സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടനാണ് സായ് കുമാര്‍. കരിയറിന്റെ തുടക്കത്തില്‍ നായകനായും സഹനടനായും തിളങ്ങിയ സായ് കുമാര്‍ പിന്നീട് നിരവധി ചിത്രങ്ങളില്‍ വില്ലനായി തിളങ്ങി. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച നടനാണ് സായ് കുമാര്‍.
നടന്‍ സുകുമാരനെക്കുറിച്ച് സംസാരിക്കുകയാണ് സായ് കുമാര്‍. കുട്ടിക്കാലം മുതല്‍ക്കേ വലിയൊരു ആത്മബന്ധം തനിക്ക് സുകുമാരനുമായി ഉണ്ടെന്ന് സായ് കുമാര്‍ പറഞ്ഞു. സേതുരാമയ്യര്‍ സി.ബി.ഐയില്‍ തന്നെ വിളിച്ചപ്പോള്‍ സുകുമാരന്റെ മകന്റെ കഥാപാത്രമാണ് താന്‍ അവതരിപ്പിക്കേണ്ടതെന്നറിഞ്ഞപ്പോള്‍ കിളിപോയ അവസ്ഥയിലായെന്ന് സായ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ ചില മാനറിസങ്ങള്‍ അനുകരിച്ചാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും സായ് കുമാര്‍ പറഞ്ഞു.
സുകുമാരനുമായി അത്രയും അടുപ്പമുള്ളതുകൊണ്ടാണ് അദ്ദേഹത്തിന്റെ മാനറിസങ്ങള്‍ അനുകരിക്കാന്‍ പറ്റിയതെന്ന് സായ് കുമാര്‍ പറഞ്ഞു. നാച്ചുറലായി സംസാരിക്കുമ്പോള്‍ പോലും അതേ എക്‌സ്പ്രഷന്‍ തന്നെയായതുകൊണ്ട് അനുകരണം എളുപ്പമായെന്ന് സായ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ജീവിതത്തലും സിനിമയിലും ഒരേ പെരുമാറ്റമുള്ളതുകൊണ്ടാണ് സുകുമാരന്‍ എന്ന നടനെ ജനങ്ങള്‍ക്ക് മടുക്കാത്തതെന്നും സായ് കുമാര്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സി.ബി.ഐ സീരീസിലേക്ക് എന്നെ വിളിച്ചപ്പോള്‍ ഒരു പൊലീസ് ഓഫീസറുടെ റോളെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. സെറ്റിലെത്തിയപ്പോളാണ് ആ ക്യാരക്ടറിനെപ്പറ്റി കൂടുതലായി അറിഞ്ഞത്. സുകുമാരന്‍ അവതരിപ്പിച്ച ദേവദാസ് എന്ന ക്യാരക്ടറിന്റെ അനിയന്‍ എന്ന രീതിയിലാണ്
കൃഷ്ണദാസിനെ ആദ്യം പ്ലാന്‍ ചെയ്തത്. ഞാന്‍ ആകെ കിളിപോയ അവസ്ഥയിലായി. സുകുമാരന്‍ ചേട്ടന്റെ ചില മാനറിസമൊക്കെ അനുകരിക്കാമെന്ന് അപ്പോള്‍ തീരുമാനിച്ചു. പിന്നീട് എസ്.എന്‍. സ്വാമിയാണ് മകനാക്കിയത്.
സുകു ചേട്ടനുമായി വളരെ ചെറുപ്പം മുതല്‍ക്കേ വളരെ നല്ല ആത്മബന്ധമായിരുന്നു എനിക്കുണ്ടായിരുന്നത്. അതുകൊണ്ട് പുള്ളിയുടെ മാനറിസമൊക്കെ വളരെ പെട്ടെന്ന് അനുകരിക്കാന്‍ പറ്റി. അദ്ദേഹം ജീവിതത്തില്‍ എങ്ങനെയാണോ അതുപോലെയാണ് ജീവിതത്തിലും. ആ ഒരു കാരണം കൊണ്ടാണ് അദ്ദേഹത്തെ ജനങ്ങള്‍ക്ക് മടുക്കാത്തത്,’ സായ് കുമാര്‍ പറഞ്ഞു.
Content Highlight: Sai Kumar about his bond with actor Sukumaran