| Friday, 30th August 2024, 4:29 pm

അന്ന് എനിക്ക് എപ്പോഴും തരുന്നത് കയ്യില്‍ കൊണ്ടാല്‍ മുറിയുന്ന ബ്ലേഡ് പോലുള്ള ഡ്രസ്: സായ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ദിഖ് – ലാല്‍ കൂട്ടുകെട്ടില്‍ 1989ല്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ് എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് സായ് കുമാര്‍. തുടക്കത്തില്‍ നായകനായും സഹനടനായും എത്തിയ അദ്ദേഹം പിന്നീട് സിനിമയില്‍ നിരവധി വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ഒരു കാലഘട്ടത്തില്‍ തുടര്‍ച്ചയായി എല്ലാ സിനിമയിലും വില്ലന്‍ വേഷങ്ങള്‍ മാത്രമായിരുന്നു സായ് കുമാര്‍ ചെയ്തത്. എന്നാല്‍ ആ കഥാപാത്രങ്ങള്‍ തമ്മില്‍ വ്യത്യസ്ത കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് പറയുകയാണ് സായ് കുമാര്‍. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പല സിനിമയിലും കുപ്പായം ഒന്നുതന്നെയായിരുന്നു. ഒരേ കഥ തന്നെയാണ് ഇടക്കൊക്കെ ചെയ്യുന്നത്. എനിക്ക് അന്നൊക്കെ ഒരു ഡ്രസ് തരുമായിരുന്നു. അത് ഏകദേശം ബ്ലേഡ് പോലെയിരിക്കും. അത് കയ്യില്‍ കൊണ്ടാല്‍ നമ്മളുടെ കൈ തന്നെ കീറുന്ന രീതിയില്‍ ഉള്ളതാണ്. കൈ ഇട്ട് ആട്ടിയാലും ആ കുപ്പായം അനങ്ങില്ല.

അങ്ങനെയുള്ള ഡ്രസുകളാണ് പലപ്പോഴും തരുന്നത്. പിന്നെ ഓരോ സിനിമക്കായും എക്‌സ്പ്രഷനുകള്‍ മാറ്റാന്‍ പറ്റില്ല. ഒരു രാഷ്ട്രീയക്കാരന്റെ റോളാണെങ്കില്‍ അയാള്‍ക്ക് ആവശ്യമായ എക്‌സ്പ്രഷന്‍സ് കൊടുത്തേ പറ്റുള്ളൂ. ശബ്ദം കൊണ്ടാണ് ഞാന്‍ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്നത്.

അതും അഭിനയിക്കുന്ന സ്‌പോട്ടില്‍ തന്നെയാണ് അത്തരം ചിന്തകള്‍ വരുന്നത്. അല്ലാതെ നേരത്തെയിരുന്ന് തീരുമാനിക്കുകയല്ല. അങ്ങനെ ചെയ്യാന്‍ എന്നെ കൊണ്ട് പറ്റില്ല. എന്തുകൊണ്ട് അങ്ങനെ പറ്റില്ലെന്ന് ചിലപ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട്. അങ്ങനെ ആദ്യമേ ചെയ്തു നോക്കിയാലും നടക്കാറില്ല,’ സായ് കുമാര്‍ പറഞ്ഞു.


Content Highlight: Sai Kumar Talks About His Villain Roles

We use cookies to give you the best possible experience. Learn more