[share]
[] ന്യൂദല്‍ഹി: നിക്ഷേപ തട്ടിപ്പ് കേസില്‍ ജയില്‍ കഴിയുന്ന സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രത റോയിയുടെ ജാമ്യത്തിനായി ജീവനക്കാരില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം പിരിക്കുന്നു. ഇത് സംബന്ധിച്ച് ജീവനക്കാര്‍ക്ക് കമ്പനി അധികൃതര്‍ കത്ത് നല്‍കി.
5000 കോടി രൂപയോളം ജീവനക്കാരില്‍ നിന്ന് പിരിക്കാനാണ് കമ്പനി തീരുമാനം. സുബ്രത റോയിയുടെയും കമ്പനി ഡയറക്ടര്‍മാരുടെയും ഇടക്കാല ജാമ്യത്തിന് 10000 കോടി രൂപ കെട്ടിവെയ്ക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. ഇതില്‍ 5000 കോടി രൂപ പണമായും ബാക്കി 5000 കോടി ബാങ്ക് ഗ്യാരണ്ടിയായും ലഭ്യമാക്കണമെന്നായിരുന്നു കോടതി ഉത്തരവ്.
ജാമ്യത്തുക കെട്ടിവെക്കാനില്ലെന്ന് സഹാറാ ഗ്രൂപ്പിന്റെ അഭിഭാഷകന്‍ കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കാത്ത കേസായതിനാല്‍ സുബ്രത റോയിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. സെബിയില്‍ പതിനായിരം കോടി രൂപ അടയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബിയില്‍ പതിനായിരം രൂപ കെട്ടിവെയ്ക്കണമെന്ന ഉപാധിയോടെയാണ് ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് റോയിയ്ക്ക് ജാമ്യമനുവദിക്കാമെന്ന് അറയിച്ചത്.
2.3 കോടി നിക്ഷേപകരില്‍ നിന്നായി 24000 കോടി രൂപയാണ് അനധികൃതമായി സഹാറ ഗ്രൂപ്പ് തട്ടിയെടുത്തത്. അഞ്ച് തവണകളായി 2015 മാര്‍ച്ച് 15ഓടെ നിക്ഷേപകരുടെ പണം തിരിച്ചു നല്‍കുമെന്ന് ചൊവ്വാഴ്ച സഹാറ ഗ്രൂപ്പ് കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന നിര്‍ദ്ദേശം ലംഘിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 28നാണ് സുബ്രത റോയിയെ പൊലീസ് അറസ്റ്റു ചെയ്തത്. മാര്‍ച്ച് നാല് മുതല്‍ സുബ്രതാ റോയി തീഹാര്‍ ജയിലിലാണ് കഴിയുന്നത്.
2008, 2009ലാണ് സഹാറ ഇന്ത്യ റിയല്‍ എസ്‌റ്റേറ്റ് കോര്‍പ്പറേഷന്‍, സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നീ കമ്പനികളുടെ പേരില്‍ സെബിയുടെ അനുമതിയില്ലാതെ നിക്ഷേപ സമാഹരണം നടത്തിയത്.