മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായിരുന്നു 2019ല്‍ റിലീസായ ലൂസിഫര്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. ഒരുപാട് ലെയറുകളുള്ള തിരക്കഥയും മോഹന്‍ലാല്‍ എന്ന നടന്റെ അതിഗംഭീരപ്രകടനവും തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു.
ചിത്രത്തില്‍ ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ട കഥാപാത്രമായിരുന്നു സായ് കുമാര്‍ അവതരിപ്പിച്ച മഹേശ വര്‍മ. കുശാഗ്രബുദ്ധിയുള്ള രാഷ്ട്രീയക്കാരനായി അതിഗംഭീര പ്രകടനമാണ് സായ് കുമാര്‍ ലൂസിഫറില്‍ കാഴ്ചവെച്ചത്. ഒരുപാട് കാലത്തിന് ശേഷം സായ് കുമാറില്‍ നിന്ന് കിട്ടിയ ശക്തമായ വേഷം കൂടിയായിരുന്നു മഹേശ വര്‍മ. ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് ആദ്യം താത്പര്യമുണ്ടായിരുന്നില്ലെന്ന് പറയുകയാണ് സായ് കുമാര്‍.
പൃഥ്വിരാജിന്റെ ആദ്യചിത്രമായ നന്ദനത്തിലും താന്‍ ഉണ്ടായിരുന്നെന്ന് സായ് കുമാര്‍ പറഞ്ഞു. അയാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും താന്‍ വേണമെന്ന് പൃഥ്വിക്ക് നിര്‍ബന്ധമായിരുന്നെന്നും എന്നാല്‍ ഇക്കാര്യം തനിക്ക് അറിയില്ലായിരുന്നെന്നും സായ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലേക്ക് തന്നെ ആദ്യം വിളിച്ചത് സിദ്ധു പനയ്ക്കലായിരുന്നെന്ന് സായ് കുമാര്‍ പറഞ്ഞു.
എന്നാല്‍ ആ സമയത്ത് കാലുവേദന കാരണം നില്‍ക്കാനും നടക്കാനും പറ്റാത്ത അവസ്ഥയായിരുന്നെന്നും അതിനാല്‍ ലൂസിഫറില്‍ നിന്ന് ഒഴിവാകാന്‍ നോക്കിയെന്നും സായ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് പൃഥ്വിരാജ് തന്നെ വിളിച്ച് വരാന്‍ പറ്റുമോ എന്ന് ചോദിച്ചെന്നും തന്റെ അവസ്ഥ പറഞ്ഞ് മനസിലാക്കാന്‍ നോക്കിയെന്നും സായ് കുമാര്‍ പറഞ്ഞു.
വര്‍മ സാര്‍ എന്ന കഥാപാത്രം വീല്‍ ചെയറിലിരിക്കുന്ന കഥാപാത്രമാണെങ്കില്‍ അങ്ങനെയും വടിയും കുത്തിപ്പിടിച്ച് നടക്കുന്ന കഥാപാത്രമാണെങ്കില്‍ അങ്ങനെയും കാണിക്കാമെന്ന് പൃഥ്വി തനിക്ക് കോണ്‍ഫിഡന്‍സ് തന്നെന്നും അങ്ങനെയാണ് താന്‍ ലൂസിഫറിലേക്ക് എത്തിയതെന്നും സായ് കുമാര്‍ പറഞ്ഞു. മൂവീ മാന്‍ ബ്രോഡ്കാസ്റ്റിനോട് സംസാരിക്കുകയായിരുന്നു സായ് കുമാര്‍.
‘രാജു ആദ്യമായി അഭിനയിച്ച നന്ദനത്തില്‍ ഞാനുണ്ടായിരുന്നു. അവന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലും ഞാനുണ്ടായിരുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ സിദ്ധു പനയ്ക്കലായിരുന്നു ലൂസിഫറിലേക്ക് എന്നെ വിളിച്ചത്. ആ സമയത്ത് എന്റെ കാലിന് ചെറിയൊരു പ്രശ്‌നമുണ്ടായിരുന്നു. രാജു ആദ്യമായി ചെയ്യുന്ന സിനിമയില്‍ ഞാന്‍ വയ്യാത്ത കാലും വെച്ച് പോയിട്ട് കുളമാക്കണ്ട എന്ന് വിചാരിച്ച് ഞാന്‍ അതില്‍ നിന്ന് ആദ്യം പിന്മാറി.
കുറച്ച് കഴിഞ്ഞ് സിദ്ധു വീണ്ടു വിളിച്ചു. രാജുവായിരുന്നു സംസാരിച്ചത്. എന്റെ വേദന എങ്ങനെയാണെന്ന് ചോദിച്ചു. കുഴപ്പമില്ലെന്ന് പറഞ്ഞപ്പോള്‍ അതാണ് നമ്മുടെ കഥാപാത്രം. ‘ചേട്ടന്‍ വീല്‍ ചെയറിലിരിക്കുകയാണെങ്കില്‍ അങ്ങനെയാണ് വര്‍മ സാര്‍. അതല്ല, വടിയും കുത്തിപ്പിടിച്ച് നടക്കുകയാണെങ്കില്‍ അതാണ് നമ്മുടെ ക്യാരക്ടര്‍. അത്രയേ ഉള്ളൂ’ എന്ന് പറഞ്ഞ് രാജു ഫോണ്‍ കട്ട് ചെയ്തു. അങ്ങനെയാണ് ഞാന്‍ ലൂസിഫറിലേക്കെത്തിയത്,’ സായ് കുമാര്‍ പറയുന്നു.
Content Highlight: Sai Kumar about Lucifer movie and Prithviraj