[share]
[]ന്യൂദല്‍ഹി: നിക്ഷേപത്തട്ടിപ്പ് കേസില്‍ സഹാറ ഗ്രൂപ്പ് ഉടമ സുബ്രതോ റോയ് പോലീസ് കസ്റ്റഡിയിലെന്ന് അഭിഭാഷകന്‍ അറിയിച്ചു.
സുബ്രതോ റോയ് പോലീസില്‍ കീഴടങ്ങുകയായിരുന്നുവെന്നും അഭിഭാഷകന്‍ അറിയിച്ചു. ലക്‌നൗ പോലീസിലാണ് സുബ്രതോ റോയ് കീഴടങ്ങിയിരിയ്ക്കുന്നത്.
താന്‍ ഒളിവിലായിരുന്നില്ല തന്റെ അമ്മയോടൊപ്പമായിരുന്നുവെന്നും നിയമാനുസൃതമായി മാത്രമേ പ്രവര്‍ത്തിയ്ക്കൂവെന്നും അറിയിച്ചതിനു പിറകെയാണ് സുബ്രതോ റോയ് പോലീസില്‍ കീഴടങ്ങിയിരിയ്ക്കുന്നത്.
കഴിഞ്ഞ ദിവസം സുബ്രതോ റോയിയുടെ വീട്ടില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ സുബ്രതോ റോയിയെ കണ്ടെത്താനായിരുന്നില്ല.
നിക്ഷേപകരില്‍ നിന്ന് പണം തട്ടിയെന്ന കേസില്‍ ബുധനാഴ്ച കോടതിയില്‍ ഹാജരാവാന്‍ ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
തുടര്‍ന്ന് നേരിട്ട് ഹാജരാവാന്‍ കഴിയില്ലെന്ന് കോടതിയോട് സുബ്രതോ റോയ് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ അഭ്യര്‍ത്ഥന കോടതി തള്ളിയിരുന്നു.
കോടതിയില്‍ ഹാജരാവാഞ്ഞതിനെ തുടര്‍ന്നാണ് സുബ്രതോ റോയിയ്‌ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.
തട്ടിപ്പു കേസില്‍ പരാതിക്കാരായ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാഞ്ഞതിനെ തുടര്‍ന്ന് സഹാറയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സുപ്രീം കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
സഹാറ ഇന്ത്യ റിയല്‍ എസ്‌റ്റേറ്റ് കോര്‍പ്പറേഷനും സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനുമാണ് അനധികൃതമായി നിക്ഷേപകരില്‍ നിന്നും 24,000 കോടി രൂപ പിരിച്ചെടുത്തത്.
കേസില്‍ രണ്ട് സ്ഥാപനങ്ങളുടേയും ഡയറക്ടര്‍മാരായ രവിശങ്കര്‍ ദുബെ, അശോക്‌റോയ് ചൗധരി, വന്ദനാ റോയ് ചൗധരി, വന്ദനാ ഭാര്‍ഗവ എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നു.