| Friday, 11th March 2022, 11:59 pm

കരയണോ ചിരിക്കണോ എന്നറിയാത്ത നിമിഷമായിരുന്നു, അവസാനം പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു: സായ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ധീഖും ലാലും ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു റാംജി റാവു സ്പീക്കിംഗ്. ഇന്നസെന്റ്, മുകേഷ്, സായ് കുമാര്‍ എന്നീ താരങ്ങള്‍ അഭിനയിച്ച ചിത്രം തിയേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. ഈ ചിത്രത്തിലൂടെയാണ് സായ് കുമാര്‍ സിനിമയിലേക്കെത്തുന്നത്. ജയറാം ചെയ്യേണ്ടിയിരുന്ന വേഷമായിരുന്നു സായ് കുമാറിന് ലഭിച്ചത്.

ചിത്രം പിന്നീട് മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന ആദ്യ ദിവസങ്ങളില്‍ തിയേറ്ററില്‍ ആളില്ലായിരുന്നു. അതിനാല്‍ തന്നെ സിനിമ പരാജയപ്പെട്ടു എന്നാണ് സായ് കുമാര്‍ വിചാരിച്ചത്. ആ സമയത്തെ രസകരമായ അനുഭവം പങ്കുവെക്കുകയാണ് സായ് കുമാര്‍. കാന്‍ചാനല്‍മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

‘റാംജി റാവു സ്പീക്കിംഗ് റിലീസ് ചെയ്ത് ആദ്യദിവസങ്ങളില്‍ തിയേറ്ററില്‍ അധികം ആളുണ്ടായിരുന്നില്ല. കൂട്ടുകാരെ ഒക്കെ വിളിച്ച് തിയേറ്ററുകളിലെ സാഹചര്യം തിരക്കിയെങ്കിലും സിനിമക്ക് ആളില്ല എന്നാണറിഞ്ഞത്. എങ്കിലും തിയേറ്ററുകാര്‍ ഒരാഴ്ച പടം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു,’ സായ് കുമാര്‍ പറഞ്ഞു.

‘ഒരു ദിവസം ഞാന്‍ ബൈക്കുമെടുത്തു കുമാര്‍ തിയേറ്ററിന് മുമ്പിലെ പെട്രോള്‍ പമ്പില്‍ പെട്രോളടിക്കാന്‍ കയറി. തിയേറ്ററിലേക്ക് നോക്കിയപ്പോള്‍ ക്യൂ ആണ്. വേറെ ഏതേലും സിനിമയാണെന്ന് വിചാരിച്ചു. പെട്രോളടിച്ചു കൊണ്ട് നിന്നപ്പോള്‍ ബാലകൃഷ്ണാ.. എന്നൊരു വിളി കേട്ടു. തിയേറ്റിലുള്ളവരും പുറത്തു നിന്നവരും വന്ന് പൊതിഞ്ഞു.

എനിക്ക് കരയണോ ചിരിക്കണോ എന്നറിയാതെ എന്തെക്കെയോ വികാരങ്ങള്‍ വന്നു. എന്താ സംഭവിച്ചതെന്ന് ഒരു പിടീം കിട്ടിയില്ല.

അവസാനം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നും പൊലീസ് വന്നു. എന്നെ ജീപ്പില്‍ കയറ്റി, ബൈക്ക് ഒരു പൊലീസുകാരന്‍ ഓടിച്ചുകൊണ്ട് വന്നു. മേലില്‍ ഈ പരിപാടി കാണിക്കല്ലെന്ന് എന്നോട് പറഞ്ഞു. പിന്നെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് പടം ഹിറ്റാണെന്ന് അറിഞ്ഞത്,’ സായ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.


Content Highlight: sai kumar about ramji rao speaking

Latest Stories

We use cookies to give you the best possible experience. Learn more