| Friday, 11th March 2022, 3:27 pm

കോളേജില്‍ കുറച്ച് വായ്‌നോക്കി ഗ്രൂപ്പ് ഉണ്ടായിരുന്നു, ലേഡീസിനെ കാണുമ്പോള്‍ 'ഹലോ ഹായ്' എന്നൊക്കെ പറയും; മുകേഷിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് സായ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകളില്‍ ഒന്നാണ് ‘റാംജി റാവ് സ്പീക്കിംഗ്’. സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ സംവിധായകന്‍ ഫാസില്‍ നിര്‍മിച്ച ചിത്രത്തില്‍ മുകേഷ്, സായ് കുമാര്‍, ഇന്നസെന്റ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

പറയത്തക്ക ജോലിയൊന്നുമില്ലാത്ത ഗോപാലകൃഷ്ണന്റെയും ബാലകൃഷ്ണന്റെയും അവരുടെ വീട്ടുടമസ്ഥനും ഉര്‍വശി തിയേറ്റേഴ്‌സ് എന്ന പഴയ നാടകകമ്പനിയുടെ ഉടമയുമായ മാന്നാര്‍ മത്തായിയുടെയും ജീവിതത്തിലേക്ക് വഴിതെറ്റി എത്തുന്ന ചില ഫോണ്‍കോളുകളും തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയാണ് ചിത്രം പറഞ്ഞത്.

ടി.വിയില്‍ സംപ്രേഷണം ചെയ്യുമ്പോള്‍ ഇപ്പോഴും വലിയ കാഴ്ച്ചക്കാര്‍ ചിത്രത്തിനുണ്ട്. കെ.പി.എ.സിയില്‍ നാടകം കളിക്കുന്ന സമയത്താണ് സായ് കുമാറിനെ റാംജി റാവു സ്പീക്കിംഗിലേക്ക് വിളിക്കുന്നത്. മുകേഷുമായുള്ള പരിചയവും റാംജി റാവു സ്പീക്കിംഗുമായി ബന്ധപ്പെട്ട ഓര്‍മകളും പങ്കുവെക്കുകയാണ് സായ് കുമാര്‍. കാന്‍ചാനല്‍മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സായ്കുമാര്‍ തന്റെ ഓര്‍മകള്‍ പങ്കുവെച്ചത്.

‘റാംജി റാവു സ്പീക്കിംഗില്‍ അഭിനയിക്കുന്നതിന് മുമ്പേ മുകേഷിനെ അറിയാം. കോളേജ് സമയത്ത് കുറച്ച് അലവലാതിത്തരം കാണിച്ചു നടക്കുന്നവരെ അറിയാമല്ലോ. എന്നാല്‍ മാധവന്‍ സാറിന്റെ മകനാണെന്ന് അറിയില്ലായിരുന്നു. തമ്പാന്‍, മുകേഷ്, ശോഭയുടെ ഭര്‍ത്താവ് മോഹന്‍കുമാര്‍ അങ്ങനെ കുറച്ച് വായ്‌നോക്കി ഗ്രൂപ്പ് ഉണ്ടായിരുന്നു. ലേഡീസിനെ കാണുമ്പോള്‍ ഹലോ ഹായ് എന്നൊക്കെ പറയും. അല്ലാതെ ഉപദ്രവങ്ങളൊന്നുമില്ല.

ദൂരെ നിന്ന് ആര്‍ത്തി തീര്‍ക്കുക എന്ന സമ്പ്രദായത്തിലേക്ക് കടക്കുന്ന കുറച്ച് ആള്‍ക്കാരായിരുന്നു. പിന്നെ മുകേഷിനെ കാണുന്നത് ബലൂണ്‍ സിനിമയിലാണ്. ശോഭയായിരുന്നു നായിക. നായകനായി മുകേഷ് വന്നപ്പോഴാണ് മാധവന്‍ ചേട്ടന്റെ മകനാണെന്ന് മനസിലാകുന്നത്. ആ ചിത്രത്തില്‍ മമ്മൂക്കയുമുണ്ടായിരുന്നു. മമ്മൂക്ക അതില്‍ സെക്കന്റ് ഹീറോയായിരുന്നു,’ സായ് കുമാര്‍ പറഞ്ഞു.

‘റാംജി റാവു സ്പീക്കിംഗ് റിലീസ് ചെയ്ത് ആദ്യദിവസങ്ങളില്‍ തിയേറ്ററില്‍ അധികം ആളുണ്ടായിരുന്നില്ല. കൂട്ടുകാരെ ഒക്കെ വിളിച്ച് തിയേറ്ററുകളിലെ സാഹചര്യം തിരക്കിയെങ്കിലും സിനിമക്ക് ആളില്ല എന്നാണറിഞ്ഞത്. എങ്കിലും തിയേറ്ററുകാര്‍ ഒരാഴ്ച പടം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഒരു ദിവസം ഞാന്‍ ബൈക്കുമെടുത്തു കുമാര്‍ തിയേറ്ററിന് മുമ്പിലെ പെട്രോള്‍ പമ്പില്‍ പെട്രോളടിക്കാന്‍ കയറി. തിയേറ്ററിലേക്ക് നോക്കിയപ്പോള്‍ ക്യൂ ആണ്. വേറെ ഏതേലും സിനിമയാണെന്ന് വിചാരിച്ചു. പെട്രോളടിച്ചു കൊണ്ട് നിന്നപ്പോള്‍ ബാലകൃഷ്ണാ.. എന്നൊരു വിളി കേട്ടു. തിയറ്റിലുള്ളവരും പുറത്തു നിന്നവരും വന്ന് പൊതിഞ്ഞു. എനിക്ക് കരയണോ ചിരിക്കണോ എന്നറിയാതെ എന്തെക്കെയോ വികാരങ്ങള്‍ വന്നു. എന്താ സംഭവിച്ചതെന്ന് ഒരു പിടീം കിട്ടിയില്ല.

അവസാനം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നും പൊലീസ് വന്നു. എന്നെ ജീപ്പില്‍ കയറ്റി, ബൈക്ക് ഒരു പൊലീസുകാരന്‍ ഓടിച്ചുകൊണ്ട് വന്നു. മേലില്‍ ഈ പരിപാടി കാണിക്കല്ലെന്ന് എന്നോട് പറഞ്ഞു. പിന്നെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് പടം ഹിറ്റാണെന്ന് അറിഞ്ഞത്,’ സായ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.


Content Highlight: sai kumar about mukesh and ramjirao speaking

We use cookies to give you the best possible experience. Learn more