| Saturday, 24th August 2024, 8:13 am

ആ ചിത്രത്തിൽ മരിച്ച് കിടക്കുന്ന ഒരു ഷോട്ട് മാത്രമേ എനിക്കുള്ളൂ; ആ കഥാപാത്രത്തിലൂടെ എന്റെ പേര് മാറി: സായ് കുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാടകത്തിലൂടെ സിനിമയിലെത്തിയ താരമാണ് സായ് കുമാര്‍. കെ.പി.എ.സിയിലെ തിരക്കുള്ള നടനായി നാടകരംഗത്ത് സജീവമായി നില്‍ക്കുന്ന സമയത്താണ് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ സംവിധാനത്തിലെത്തിയ റാംജി റാവു സ്പീക്കിങ്ങില്‍ സായ് കുമാര്‍ അഭിനയിക്കുന്നത്.

ചിത്രം വമ്പന്‍ ഹിറ്റായതോടെ സായ് കുമാര്‍ തിരക്കുള്ള നടനായി മാറുകയായിരുന്നു. പിന്നീട് വില്ലന്‍ വേഷങ്ങളിലേക്കും ചുവട് മാറ്റിയ സായ് കുമാര്‍ മറ്റ് ക്യാരക്റ്റര്‍ റോളുകളിലൂടെയും മലയാള സിനിമയിലെ സ്ഥിരസാന്നിധ്യമായി മാറി.

ചെറിയ കഥാപാത്രമാണെങ്കിലും തനിക്ക് സിനിമയിൽ എന്തെങ്കിലും ചെയ്യാൻ ഉണ്ടാവണമെന്ന് പറയുകയാണ് സായ് കുമാർ. വെറുതെ വിളിച്ച് അഭിനയിക്കാൻ ചെല്ലുന്നതിൽ തനിക്ക് താത്പര്യം ഇല്ലെന്നും അദ്ദേഹം പറയുന്നു.

ആദ്യ ചിത്രമായ റാംജി റാവു സ്പീക്കിങ്ങിന് ശേഷം ഒരു കഥാപാത്രത്തിന്റെ പേരിൽ താൻ അറിയപ്പെടാൻ തുടങ്ങിയത് ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലൂടെയാണെന്നും എന്നാൽ ഇൻ ഹരിഹർ നഗറിൽ ഒരു സീനിൽ മാത്രമേ താൻ അഭിനയിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. റെഡ്. എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

‘എന്റെ കഥാപാത്രത്തിന് സിനിമയിൽ ചെയ്യാൻ എന്തെങ്കിലും ഉണ്ടാവണം എന്ന് മാത്രമാണ് ആഗ്രഹം. വെറുതെ വിളിച്ച് സൈഡിൽ നിർത്തി രണ്ട് ഡയലോഗ് പറഞ്ഞ് പോവുന്നതിനോട് എനിക്ക് താത്പര്യമില്ല. ഒരു സീൻ മാത്രമേ ഉള്ളുവെങ്കിൽ അത് മതി.

ഇൻ ഹരിഹർ നഗർ എന്ന സിനിമ നോക്കിയാൽ മതി. ഞാൻ അതിൽ ഒരു സീനിൽ മാത്രമേയുള്ളൂ. പിന്നെ ഞാൻ മരിച്ച് കിടക്കുന്നതായിട്ട് ഒരു ഷോട്ടും. സുരേഷ് ഓടി വരുന്ന ടൈമിൽ കാണുന്ന ഒരു ഷോട്ട്. അത് മാത്രമേയുള്ളൂ.

എന്നാൽ റാംജിറാവു സ്പീക്കിങ്ങിലെ ബാലകൃഷ്ണ എന്ന പേര് മാറ്റിയിട്ട് ആൻഡ്രൂസ് എന്ന് കഥാപാത്രത്തിന്റെ പേരിൽ വിളിക്കാൻ തുടങ്ങിയത് ആ സിനിമയിലാണ്. അപ്പോൾ ഒരു സിനിമയിൽ ത്രൂ ഔട്ടായി അഭിനയിക്കുന്നതിൽ അല്ല കാര്യം. ആ കഥാപാത്രത്തിന്റെ ഒരു പവർ ഉണ്ടല്ലോ. ശ്രദ്ധിക്കപ്പെടുന്നതാണെങ്കിൽ ഏത്‌ കഥാപാത്രം ചെയ്യുന്നതിലും ഒരു കുഴപ്പമില്ല. അതിപ്പോൾ ആരുടെ അച്ഛനായി അഭിനയിച്ചാലും കുഴപ്പമില്ല,’സായ്‌ കുമാർ പറയുന്നു

Content Highlight: Sai Kumar Talk About His Role In Harihar Nagar Movie

We use cookies to give you the best possible experience. Learn more