Film News
കണ്ണ് ചുവപ്പിക്കാന്‍ ചുണ്ടപ്പൂവ് തേച്ചു, വയറ് തോന്നിക്കാന്‍ തുണി തയ്ച്ചുകെട്ടി, എന്നിട്ടും പൂര്‍ണത തോന്നിയില്ല; ഗരുഡന്‍ വാസുവായി മാറിയതിനെ പറ്റി സായ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 19, 09:40 am
Saturday, 19th March 2022, 3:10 pm

മലയാളത്തിന്റെ പ്രിയ താരമാണ് സായ് കുമാര്‍. ‘റാം ജി റാവു സ്പീക്കിംഗ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സായ് കുമാര്‍ പിന്നീട് നായകനായും വില്ലനായും ഒരുപാട് സിനിമയില്‍ അഭിനയിച്ചു.

സായ് കുമാര്‍ അവതരിപ്പിച്ച വില്ലന്‍ വേഷങ്ങളില്‍ ഏറ്റവും ശ്രദ്ധേയമാണ് ‘കുഞ്ഞിക്കൂനന്‍’ എന്ന ചിത്രത്തിലെ ഗരുഡന്‍ വാസു. വേറിട്ട ഗെറ്റപ്പിലായിരുന്നു സായ് കുമാര്‍ ഈ ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തിയത്.

കുഞ്ഞിക്കൂനനിലെ ഗരുഡന്‍ വാസുവായി തന്നെ മാറ്റിയെടുക്കാന്‍ മേക്കപ്പ് മാന്‍ പട്ടണം റഷീദ് നേരിട്ട വെല്ലുവിളികളെ കുറിച്ചും അതിനായി അദ്ദേഹം ഉപയോഗിച്ച മാര്‍ഗങ്ങളെ കുറിച്ചും പറയുകയാണ് സായ് കുമാര്‍. കാന്‍ചാനല്‍മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സായ് കുമാര്‍.

”ഞാന്‍ അഭിനയിച്ചതില്‍ ഏറ്റവും വ്യത്യസ്തമായ വില്ലന്‍ വേഷമായിരുന്നു കുഞ്ഞിക്കൂനനിലെ ‘ഗരുഡന്‍ വാസു’. പട്ടണം റഷീദ് ആയിരുന്നു ചിത്രത്തില്‍ എന്റെ മേക്കപ്പ് മാന്‍. ഗരുഡന്‍ വാസുവിന്റെ രൂപത്തിലേക്ക് എന്നെ എത്തിക്കുക എന്നത് ഒരല്‍പം ശ്രമകരമായ ദൗത്യമായിരുന്നു. അതിനായി എന്റെ തല മുടി പറ്റെവെട്ടി.

അന്ന് താണ്ഡവം സിനിമയ്ക്കുവേണ്ടി തല മൊട്ട അടിച്ച ശേഷം മുടി കുറച്ചു വളര്‍ന്നു വരുന്ന സമയമായിരുന്നു. തുടര്‍ന്ന് തലയില്‍ ബ്രൗണ്‍ കളര്‍ പൂശി, അതിനുശേഷം കണ്ണ് ചുവപ്പിക്കാന്‍ കഥകളിക്കാര്‍ ഉപയോഗിക്കുന്ന ചുണ്ടപ്പൂവ് എന്ന പൊടി തേച്ചു. ചെവിയില്‍ രോമം വെച്ചു, കൂടാതെ വയറ് തോന്നിക്കാന്‍ ഒരു തുണി തയ്ച്ചുകെട്ടി.

പക്ഷേ ഇത്രയൊക്കെ ചെയ്തിട്ടും വാസു എന്ന കഥാപാത്രം പൂര്‍ണ്ണതയില്‍ എത്തിയില്ല. എന്തോ ഒരു കുറവ് തോന്നിയ പട്ടണം റഷീദ് തന്റെ കൈവശമുള്ള മീശചാക്ക് തുറന്ന്, അതിനുള്ളില്‍ കുറേനേരം പരതി ഒരു മീശ സംഘടിപ്പിച്ചു. ആ മീശ വെച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഗരുഡന്‍ വാസുവായി മാറി,” സായ് കുമാര്‍ പറഞ്ഞു.

സിനിമയില്‍ തന്റെ കഥാപാത്രത്തിനായി ക്ലൈമാക്‌സ് സീന്‍ അണിയറപ്രവര്‍ത്തകര്‍ മാറ്റിയതിനെ കുറിച്ചും താരം പറഞ്ഞു.

”ചിത്രത്തിന്റെ ക്ലൈമാക്‌സ് ഫൈറ്റ് സീന്‍ മഴയത്തായിരുന്നു പ്ലാന്‍ ചെയ്തത്. അതിനായി മുംബൈയില്‍നിന്നും ഇതേ മീശയുടെ കൂടുതല്‍ ക്വാളിറ്റിയുള്ള ഒന്ന് ലഭിക്കാന്‍ വേണ്ടി പട്ടണം റഷീദ് മീശ ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വന്ന മീശയും ഉപയോഗിച്ചുകൊണ്ടിരുന്ന മീശയും തമ്മില്‍ യാതൊരു സാമ്യവുമില്ലായിരുന്നു. വെള്ളം നനഞ്ഞാല്‍ മീശയുടെ വലിപ്പവും ഷെയ്പ്പും മാറുമെന്നായപ്പോള്‍ ക്ലൈമാക്‌സിലെ മഴ നനഞ്ഞുള്ള ഫൈറ്റ് സീന്‍ അണിയറപ്രവര്‍ത്തകര്‍ മാറ്റുകയായിരുന്നു. പകരം നോര്‍മല്‍ ഫൈറ്റ് ആക്കി. അങ്ങനെ ആ സിനിമ ചുരുങ്ങിയ ദിവസം കൊണ്ട് ഞാന്‍ പൂര്‍ത്തിയാക്കി.

എറ്റവും രസകരമായ ഒരു കാര്യം ഈ ചിത്രത്തിനുവേണ്ടി ഞാന്‍ ഡബ്ബ് ചെയ്തത് വെറും 10 മിനിറ്റ് മാത്രമായിരുന്നു. എന്നിരുന്നാലും ആ വില്ലന്‍ കഥാപാത്രത്തെ ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു,” സായ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

2002-ല്‍ പുറത്തിറങ്ങിയ ഒരു ഇന്ത്യന്‍ മലയാളം റൊമാന്റിക് കോമഡി ചിത്രമാണ് കുഞ്ഞിക്കൂനന്‍. ശശി ശങ്കറാണ് സംവിധാനം ചെയ്തത്. നവ്യ നായര്‍, മന്യ, ദിലീപ്, കൊച്ചിന്‍ ഹനീഫ, സലിം കുമാര്‍, സ്ഫടികം ജോര്‍ജ്, നെടുമുടി വേണു, ബിന്ദു പണിക്കര്‍ എന്നിവരും ചിത്രത്തിലുണ്ട്.

ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ‘ആറാട്ട്’, റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ ‘സല്യൂട്ട്’ എന്നിവയാണ് അടുത്തിടെ പുറത്തിറങ്ങിയ സായ് കുമാറിന്റ ചിത്രങ്ങള്‍.

മമ്മൂട്ടിയെ നായകനാക്കി കെ. മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ ദി ബ്രെയ്‌നിലാണ് ഇപ്പോള്‍ സായ് കുമാര്‍ അഭിനയിക്കുന്നത്. നേരത്തെ സേതുരാമയ്യര്‍ സി.ബി.ഐയില്‍ അവതരിപ്പിച്ച സത്യദാസ് എന്ന കഥാപാത്രമായി തന്നെയാണ് താരം ചിത്രത്തിലെത്തുന്നത്.


Content Highlight: sai kumar about his get upi as garudan vasu in kunjikkoonan