| Monday, 22nd May 2017, 8:33 am

യു.പിയിലെ ദളിതര്‍ക്കെതിരായ അതിക്രമം: ജന്തര്‍മന്ദറില്‍ വന്‍ദളിത് പ്രക്ഷോഭം; പൊലീസ് വിലക്ക് വകവെക്കാതെ അണിനിരന്നത് അരലക്ഷത്തോളം പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ദളിതര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഞായറാഴ്ച വൈകുന്നേരം ജന്തര്‍ മന്ദിറില്‍ നടന്ന പ്രതിഷേധത്തില്‍ അണിനിരന്നത് അമ്പതിനായിരത്തിലേറെ ആളുകള്‍. പൊലീസ് വിലക്ക് ലംഘിച്ചാണ് ഇത്രയുമേറെപ്പേര്‍ ജന്തര്‍മന്ദിറിലേക്കെത്തിയത്.

ഭീം ആര്‍മിയെന്ന ദളിത് സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യു.പിയിലെ സഹരന്‍പൂരില്‍ മെയ് 5ന് ദളിതര്‍ക്കുനേരെ താക്കൂര്‍ വിഭാഗം നടത്തിയ അതിക്രമങ്ങള്‍ക്കെതിരെയാണ് ദല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.


Must Read: ബൈബിള്‍ സിനിമയാക്കിയത് ‘ഡാവിഞ്ചികോഡ്’ എന്ന പേരിലെന്ന വിചിത്ര കണ്ടെത്തലുമായി ശശികല; എം.ടി-മോഹന്‍ലാല്‍ സിനിമയ്ക്ക് മഹാഭാരതം എന്ന പേര് അനുവദിക്കില്ലെന്നും ശശികല


“വംശീയത ജന്മസിദ്ധമല്ല, അത് പഠിപ്പിക്കുന്നതാണ്”, “ജാതി വിവേചനം അവസാനിപ്പിക്കുക” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധക്കാര്‍ രംഗത്തുവന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി ദളിതര്‍ ഹിന്ദുമതം ഉപേക്ഷിക്കുന്ന ചടങ്ങുകളും നടന്നു. നിരവധി പേര്‍ ഹിന്ദു ആചാരപ്രകാരം കെട്ടിയ ചരടുകള്‍ മുറിച്ച് ഹിന്ദുമതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു.

താനൊരു ഭീരുവല്ലെന്നും എത്രയും പെട്ടെന്ന് പൊലീസിനു മുമ്പില്‍ കീഴടങ്ങുമെന്നും പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ പറഞ്ഞു. സഹരന്‍പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖറിനെതിരെ യു.പി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

“ഞാനൊരു ഭീരുവല്ല. എനിക്ക് നിങ്ങളിലേക്ക് എത്തണമായിരുന്നു. അതിനാണ് ഞാന്‍ മിണ്ടാതെയിരുന്നത്. ഇനി ഞാന്‍ പൊലീസിനു മുമ്പാകെ കീഴടങ്ങും.” അദ്ദേഹം പറഞ്ഞു.

പോരാട്ടത്തിനുവേണ്ടിയുള്ള വേദി ഇതാ രൂപപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു. തന്റെ അനുയായികളില്‍ ഒട്ടേറെപ്പേരെ ദല്‍ഹി അതിര്‍ത്തിക്കു സമീപം പൊലീസ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“എന്റെ സമുദായം ഉറങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ ഈ ജനക്കൂട്ടത്തെ കാണുമ്പോള്‍ അവര്‍ ഉണര്‍നിരിക്കുന്നു എന്നു ഞാന്‍ മനസിലാക്കുന്നു. ഇപ്പോള്‍ എനിക്ക് ഒന്നിനെയും പേടിയില്ലെന്നും” അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more