ആ ഒരു കാരണം കൊണ്ട് കുഞ്ഞിക്കൂനന്റെ തമിഴ്, കന്നഡ റീമേക്കിലേക്ക് എന്നെ വിളിച്ചിട്ടും പോയില്ല: സായ് കുമാര്‍
Entertainment
ആ ഒരു കാരണം കൊണ്ട് കുഞ്ഞിക്കൂനന്റെ തമിഴ്, കന്നഡ റീമേക്കിലേക്ക് എന്നെ വിളിച്ചിട്ടും പോയില്ല: സായ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th October 2024, 12:34 pm

സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ 1989ല്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടനാണ് സായ് കുമാര്‍. കരിയറിന്റെ തുടക്കത്തില്‍ നായകനായും സഹനടനായും തിളങ്ങിയ സായ് കുമാര്‍ പിന്നീട് നിരവധി ചിത്രങ്ങളില്‍ വില്ലനായി തിളങ്ങി. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച നടനാണ് സായ് കുമാര്‍.

സായ് കുമാറിന്റെ കരിയറിലെ മികച്ച വില്ലന്‍ വേഷങ്ങളിലൊന്നാണ് 2002ല്‍ റിലീസായ കുഞ്ഞിക്കൂനനിലേത്. അതുവരെ കാണാത്ത ക്രൗര്യമുള്ള മുഖവുമായി വന്ന ഗരുഡന്‍ വാസു എന്ന കഥാപാത്രം ഇന്നും സിനിമാചര്‍ച്ചകളില്‍ സജീവമാണ്. ചിത്രത്തിന്റെ തമിഴ്, കന്നഡ റീമേക്കുകളില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ചിരുന്നുവെന്ന് പറയുകയാണ് സായ് കുമാര്‍. എന്നാല്‍ താന്‍ ആ ഓഫറുകള്‍ നിരസിച്ചുവെന്ന് സായ് കുമാര്‍ പറഞ്ഞു. മലയാളത്തില്‍ ചെയ്ത അതേ റേഞ്ചില്‍ മറ്റ് ഭാഷകളില്‍ ചെയ്യാന്‍ കഴിയുമോ എന്ന് സംശയിച്ചുവെന്നും സായ് കുമാര്‍ പറഞ്ഞു.

കാരണവന്മാരുടെ ഭാഗ്യം കൊണ്ട് മലയാളത്തില്‍ അഭിനയിച്ച സമയത്ത് താന്‍ ചെയ്ത സീനുകള്‍ നല്ല രീതിയില്‍ വന്നെന്നും അതേ ഭാഗ്യം പിന്നീട് ആവര്‍ത്തിക്കണമെന്നില്ല എന്ന് തോന്നിയെന്നും സായ് കുമാര്‍ പറഞ്ഞു. മലയാളത്തില്‍ പോലും രണ്ടാമത്തെ ടേക്ക് പോകുമ്പോള്‍ പേടി തോന്നുമെന്നും സായ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിഫലത്തിന്റെ കാര്യം നോക്കുമ്പോള്‍ പലര്‍ക്കും പോകാന്‍ തോന്നുമെന്നും പക്ഷേ താന്‍ പോയില്ലെന്നും സായ് കുമാര്‍ പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുഞ്ഞിക്കൂനന്‍ ചെയ്തതിന് ശേഷം അതിന്റെ തമിഴ്, തെലുങ്ക്, കന്നഡ റീമേക്കിലൊക്കെ എന്നെ വിളിച്ചിരുന്നു. പക്ഷേ, ഞാന്‍ പോയില്ല. കാരണം, അവര്‍ക്ക് അതേ സംഗതി തന്നെ ആ ഭാഷയിലും വേണം. ആ സീനിന്റെ ഡിറ്റോ തന്നെയാണ് അവര്‍ക്ക് ആവശ്യം. എന്നെക്കൊണ്ട് അത് വീണ്ടും ചെയ്യാന്‍ പറ്റില്ല. ഒരു സീന്‍ രണ്ടാമത്തെ ടേക്ക് പോകുമ്പോള്‍ ആദ്യം ചെയ്തതുപോലെ ചെയ്യാന്‍ എനിക്ക് തീരെ പറ്റില്ല.

കാരണവന്മാരുടെ അനുഗ്രഹവും ദൈവത്തിന്റെ ഭാഗ്യവും എല്ലാം കാരണമാണ് ഓരോ തവണയും സീന്‍ ശിരയാകുന്നത്. എപ്പോഴും അതുപോലെയാകണമെന്നില്ല. പിന്നെ പ്രതിഫലത്തിന്റെ കാര്യം നോക്കുമ്പോള്‍ മറ്റ് ഭാഷയില്‍ കൂടുതല്‍ കിട്ടുമെന്ന് കരുതി പലരും പോകാറുണ്ട്. പക്ഷേ എനിക്ക് അങ്ങനെ പോകാന്‍ തോന്നാറില്ല,’ സായ് കുമാര്‍ പറഞ്ഞു.

Content Highlight: Sai Kumar explains why he didn’t act in the remake of Kunjikoonan