൗതുകമുണ്ടല്ലോ, അത് വളരെ വലുതാണ്. അവനില്‍ ഇപ്പോള്‍ അത്തരത്തില്‍ വലിയ ഒരു മാറ്റം വന്നിട്ടുണ്ട്,’ സായ് കുമാര്‍ പറയുന്നു.

പൃഥ്വിരാജ് എന്ന നടനെയും സംവിധായകനെയും വെച്ച് നോക്കുമ്പോള്‍ തനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം അവനിലെ സംവിധായകനെയാണെന്നും അവനോടൊപ്പം സിനിമ ചെയ്തത് മാജിക്കല്‍ അനുഭവമാണെന്നും നടന്‍ അഭിമുഖത്തില്‍ പറഞ്ഞു.

പൃഥ്വിയുടെ കൂടെ അഭിനയിക്കുമ്പോഴും സംവിധാനം ചെയ്യുമ്പോഴും സുഖമാണെന്നും അവന്‍ ലൂസിഫര്‍ സിനിമയുടെ സമയത്ത് തനിക്ക് സീനുകള്‍ പറഞ്ഞു തന്ന രീതി പോലും വ്യത്യസ്തമാണെന്നും സായ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.


Content Highlight: Sai Kumar Talks About Prithviraj Sukumaran

We use cookies to give you the best possible experience. Learn more