| Wednesday, 6th March 2024, 9:43 am

സായിബാബ കേസ്; കേന്ദ്ര സര്‍ക്കാരിന്റെ 'അര്‍ബന്‍ നക്‌സല്‍' വാദം പൊളിച്ചെഴുതിയ വിധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മാവോയിസ്റ്റ് ബന്ധമാരോപിച്ച് 2014ല്‍ അറസ്റ്റിലായ ദല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ പ്രൊഫ. ജി.എന്‍. സായിബാബയെ വെറുതെ വിട്ട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ തകര്‍ക്കപ്പെട്ടത് കേന്ദ്ര സര്‍ക്കാരിന്റെ ‘അര്‍ബന്‍ നക്‌സല്‍’ വാദമാണ്. കേസില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ് സായിബാബയെ കുറ്റവിമുക്തനാക്കിയത്.

അര്‍ബന്‍ നക്‌സല്‍ വാദത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആദ്യത്തെ കേസായിരുന്നു സായിബാബ ഉള്‍പ്പെട്ട മാവോവാദി കേസ്. എന്നാല്‍ സായിബാബ ഉള്‍പ്പടെ ആറ് പേരെയും കുറ്റവിമുക്തരാക്കി ചൊവ്വാഴ്ച വന്ന കോടതി വിധി കേന്ദ്ര സര്‍ക്കാരിനും മഹാരാഷ്ട്രാ സര്‍ക്കാരിനും ഒരേ പോലെ തിരിച്ചടിയായി.

2022ല്‍ ജസ്റ്റിസ് രോഹിത് ദേവിന്റെ നേതൃത്വത്തിലുള്ള നാഗ്പുര്‍ ബെഞ്ചും ഇവരെ കുറ്റമുക്തരാക്കിയിരുന്നു. എന്നാല്‍ വിധിയെ ചോദ്യം ചെയ്ത് മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ അന്ന് സുപ്രീം കോടതിയെ സമീപിച്ചു.

കേസിന്റെ മെറിറ്റ് പരിശോധിക്കാതെ നിയമത്തിന്റെ സാങ്കേതികത മാത്രം നോക്കിയാണ് ഹൈക്കോടതി സായിബാബയെ കുറ്റവിമുക്തനാക്കിയതെന്ന് ഷിന്‍ഡെ സര്‍ക്കാര്‍ ഹരജിയില്‍ വാദിച്ചു. തുടര്‍ന്ന് അന്നത്തെ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിക്കുകയും പുനര്‍വിചാരണ നടത്താന്‍ ഉത്തരവിടുകയുമായിരുന്നു.

സുപ്രീം കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പുനര്‍വിചാരണ നടത്തിയതിന് ശേഷമാണ് രണ്ടാമതും സായിബാബ ഉള്‍പ്പടെയുള്ളവരെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നിൽക്കെ കോടതി വിധി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കേറ്റ വലിയ തിരിച്ചടിയായി മാറി.

എന്നാല്‍ വിധിയെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. നക്‌സലുകള്‍ക്കെതിരായ ‘ഓപറേഷന്‍ ഗ്രീന്‍ ഹണ്ടിനെ’ ശക്തമായി എതിര്‍ത്തിരുന്ന ആളായിരുന്നു സായിബാബ. 90 ശതമാനവും അംഗവൈകല്യമുള്ള പൂര്‍ണമായും വീല്‍ചെയറിന്റെ സഹായത്തോടെ ജീവിക്കുന്ന അദ്ദേഹത്തെ 2014ലാണ് ഗഡ്ചറോളി പൊലീസ് അറസ്റ്റ് ചെയ്തത്.

ആദിവാസി വേഖലകളിലെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്ന കമ്പനികള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് സഹായവും പിന്തുണയും നല്‍കുന്നു എന്നാണ് സായിബാബക്കെതിരെ ഉയര്‍ന്ന ആരോപണം. 2017ലാണ് ഗഡ്ചിറോളി കോടതി സായിബാബ അടക്കം അഞ്ച് പേര്‍ക്ക് ജീവപര്യന്തവും മറ്റൊരാള്‍ക്ക് പത്ത് വര്‍ഷവും തടവ് വിധിച്ചത്.

സായിബാബക്ക് ജയിലില്‍ ചികിത്സ ലഭിക്കുന്നില്ലെന്നാരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ വസന്തകുമാരി അന്ന് കോടതിയെ സമീപിച്ചിരുന്നു. പത്ത് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ചെന്നാണ് വിധിക്ക് ശേഷം അവര്‍ പ്രതികരിച്ചത്. ‘അറിയാവുന്ന ആളുകള്‍ക്ക് അദ്ദേഹത്തില്‍ വിശ്വാസമുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ ഖ്യാതിക്ക് കോട്ടം തട്ടിയില്ല’, വസന്തകുമാരി പറഞ്ഞു. നിയമ പോരാട്ടത്തിന് വര്‍ഷങ്ങളായി കൂടെ നിന്ന അഭിഭാഷകര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും അവര്‍ നന്ദി പറയുകയും ചെയ്തു.

2018ല്‍ മഹാരാഷ്ട്രയിലെ എല്‍ഗാര്‍ പരിഷത്ത് കേസിലൂടെയാണ് അര്‍ബന്‍ നക്സലുകൾ എന്ന പദം രാജ്യത്ത് വ്യാപകമായി ചര്‍ച്ച ചെയ്ത് തുടങ്ങിയത്. മോദി സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പടെയുള്ളവരെ പിന്നീട് അര്‍ബന്‍ നെക്‌സലെന്ന് മുദ്രകുത്തി സര്‍ക്കാര്‍ കേസെടുക്കുന്ന സാഹചര്യമുണ്ടായി.

മോദിയെയും, ആര്‍.എസ്.എസിനെയും വിമര്‍ശിക്കുന്ന രാഷ്ട്രീയ നേതാക്കളെയും യാതൊരു കാരണവും ഇല്ലാതെ ബി.ജെ.പി അര്‍ബന്‍ നക്‌സലുകള്‍ എന്ന് വിളിച്ചു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അര്‍ബന്‍ നക്‌സലിന്റെ വലിയ ഉദാഹരണമാണെന്ന് ബി.ജെ.പി നേതാവ് മനോജ് തിവാരി ഒരിക്കല്‍ ആരോപിച്ചിരുന്നു.

Contant Highlight: Sai Baba Case; The judgment debunked the ‘Urban Naxal’ argument of the central government

We use cookies to give you the best possible experience. Learn more