| Friday, 4th March 2022, 7:48 pm

ലാല്‍ സാറിന്റേതിനെക്കാള്‍ ഇഷ്ടപ്പെട്ടത് അച്ഛന്റെ കുഞ്ഞാലിയെ, പഴശ്ശിരാജ കാണുമ്പോള്‍ നമ്മുടേതായ ഒരു സ്പിരിറ്റ് തോന്നി: സായ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന്റെ മരക്കാറിനെക്കാള്‍ തനിക്കിഷ്ടം അച്ഛനായ കൊട്ടാക്കര ശ്രീധരന്‍ നായര്‍ അവതരിപ്പിച്ച കുഞ്ഞാലിയെയെന്ന് സായ് കുമാര്‍.

അതേസമയം അച്ഛന്റെ പഴശ്ശിരാജയെക്കാള്‍ ഇഷ്ടം മമ്മൂട്ടിയുടെ പഴശ്ശിരാജയാണെന്നും അദ്ദേഹം പറഞ്ഞു. കാന്‍ചാനല്‍മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സായ് കുമാര്‍ കൊട്ടാരക്കര ശ്രീധരന്‍നായരുടെ സിനിമകളെ പറ്റി പറഞ്ഞത്.

‘എന്റെ അച്ഛന്‍ അഭിനയിച്ച കുഞ്ഞാലിമരക്കാറല്ല, അപ്പുറത്ത് ലാല്‍ സാറ് അഭിനയിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കുഞ്ഞാലി. ആ കുഞ്ഞാലിയും ഈ കുഞ്ഞാലിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. എന്റെ അച്ഛന്‍ അഭിനയിച്ച കുഞ്ഞാലിമരക്കാറിന്റെ യൊതൊരു ടച്ചുമില്ലാത്ത ഒരു സംഭവമാണ് ഇത്.

നമ്മുടെ മനസിനകത്ത് കോഴിക്കോട്ടുകാരനായ കുഞ്ഞാലി മരക്കാറെന്ന് പറയുമ്പോള്‍ അന്നത്തെ മുസ്‌ലിം തറവാട്ടിലുള്ള ചങ്കുറപ്പുള്ള, കൊതുമ്പു വള്ളത്തില്‍ പോയിട്ട് പോടാ മറ്റേ മോനേന്നു പറയുന്ന രീതിയില്‍ നിന്ന് വാരിക്കുന്തം വെച്ചിട്ട് ഫൈറ്റ് ചെയ്യുന്ന ആളാണ്.

ഇടത്തോട്ട് മുണ്ടും ഉടുത്തിട്ട് ബെല്‍റ്റും കെട്ടീട്ട് താടീം, മൊട്ടേം, ആ ലൈനില്‍ നിന്നിട്ട് ഒരു പോക്ക് പോകുന്നേന്റെ സുഖം ഈ കുഞ്ഞാലിയില്‍ എനിക്ക് തോന്നിയില്ല. ചിലപ്പോള്‍ ഞാന്‍ ആദ്യം കണ്ടത് മനസില്‍ നില്‍ക്കുന്നത് കൊണ്ടാവും. അച്ഛന്റെ സിനിമ ഉണ്ടാവാതെ ഈ സിനിമ കണ്ടാല്‍ ഇതാണ് കുഞ്ഞാലി എന്നൊരു ഇമേജുണ്ടാവുമായിരിക്കും.

കുഞ്ഞാലിക്ക് പടച്ചട്ടയുള്ളതായി എനിക്ക് അറിവില്ല. നമ്മുടെ നാടല്ലേ. അച്ഛന്‍ ഉടുത്തിരുന്നത് ഗ്രീനിഷ് കളറില്‍ ബ്ലാക്ക് ലൈനിലുള്ള ഒരു മുണ്ടാണ്. പിന്നെ ഒരു കത്തി, ഒരു വാളും കയ്യിലൊരു കെട്ടും,’ സായ് കുമാര്‍ പറഞ്ഞു.

Pazhassi Raja (1964 film) - Wikipedia

‘മമ്മൂട്ടിയുടെ പഴശ്ശിരാജയില്‍ വേറെ ഒരുപാട് കഥകള്‍ വരുന്നുണ്ട്. അച്ഛന്റെ സിനിമയെക്കാള്‍ വേഷവിധാനങ്ങളെക്കാള്‍ നന്നായിരുന്നത് ഹരിഹരന്‍ സാറിന്റെ പഴശ്ശിരാജയിലേതാണ്. അച്ഛന്റേത് കിന്നരിയും തൊപ്പിയുമൊക്കെയായിരുന്നു. ഇത് നാച്ചുറലായിരുന്നു. മമ്മൂട്ടിയുടെ പഴശ്ശിരാജ കാണുമ്പോള്‍ നമ്മുടേതായ ഒരു സ്പിരിറ്റ് തോന്നും. പഴയ കുഞ്ഞാലിയും ഇപ്പോഴത്തെ പഴശ്ശി രാജയുമാണ് എനിക്ക് ഇഷ്ടം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1967 ലായിരുന്നു കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കുഞ്ഞാലി മരക്കാര്‍ പുറത്ത് വന്നത്. 1964ലാണ് അദ്ദേഹത്തിന്റെ പഴശിരാജ പുറത്തുവന്നത്.


Content Highlight: sai kumar about kunjali marakkar and pazhasiraja

Latest Stories

We use cookies to give you the best possible experience. Learn more