എസ്റ്റോണിയ – സൈപ്രസ് ടി-20 മത്സരത്തില്‍ ചരിത്രം കുറിച്ച് എസ്‌റ്റോണിയന്‍ താരം സാഹില്‍ ചൗഹാന്‍. ഒരു അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡ് തന്റെ പേരിലെഴുതിച്ചേര്‍ത്താണ് ചൗഹാന്‍ ചരിത്രത്തിന്റെ ഭാഗമായത്. 18 പടുകൂറ്റന്‍ സിക്‌സറുകളാണ് ഇന്നിങ്‌സില്‍ താരം സ്വന്തമാക്കിയത്.
സൈപ്രസ് ഉയര്‍ത്തിയ 198 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ എസ്റ്റോണിയക്കായി 41 പന്ത് നേരിട്ട താരം പുറത്താകാതെ 144 റണ്‍സാണ് നേടിയത്. 351.22 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുണ്ടായിരുന്നത്. 18 സിക്‌സറിന് പുറമെ ആറ് ബൗണ്ടറിയും താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നിരുന്നു.
ഒരുപക്ഷേ ആദ്യം ബാറ്റ് ചെയ്ത സൈപ്രസ് കുറച്ച് റണ്‍സ് കൂടി കണ്ടെത്തിയിരുന്നെങ്കില്‍ 150 മാര്‍ക് പിന്നിടാനും ചൗഹാന് സാധിക്കുമായിരുന്നു. 27ാം പന്തില്‍ നൂറ് കടന്ന താരം അന്താരാഷ്ട്ര ടി-20യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുടെ റെക്കോഡും തന്റെ പേരിലെഴുതി.
150 റണ്‍സ് നേടാന്‍ സാധിച്ചില്ലെങ്കിലും അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സറെന്ന നേട്ടം സ്വന്തമാക്കാന്‍ താരത്തിനായി
അന്താരാഷ്ട്ര ടി-20യില്‍ ഒരിന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍
(താരം – ടീം – എതിരാളികള്‍ – സിക്‌സര്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)
സാഹില്‍ ചൗഹാന്‍ – എസ്റ്റോണിയ – സൈപ്രസ് – 18 – 144 – 2024*
ഹസ്രത്തുള്ള സസായ് – അഫ്ഗാനിസ്ഥാന്‍ – അയര്‍ലന്‍ഡ് – 16 – 162 – 2019
ഫിന്‍ അലന്‍ – ന്യൂസിലാന്‍ഡ് – പാകിസ്ഥാന്‍ – 16 – 137 – 2024
സീഷന്‍ കുക്കിഖെല്‍ – ഹംഗറി – ഓസ്ട്രിയ – 15 – 137 – 2022
ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 14 – 156 – 2013
ജോര്‍ജ് മന്‍സി – സ്‌കോട്‌ലാന്‍ഡ് – നെതര്‍ലന്‍ഡ്‌സ് – 14 – 127 – 2019
ഇതിന് പുറമെ ടി-20 ഫോര്‍മാറ്റിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരമെന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോഡിനൊപ്പമെത്താനും താരത്തിനായി. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ധാക്ക ഡൈനാമിറ്റ്‌സിനെതിരെ രംഗപൂര്‍ റൈഡേഴ്‌സിന് വേണ്ടിയാണ് ഗെയ്ല്‍ ഒരു മത്സരത്തില്‍ 18 സിക്‌സറടിച്ചത്.
ടി-20 ഫോര്‍മാറ്റില്‍ ഒരിന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍
(താരം – ടീം – എതിരാളികള്‍ – സിക്‌സര്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)
സാഹില്‍ ചൗഹാന്‍ – എസ്റ്റോണിയ – സൈപ്രസ് – 18 – 144 – 2024*
ക്രിസ് ഗെയ്ല്‍ – രംഗപൂര്‍ റൈഡേഴ്‌സ് – ധാക്ക ഡൈനാമിറ്റ്‌സ് – 18 – 146 – 2017
ക്രിസ് ഗെയ്ല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – പൂനെ വാറിയേഴ്‌സ് ഇന്ത്യ – 17 – 2013
പുനീത് ബിഷ്ത് – മേഘാലയ – മിസോറാം – 17 – 146 – 2021
ഗ്രഹാം നേപ്പിയര്‍ – എസക്‌സ് – സസക്‌സ് – 16 – 152 – 2008
ദാസുന്‍ ഷണക – സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബ് – സരസെന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് – 16 – 123 – 2016
ഹസ്രത്തുള്ള സസായ് – അഫ്ഗാനിസ്ഥാന്‍ – അയര്‍ലന്‍ഡ് – 16 – 162 – 2019
ഫിന്‍ അലന്‍ – ന്യൂസിലാന്‍ഡ് – പാകിസ്ഥാന്‍ – 16 – 137 – 2024
അതേസമയം, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൈപ്രസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. 17 പന്തില്‍ 44 റണ്‍സ് നേടിയ തരണ്‍ജിത് സിങ്ങാണ് ടോപ് സ്‌കോറര്‍.
എസ്‌റ്റോണിയക്കായി ക്യാപ്റ്റന്‍ അര്‍സ്‌ലന്‍ അംജദ് ഗോണ്ടല്‍, പ്രണയ് ഘീവാല എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്‌റ്റെഫാന്‍ ലെസി ഗൂച്ച് ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ എസ്റ്റോണിയയുടെ ആദ്യ മൂന്ന് ബാറ്റര്‍മാരും ഒറ്റയക്കത്തിനാണ് മടങ്ങിയത്. ക്യാപ്റ്റന്‍ ഗോണ്ടല്‍ മൂന്ന് പന്തില്‍ അഞ്ച് റണ്‍സ് നേടിയപ്പോള്‍ അലി മസൂദ് മൂന്ന് പന്തില്‍ ഒരു റണ്ണും സ്റ്റുവര്‍ട്ട് ഹുക്ക് 12 പന്തില്‍ ഏഴ് റണ്‍സും നേടി മടങ്ങി.
നാലാം നമ്പറിലാണ് ചൗഹാന്‍ ക്രീസിലെത്തിയത്. ശേഷം വെടിക്കെട്ടിനാണ് ഹാപ്പി വാലി ഗ്രൗണ്ട് സാക്ഷിയായത്. അഞ്ചാം നമ്പറിലെത്തിയ ലെസി ഗൂച്ച് മൂന്ന് റണ്ണിന് പുറത്തായപ്പോള്‍ ബിലാല്‍ മസൂദ് 16 പന്തില്‍ 21 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ഒടുവില്‍ 13 ഓവറില്‍ എസ്‌റ്റോണിയ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഈ വിജയത്തോടെ ആറ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-0ന് മുമ്പിലെത്താനും എസ്‌റ്റോണിയക്കായി. ചൊവ്വാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം. ഹാപ്പി വാലി സ്റ്റേഡിയം തന്നെയാണ് വേദി.
Content highlight: Sahil Chauhan’s history making batting performance against Cyprus