സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന റാംജി റാവു സ്പീക്കിങ് എന്ന ചലച്ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ അഭിനേതാവാണ് സായ് കുമാര്‍. അദ്ദേഹം പിന്നീട് കുറേ കാലത്തേക്ക് ഇതേ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ബാലകൃഷ്ണന്‍ എന്ന പേരിലും അറിയപ്പെട്ടു.
സ്വഭാവനടനായും വില്ലനായും നായകനായും സായ് കുമാര്‍ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. 2005ല്‍ ഇറങ്ങിയ രാജമാണിക്യം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ അച്ഛന്‍ സ്ഥാനത്തുള്ള കഥാപാത്രമായും 2007ല്‍ ഇറങ്ങിയ ഛോട്ടാ മുംബൈ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അച്ഛനായും സായ് കുമാര്‍ അഭിനയിച്ചിട്ടുണ്ട്.
തന്നെക്കാള്‍ പ്രായമുള്ളവരുടെ അച്ഛനായി അഭിനയിക്കുമ്പോള്‍ തനിക്കൊരു പ്രയാസവും തോന്നിയിട്ടില്ലെന്നും മറിച്ച് അത് ഒരു ചലഞ്ച് ആയാണ് കാണാറുള്ളതെന്നും സായ് കുമാര്‍ പറയുന്നു.
ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയുന്നത് തനിക്ക് ലഭിച്ച ഭാഗ്യമാണെന്നും അതുകൊണ്ടാണ് മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമൊക്കെ എടാ പോടാ എന്നൊക്കെ വിളിക്കാന്‍ പറ്റിയതെന്നും റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.
‘സിനിമയില്‍ ഏത് കഥാപാത്രം വേണമെങ്കിലും നമുക്ക് ചെയ്യാം. മെയ്ക്ക് അപ്പൊക്കെ ഇട്ട് ഇരിക്കുന്നത് കണ്ടാല്‍ എല്ലാവര്‍ക്കും ഉള്ളതിനേക്കാള്‍ അധികം പ്രായം തോന്നും. ലൊക്കേഷനില്‍ നിന്ന് ഷൂട്ടിങ് കഴിഞ്ഞ് പോകുമ്പോഴായിരിക്കും ഇതാണല്ലേ യഥാര്‍ത്ഥ രൂപം എന്ന് മനസിലാകുന്നത്, ഇത്ര ചെറുപ്പമാണല്ലേ എന്നൊക്കെ അപ്പോഴാണ് ഓര്‍ക്കുക തന്നെ.
ഞാന്‍ തന്നെ ഛോട്ടാ മുംബൈയില്‍ മോഹന്‍ലാലിന്റെയും രാജമാണിക്യത്തില്‍ മമ്മൂക്കയോടൊപ്പവും അച്ഛന്‍ വേഷങ്ങള്‍ ചെയ്തിട്ടില്ലെ. എന്റെയൊക്കെ ഭാഗ്യം എന്ന് പറയുന്നത് തന്നെ ഈ വേഷങ്ങളെല്ലാം ചെയ്യാന്‍ പറ്റിയതാണ്. എടാ പോടാ എന്നൊക്കെ വിളിക്കാന്‍ പറ്റിയില്ലേ, സിനിമ ആയത് കൊണ്ട് ഇതൊക്കെ നടന്നു. അല്ലെങ്കില്‍ ഇങ്ങനെയൊക്കെ വിളിക്കാന്‍ പറ്റില്ലാലോ.
അത് മാത്രമല്ല ഇതൊക്കെ നമുക്കുള്ളൊരു വെല്ലുവിളിയാണ്. ഇത്തരം വേഷങ്ങള്‍ ചെയ്യുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുകയോ അവരുടെ മുകളില്‍ നില്‍കുന്നതോ ആയ പ്രകടനകള്‍ ചെയ്യണം. അത്തരത്തിലൊരു സ്‌പേസ് കിട്ടുക എന്ന് പറയുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്,’ സായ് കുമാര്‍ പറയുന്നു.
Content Highlight: Sai Kumar talks about his character in Chotta Mumbai and Rajamanikyam