മലയാളത്തില്‍ മിക്ക താരങ്ങളുടെ അച്ഛനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള താരമാണ് സായ് കുമാര്‍. തന്നേക്കാള്‍ പ്രായം കൂടിയ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ അച്ഛനാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സായ് കുമാറിന്റെ അച്ഛന്‍ കഥാപാത്രമാണ് 2005ല്‍ പുറത്തിറങ്ങിയ രാജമാണിക്യം എന്ന സിനിമയില്‍ രാജരത്നം പിള്ളയെന്ന കഥാപാത്രം. സിനിമയില്‍ മമ്മൂട്ടിയുടെ അച്ഛനായാണ് താരമെത്തിയത്. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ രാജമാണിക്യത്തെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സംസാരിക്കുകയാണ് സായ് കുമാര്‍.
‘എന്നെ ഇക്കയുടെ അച്ഛനാക്കണ്ട എന്നായിരുന്നു മമ്മൂക്ക ആദ്യമൊക്കെ പറഞ്ഞത്. അത് കൊച്ചു ചെറുക്കനാണ്, അവനെ വിളിച്ച് എന്റെ തന്തയാക്കുന്ന പരിപാടിയൊന്നും വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ പിന്നീടാണ് രാജമാണിക്യം എന്ന സിനിമ കറങ്ങി തിരിഞ്ഞ് എന്റെയടുത്തേക്ക് എത്തുന്നത്.രാജമാണിക്യത്തിലെ ആ കഥാപാത്രം ഞാന്‍ ചെയ്തേ പറ്റുള്ളൂവെന്ന അവസ്ഥയായിരുന്നു. അതുകൊണ്ട് മാത്രമായിരുന്നു മമ്മൂക്ക ആ സിനിമയില്‍ എന്നെ അച്ഛനാകാന്‍ സമ്മതിച്ചത്.
ഞാന്‍ സിനിമയില്‍ മിക്കവരുടെയും അച്ഛനായിട്ടുണ്ട്. സുരേഷ് ഗോപിയുടെ അച്ഛനായിട്ടില്ല. ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ അമ്മായിയപ്പനായി അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രജിത്ത്, ദിലീപ്, പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവരുടെ അച്ഛനായിട്ടുണ്ട്. ചുരുക്കത്തില്‍ ഞാന്‍ മലയാളത്തിലെ മിക്കവരുടെയും അച്ഛനായിട്ടുണ്ട്. ലാലേട്ടന്റെയും മമ്മൂക്കയുടെയുമൊക്കെ അച്ഛനാകുന്നത് ശരിക്കും ഒരു ചലഞ്ചാണ്.
സത്യത്തില്‍ അതൊരു ഭാഗ്യമാണ്. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന, നമ്മള്‍ ലെജന്റ്സായി കാണുന്ന ആളുകളുടെ അച്ഛനായി അഭിനയിക്കാന്‍ പറ്റിയെന്നത് ഭാഗ്യമല്ലേ. പിന്നെ അത്തരം കഥാപാത്രം ചെയ്യുമ്പോള്‍ മാത്രമല്ലേ ഡാ ഇങ്ങോട്ട് വാ എന്നൊക്കെ പറയാന്‍ സാധിക്കുള്ളു. അല്ലാതെ അങ്ങനെ പറയാന്‍ പറ്റില്ലല്ലോ. ആ സമയത്ത് അവരും നമ്മളെ കഥാപാത്രമായിട്ടാണ് കാണുക. ഞാന്‍ സായ് കുമാര്‍ ആണെന്നോ എനിക്ക് പ്രായം കുറവാണെന്നോ അവര്‍ ആ സമയം ചിന്തിക്കില്ല,’ സായ് കുമാര്‍ പറഞ്ഞു.
Content Highlight: Sai Kumar Talks About Mammootty