തന്നെക്കൊണ്ട് മമ്മൂട്ടിയുടെ അച്ഛൻ ആയിട്ട് അഭിനയിപ്പിക്കണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്ന് സായ് കുമാർ. രാജമാണിക്യം എന്ന ചിത്രത്തിലെ കഥാപാത്രം താൻ തന്നെ ചെയ്യണമെന്ന് നിർബന്ധമുള്ളതുകൊണ്ടാണ് മമ്മൂട്ടി സമ്മതിച്ചതെന്നും മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെയും അച്ഛൻ ആയിട്ട് താൻ അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമുഖത്തിൽ ബിന്ദു പണിക്കരും പങ്കെടുത്തു.
‘ഛോട്ടാ മുംബൈ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ മോഹൻലാൽ ഒരു അച്ഛൻ എന്നുള്ള ബഹുമാനം തന്നെയാണ് തന്നത്.
മമ്മൂക്കയോടൊപ്പം ആദ്യം ഒരു പടത്തിൽ അച്ഛൻ വേഷം വേണ്ടി വന്നപ്പോൾ അദ്ദേഹം പറഞ്ഞത് ചുമ്മാ ഇരിക്ക്, അവൻ കൊച്ച് ചെക്കൻ, അച്ഛൻ ഒന്നും ആക്കണ്ട എന്നാണ്. പിന്നെയും കറങ്ങി കറങ്ങി രാജമാണിക്യത്തിൽ എത്തി. ഞാൻ തന്നെ അഭിനയിച്ചേപറ്റൂ എന്നുള്ള അവസ്ഥ വന്നപ്പോഴാണ് അദ്ദേഹം സമ്മതിച്ചത്. ഞാൻ മിക്കവരുടെയും അച്ഛൻ ആയിട്ട് അഭിനയിച്ചിട്ടുണ്ട്.
സുരേഷ് ഗോപിയുടെ അച്ഛൻ ആകാൻ പറ്റിയിട്ടില്ല. ഭാര്യയുടെ അച്ഛൻ ആയിട്ടുള്ള വേഷം ചെയ്തിട്ടുണ്ട്. ദിലീപ്, രാജു, തുടങ്ങി ഒരുവിധപ്പെട്ട എല്ലാവരുടെയും അച്ഛൻ ആയിട്ടുണ്ട്.
ശരിക്കും ഇതൊക്കെ ഒരു ചാലഞ്ചായിട്ട് കാണണം. കാരണം ഒത്തിരി പ്രഗത്ഭരായിട്ടുള്ള, ഇന്ത്യ അല്ലെങ്കിൽ ലോകം മുഴുവനും അറിയപ്പെടുന്നവരുടെ അച്ഛൻ ആയിട്ടല്ലേ അഭിനയിക്കുന്നത്. അത് മാത്രമല്ല അപ്പോഴല്ലേ അവരോടൊക്കെ ‘എടാ ഒന്നിങ്ങോട്ട് വാ’ എന്നൊക്കെ പറയാൻ പറ്റൂ. അല്ലാണ്ട് അങ്ങനെയുള്ള വല്ല കാര്യങ്ങളും നടക്കുമോ? എനിക്ക് അവരുടെ ഒരു റെസ്‌പെക്ട് കിട്ടുന്നുണ്ട്.
അഭിനയിക്കുന്ന സമയത്ത് അവരും എന്നെ സായ് കുമാർ ആയിട്ടോ അല്ലെങ്കിൽ അവരേക്കാൾ പ്രായത്തിൽ ചെറിയ ആളായിട്ടോ അല്ല കാണുന്നത്. ആ സമയത്ത് എല്ലാവരും തമ്മിൽ ഒരു പരസ്പര ബഹുമാനത്തോടെ പോകും,’ സായ് കുമാർ പറഞ്ഞു.
അഭിമുഖത്തിൽ ആകാശദൂത് എന്ന ചിത്രത്തെപ്പറ്റി ബിന്ദു പണിക്കർ സംസാരിച്ചു. ചിത്രത്തിൻറെ ഷൂട്ടിങ് സമയത്ത് താൻ മാധവിയുടെ കഥാപാത്രം മരിക്കുന്ന സീൻ ഷൂട്ട് ചെയ്തത് കണ്ടിരുന്നെന്നും പിന്നീട് അത് തിയേറ്ററിൽ കണ്ടപ്പോൾ കരഞ്ഞെന്നും ബിന്ദു പണിക്കർ പറഞ്ഞു.
വാത്സല്യം എന്ന സിനിമയുടെ സമയത്താണ് ഞാൻ ആകാശദൂതിൽ അഭിനയിക്കുന്നത്. മാധവിയുടെ കഥാപാത്രം മരിക്കുന്ന സമയത്താണ് ഞാൻ അഭിനയിക്കാൻ ചെല്ലുന്നത്. ഷൂട്ടിങ് ഒക്കെ ഞാൻ കണ്ടിരുന്നു. പിന്നീട് തിയേറ്ററിൽ പടം കണ്ടപ്പോൾ ഞാനാ കരഞ്ഞു. അപ്പോൾ ഞാൻ സ്വയം ആശ്വസിപ്പിച്ചു അത് സിനിമയാണെന്നും ഷൂട്ടിങ് ഒക്കെ ഞാൻ കണ്ടതാണെന്നും. പക്ഷെ വീണ്ടും വീണ്ടും ഓരോ സീൻ കണ്ടപ്പോഴും ഞാനാ കരഞ്ഞു,’ ബിന്ദു പണിക്കർ പറഞ്ഞു.
Content Highlights: Sai Kumar on Mammootty