| Sunday, 20th March 2022, 3:34 pm

'നീ എന്ത് ധൈര്യത്തിലാടേയ് ഇത് ചെയ്യുന്നത്', സി.ബി.ഐയില്‍ സുകുമാരന് പകരമായി വന്നപ്പോള്‍ മമ്മൂട്ടിയും മുകേഷും പേടിപ്പിച്ചു: സായ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ഒരു ഫാന്‍ബേസ് തന്നെ ഉണ്ട് കെ. മധു-മമ്മൂട്ടി കൂട്ടുകെട്ടിന്റെ സി.ബി.ഐ സീരിസിന്. 1988 ല്‍ ഒരു സി.ബി.ഐ ഡയറിക്കുറിപ്പിലൂടെ തുടങ്ങിയ സി.ബി.ഐ സീരിസ് 2022 ല്‍ സി.ബി.ഐ ദി ബ്രെയ്‌നിലൂടെ അഞ്ചാം ഭാഗത്തിലെത്തി നില്‍ക്കുകയാണ്.

ഇതിനിടക്ക് വന്ന സി.ബി.ഐ സിനിമകളില്‍ വിവിധ കലാകാരന്മാര്‍ വന്നുപോയിരുന്നു. അതിലൊന്നായിരുന്നു സുകുമാരന്‍ അവതരിപ്പിച്ച ഡി.വൈ.എസ്.പി സത്യദാസ്. മൂന്നാം ഭാഗമായ നേരറിയാന്‍ സി.ബി.ഐയില്‍ സത്യദാസിന്റെ മകനായ ഡി.വൈ.എസ്.പി ദേവദാസിനെ അവതരിപ്പിച്ചത് സായ് കുമാറായിരുന്നു.

സുകുമാരന്റെ ചില മാനറിസങ്ങള്‍ സായ് കുമാറും തന്റെ കഥാപാത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ചിത്രത്തിനായി സുകുമാരന്റെ മാനറിസങ്ങള്‍ ചെയ്തപ്പോഴുണ്ടായിരുന്ന ആശങ്കയും, ആ സമയത്ത് മമ്മൂക്കയും മുകേഷും പേടിപ്പിച്ച അനുഭവവും പറയുകയാണ് സായ് കുമാര്‍. കാന്‍ചാനല്‍മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘പൊലീസ് ഓഫീസറിന്റെ വേഷമാണ് എന്നാണ് എന്നോട് പറഞ്ഞത്. സുകുവേട്ടന്‍ ചെയ്ത വേഷമാണ് എന്ന് ഷൂട്ടിന് ചെന്നപ്പോഴാണ് മനസിലായത്. അറിഞ്ഞിരുന്നേല്‍ ആ വഴിക്ക് ഞാന്‍ പോകില്ലായിരുന്നു. കാരണം അങ്ങേര് അടിച്ചു പൊക്കിവെച്ചേക്കുന്ന സാധനമാണത്.

പിന്നെ സുകുവേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. രാജുവിന്റെ മൂത്ത ഒരുത്തന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന നിലയിലാണ് എന്നെയും കണ്ടിരിക്കുന്നത് എന്നാണ് എനിക്ക് തോന്നിയിരിക്കുന്നത്. അല്ലെങ്കില്‍ ഒരു അനിയനെ പോലെയായിരിക്കും എന്നെ കണ്ടിട്ടുള്ളത്. കാരണം മല്ലിക ചേച്ചിയും സുകുമാരന്‍ ചേട്ടനും ഇരിക്കുന്ന ഒരു മുറിയിലേക്ക് എനിക്ക് ഏത് സമയത്തും കേറി ചെല്ലാം. തിരുവനന്തപുരത്ത് പോയാല്‍ അവരുടെ വീട്ടില്‍ ഇരുന്ന് എനിക്ക് ഭക്ഷണം കഴിക്കാം. അവിടെ കിടന്ന് ഉറങ്ങാം. അങ്ങനെ ഒരുപാട് സ്‌നേഹം എനിക്ക് നല്‍കിയ ഒരാളാണ് സുകുവേട്ടന്‍,’ സായ് കുമാര്‍ പറഞ്ഞു.

അങ്ങനെ ഷൂട്ടിന് ചെന്നപ്പോള്‍ മധുവേട്ടന്‍ പറഞ്ഞു സുകുമാരന്‍ ചെയ്ത കഥാപാത്രത്തിന്റെ ഒരു സാധനമാണെന്ന്. ഞാന്‍ ഞെട്ടി പോയി. അതെങ്ങനെ ശരിയാവുമെന്ന് ഞാന്‍ ചോദിച്ചു. സുകുമാരന്റെ അനിയനാണ് ഞാനെന്ന് പറഞ്ഞു.

സുകുവേട്ടന് വേണ്ടിയായിരുന്നോ ഡയലോഗ് എഴുതിയിരുന്നതെന്ന് ഞാന്‍ സ്വാമിയോട്(എസ്.എന്‍. സ്വാമി) ചോദിച്ചു. ഞാന്‍ എഴുതി വെക്കും അവന് ഇഷ്ടമുള്ളത് പോലെ പറയും എന്നാണ് സ്വാമി പറഞ്ഞത്.

സുകുവേട്ടന്റെ നടത്തവും നോട്ടവും പ്രസന്റേനുമൊക്കെ ഒരു വല്ലാത്ത മീറ്ററാണ്. ഞാന്‍ നേരെ മധു ചേട്ടന്റെ അടുത്ത് ചെന്ന് സുകുവേട്ടന്റെ ചില സംഭവങ്ങള്‍ ചെയ്തുകാണിക്കാമെന്ന് പറഞ്ഞു. ഞാന്‍ ഡയലോഗ് പറഞ്ഞ് കാണിച്ചു. മധുവേട്ടന്‍ കിടന്നു ചിരിച്ചു, മമ്മൂക്കേനെ വിളിച്ചു. ഇവനിത് വേറെ ഒരു ലൈനാക്കി എന്ന് പറഞ്ഞു.

മമ്മൂക്ക വന്നിട്ട് സൂക്ഷിച്ച് ചെയ്തില്ലെങ്കില്‍ കുഴപ്പമാവുമെന്ന് പറഞ്ഞു. ഞാന്‍ കാണിച്ചു കൊടുത്തപ്പോള്‍ ഈ മീറ്ററാണേല്‍ കുഴപ്പവില്ല, പക്ഷേ സൂക്ഷിച്ച് ചെയ്യണമെന്ന് പറഞ്ഞു. മുകേഷ് വന്ന് റിസ്‌കാണ് നീ എന്ത് ധൈര്യത്തിലാടേയ് സംഭവം ചെയ്യുന്നത്, മിമിക്രിയായി പോവും എന്ന് പറഞ്ഞു. പക്ഷേ മിമിക് ആക്കാതെ ചെറിയ സാധനങ്ങള്‍ ചെയ്തു. അങ്ങനെ വന്നപ്പോള്‍ എന്നെ സ്വാമി മകനാക്കി. അപ്പോള്‍ ഒന്നൂടെ സ്വാതന്ത്ര്യത്തോടെ ആ കഥാപാത്രം ചെയ്യാനായി,’ സായ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം അഞ്ചാം ഭാഗമായ സി.ബി.ഐ ദി ബ്രെയ്‌നിലും സായ് കുമാര്‍ ദേവദാസ് എന്ന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.


Content Highlight: sai kumar says When he  was replaced the character of Sukumaran in the CBI, Mammootty and Mukesh threatened

We use cookies to give you the best possible experience. Learn more