| Friday, 18th March 2022, 3:40 pm

ദൃശ്യത്തിലെ വേഷം പ്രതിഫലത്തില്‍ തട്ടി പോയതാണ്; ജോലി ചെയ്താല്‍ പൈസ കിട്ടണമെന്ന് സായ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാടകത്തിലൂടെ സിനിമയിലെത്തിയ താരമാണ് സായ് കുമാര്‍. കെ.പി.എ.സിയിലെ തിരക്കുള്ള നടനായി നാടകരംഗത്ത് സജീവമായി നില്‍ക്കുന്ന സമയത്താണ് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ സംവിധാനത്തിലെത്തിയ റാംജി റാവു സ്പീക്കിംഗില്‍ സായ് കുമാര്‍ അഭിനയിക്കുന്നത്.

ചിത്രം വമ്പന്‍ ഹിറ്റായതോടെ സായ് കുമാര്‍ തിരക്കുള്ള നടനായി മാറുകയായിരുന്നു. പിന്നീട് വില്ലന്‍ വേഷങ്ങളിലേക്കും ചുവട് മാറ്റിയ സായ് കുമാര്‍ മറ്റ് ക്യാരക്റ്റര്‍ റോളുകളിലൂടെയും മലയാള സിനിമയിലെ സ്ഥിരസാനിധ്യമായി മാറി.

എന്നാല്‍ റെമ്യൂണറേഷന്റെ കാര്യത്തില്‍ താന്‍ ഒരു കോംപ്രമൈസും ചെയ്യാറില്ലെന്നും അതിനാല്‍ തന്നെ പലരും തന്നെ അഹങ്കാരിയായി കണക്കാക്കാറുണ്ടെന്നും പറയുകയാണ് സായ് കുമാര്‍. കാന്‍ചാനല്‍മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സായ് കുമാര്‍ ഇക്കാര്യം പറഞ്ഞത്.

‘പൈസേടെ കാര്യത്തില്‍ ഒരു കോംപ്രമേസും ചെയ്യില്ല എന്ന് എന്നെ പറ്റി ആള്‍ക്കാര്‍ പറയാറുണ്ട്. അതുകൊണ്ട് കുറച്ച് നല്ല വേഷങ്ങള്‍ പോയിട്ടുണ്ട്. ദൃശ്യത്തിലെ വേഷം അങ്ങനെ റെമ്യൂണറേഷന്റെ കാര്യം പറഞ്ഞ് പോയതാണ്. ഈ സംവിധായകന്, ഇന്ന പടത്തിന് ഇത്ര രൂപ കിട്ടണം എന്ന് പറയുന്ന ആളല്ല ഞാന്‍.

പുതിയ ആളായാലും പടം ഓടത്തില്ലെന്ന് തോന്നുവാണേലും എന്റെ കഥാപാത്രം എന്നെകൊണ്ട് ഭംഗിയാക്കാന്‍ നോക്കുന്ന ആളാണ് ഞാന്‍. ജോലി ചെയ്താല്‍ പൈസ കിട്ടണം. അത് ചോദിച്ചു വാങ്ങിക്കുമ്പോള്‍ അയാള്‍ക്ക് അഹങ്കാരമാണെന്നും പൈസ കൂടുതല്‍ ചോദിക്കുമെന്നും പറയും. കൂടുതലാണെങ്കില്‍ വിളിക്കണ്ട. ഇത് അഹങ്കാരത്തില്‍ പറയുന്നതല്ല. അല്ലെങ്കില്‍ അങ്ങനൊരു കഥാപാത്രമായിരിക്കണം. എന്നാല്‍ ചില വേഷങ്ങള്‍ക്കായി റെമ്യൂണറേഷനില്‍ വിട്ടുവീഴ്ച ചെയ്തിട്ടുമുണ്ട്,’ സായ് കുമാര്‍ പറഞ്ഞു.

ആറാട്ടാണ് അവസാനമായി പുറത്തിറങ്ങിയ സായ് കുമാറിന്റെ ചിത്രം. മമ്മൂട്ടി നായകനായെത്തുന്ന സി.ബി.ഐയില്‍ ആണ് ഇപ്പോള്‍ സായ് കുമാര്‍ അഭിനയിക്കുന്നത്. സേതുരാമയ്യര്‍ സി.ബി.ഐയില്‍ അവതരിപ്പിച്ച സത്യദാസ് എന്ന കഥാപാത്രമായി തന്നെയാണ് സായ് കുമാര്‍ ചിത്രത്തിലെത്തുന്നത്.


Content Highlight: Sai Kumar says he does not compromise on remuneration

We use cookies to give you the best possible experience. Learn more