| Saturday, 24th August 2024, 8:46 am

സിനിമ ഇപ്പോള്‍ കാണുമ്പോള്‍ പേടിയാകുന്നെന്ന് മധു സാര്‍ പറഞ്ഞിട്ടുണ്ട്; ഇന്നാണെനിക്കതിന്റെ അര്‍ഥം മനസിലാകുന്നത് : സായ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റാംജി റാവു സ്പീക്കിങ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയോടെ മലയാള സിനിമയില്‍ സജീവമായ അഭിനേതാവാണ് സായ് കുമാര്‍. പിന്നീട് സ്വഭാവ നടനായും വില്ലനായും മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി സായ് കുമാര്‍ മാറി. കുഞ്ഞി കൂനന്‍ എന്ന ചിത്രത്തിലെ അദ്ദേഹം അവതരിപ്പിച്ച വാസു എന്ന വില്ലന്‍ വേഷവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്.

മലയാള സിനിമയിലെ എണ്‍പത് തൊണ്ണൂറ് കാലഘട്ടം നിരവധി പ്രതിഭാശാലികളെ കൊണ്ട് സമ്പന്നമായിരുന്നു. നെടുമുടി വേണു, ഇന്നസെന്റ്, കെ.പി.എ.സി. ലളിത, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കല്‍പന തുടങ്ങി മുന്‍നിരയിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗം പേരും ഇന്നില്ല.

ഇവരുടെയെല്ലാം വേര്‍പാട് തന്നെ വല്ലാതെ തളര്‍ത്തുന്നുണ്ടെന്നും എല്ലാം തുറന്ന് പറയാന്‍ പറ്റുമായിരുന്ന പലരും ഇന്ന് കൂടെയില്ലെന്നും റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സായ് കുമാര്‍ പറയുന്നു. പണ്ടത്തെ പോലെയുള്ള സിനിമകള്‍ ഇപ്പോള്‍ ഇല്ലാത്തത് അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയുന്നവര്‍ ഇന്ന് ഇല്ലാത്തതിനാലും കൂടി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടെ ഉണ്ടായിരുന്നവരാരും ഇന്നില്ലല്ലോ അതുകൊണ്ട് സിനിമ കാണുമ്പോള്‍ പേടിയാകുന്നെന്ന് മധു ഒരിക്കല്‍ തന്നോട് പറഞ്ഞെന്ന് സായ്കുമാര്‍ പറയുന്നു. അന്ന് തനിക്കത് മനസ്സിലായില്ലെന്നും എന്നാല്‍ ഇന്ന് സിനിമ കാണുമ്പോള്‍ മധു സാര്‍ പറയാന്‍ ഉദ്ദേശിച്ചത് തനിക്ക് നന്നായി മനസിലാകുന്നുണ്ടെന്നും പറയുകയാണ് സായ് കുമാര്‍.

‘നമ്മളെ വിട്ടുപോയ ഒരുപാട് നല്ല അഭിനേതാക്കളുണ്ട്. അവരെ ഉദ്ദേശിച്ച് എഴുതുന്ന കഥാപാത്രങ്ങളൊക്കെ ചിലപ്പോള്‍ നമുക്കായിരിക്കും ചെയ്യാനായിട്ട് ഇപ്പോള്‍ കിട്ടുന്നത്. സത്യേട്ടന്‍ ഏതോ ഒരു ഇന്റര്‍വ്യൂവില്‍ പറയുന്നത് കേട്ടു, മുമ്പുണ്ടായിരുന്നത് പോലുള്ള സിനിമകള്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് ഉണ്ടാകാത്തത് എന്നുവെച്ചാല്‍ അതൊക്കെ അവതരിപ്പിക്കാനുള്ള അഭിനേതാക്കള്‍ നമ്മളെ വിട്ട് പോയതുകൊണ്ടാണ്.

പണ്ട് സിനിമ കാണുമ്പോള്‍ പേടിയാകുന്നെന്ന് മധു സര്‍ പറഞ്ഞിട്ടുണ്ട്, ഞാന്‍ ചോദിച്ചു എന്താ മധുച്ചേട്ടാ അങ്ങനെ പറഞ്ഞതെന്ന് അപ്പോള്‍ അദ്ദേഹം പറയുകയുണ്ടായി കൂടെ നിന്നവരാരും ഇപ്പോള്‍ ഇല്ലാലോ, ആകെ ഞങ്ങള്‍ രണ്ടോ മൂന്നോ പേര് മാത്രമേ ഇന്നുള്ളൂവെന്ന്. ഞാന്‍ അതപ്പോഴേ വിട്ടു,

പക്ഷെ ഇപ്പോള്‍ ഞാനും ആ അവസ്ഥയിലാണ്, കാരണം ഇന്നലെ വരെ തോളില്‍ കൈയ്യിട്ടിരുന്നവരാരും ഇന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം. ഇപ്പോഴത്തെ പിള്ളേരുമായിട്ട് നമുക്ക് ആ ബന്ധം ഇല്ലാലോ, ആകെ കുറച്ചുപേരായിട്ടെ നമുക്ക് എല്ലാം ഷെയര്‍ ചെയ്യാന്‍ കഴിയുകയുള്ളു.

ഇന്നസെന്റ് ചേട്ടന്‍ ഉണ്ടായിരുന്നു എനിക്ക്. ഏത് നേരത്ത് വിളിച്ചും എല്ലാം സംസാരിക്കാന്‍ പറ്റുന്ന വ്യക്തിയായിരുന്നു. ഇന്ന് ഫോണ്‍ എടുത്ത് വിളിക്കാന്‍ നോക്കുമ്പോള്‍ ഇന്നസെന്റ് ചേട്ടന്‍ കോള്‍ എടുക്കാന്‍ അപ്പുറം ഇല്ലാലോ എന്നറിയുമ്പോള്‍..എന്നാലും ഞാന്‍ ഇവരാരുടെയും നമ്പര്‍ ഫോണില്‍ നിന്ന് കളഞ്ഞിട്ടില്ല,’ സായ് കുമാര്‍ പറയുന്നു.

Content Highlight: Sai Kumar talks about losing his co workers 

We use cookies to give you the best possible experience. Learn more