ആ നടന്മാരുടെ അച്ഛന്‍ വേഷം ചെയ്യാന്‍ കഴിഞ്ഞു എന്നതുതന്നെയാണ് എന്റെ മഹാഭാഗ്യം: സായി കുമാര്‍
Entertainment
ആ നടന്മാരുടെ അച്ഛന്‍ വേഷം ചെയ്യാന്‍ കഴിഞ്ഞു എന്നതുതന്നെയാണ് എന്റെ മഹാഭാഗ്യം: സായി കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th October 2024, 2:21 pm

റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച താരമാണ് സായ് കുമാര്‍. തുടര്‍ന്ന് നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച അദ്ദേഹം രാജമാണിക്യം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ അച്ഛന്‍ സ്ഥാനത്തുള്ള കഥാപാത്രമായും ഛോട്ടാ മുംബൈ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അച്ഛനായും അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ നമുക്ക് ഏത് കഥാപാത്രങ്ങളും ചെയ്യാമെന്ന് പറയുകയാണ് സായി കുമാര്‍ പറയുന്നു. മേക്കപ്പൊക്കെ ഇട്ടിരിക്കുന്നത് കണ്ടാല്‍ എല്ലാവര്‍ക്കും ഉള്ളതിനേക്കാള്‍ കൂടുതല്‍ പ്രായം തോന്നുമെന്നും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും ഒപ്പം താന്‍ അച്ഛന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സായി കുമാര്‍.

‘സിനിമയില്‍ ഏത് കഥാപാത്രം വേണമെങ്കിലും നമുക്ക് ചെയ്യാം. മേക്കപ്പൊക്കെ ഇട്ട് ഇരിക്കുന്നത് കണ്ടാല്‍ എല്ലാവര്‍ക്കും ഉള്ളതിനേക്കാള്‍ അധികം പ്രായം തോന്നും. ലൊക്കേഷനില്‍ നിന്ന് ഷൂട്ടിങ് കഴിഞ്ഞ് പോകുമ്പോഴായിരിക്കും ഇതാണല്ലേ യഥാര്‍ത്ഥ രൂപം എന്ന് മനസിലാകുന്നത്, ഇത്ര ചെറുപ്പമാണല്ലേ എന്നൊക്കെ അപ്പോഴാണ് ഓര്‍ക്കുക തന്നെ.

ഞാന്‍ തന്നെ ഛോട്ടാ മുംബൈയില്‍ മോഹന്‍ലാലിന്റെയും രാജമാണിക്യത്തില്‍ മമ്മൂക്കയോടൊപ്പവും അച്ഛന്‍ വേഷങ്ങള്‍ ചെയ്തിട്ടില്ലെ. എന്റെയൊക്കെ ഭാഗ്യം എന്ന് പറയുന്നത് തന്നെ ഈ വേഷങ്ങളെല്ലാം ചെയ്യാന്‍ പറ്റിയതാണ്. എടാ പോടാ എന്നൊക്കെ വിളിക്കാന്‍ പറ്റിയില്ലേ, സിനിമ ആയത് കൊണ്ട് ഇതൊക്കെ നടന്നു. അല്ലെങ്കില്‍ ഇങ്ങനെയൊക്കെ വിളിക്കാന്‍ പറ്റില്ലല്ലോ.

അത് മാത്രമല്ല ഇതൊക്കെ നമുക്കുള്ളൊരു വെല്ലുവിളിയാണ്. ഇത്തരം വേഷങ്ങള്‍ ചെയ്യുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുകയോ അവരുടെ മുകളില്‍ നില്‍കുന്നതോ ആയ പ്രകടനകള്‍ ചെയ്യണം. അത്തരത്തിലൊരു സ്പേസ് കിട്ടുക എന്ന് പറയുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്,’ സായി കുമാര്‍ പറയുന്നു.

Content Highlight: Sai Kumar Talks About Doing Elder Characters In Movies