| Tuesday, 29th October 2013, 6:10 am

സഹാറയുടെ സ്വത്തുക്കളുടെ ആധാരം സെബിയെ ഏല്‍പ്പിക്കണമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ##സഹാറയുടെ സ്വത്തുക്കളുടെ ആധാരം സെബി(സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യെ ഏല്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം.

മൂന്നാഴ്ച്ച്ക്കുള്ളില്‍ 20,000 കോടി വിലമതിക്കുന്ന സ്വത്തുക്കളുടെ ആധാരമാണ് സെബിയെ ഏല്‍പ്പിക്കേണ്ടത്. നിക്ഷേപകര്‍ക്ക് പണം തിരികേ നല്‍കാനുള്ള സമയ പരിധി സഹാറ തെറ്റിച്ചതായുള്ള ഹരജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

ആധാരം സെബിയെ ഏല്‍പ്പിക്കാതെ സഹാറാ മേധാവി സുബ്രതാ റോയ് അടക്കമുള്ളവരെ രാജ്യം വിട്ട് പോകാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ കെ.എസ് രാധാകൃഷ്ണന്‍, ജെ.എസ് ഖേകര്‍ എന്നിവരടങ്ങുന്ന ബഞ്ചിന്റെതാണ് ഉത്തരവ്. സഹാറ ഗ്രൂപ്പ് നിക്ഷേപകര്‍ക്ക് 24,000 കോടി രൂപ നല്‍കാനുണ്ടെന്നും ഇതില്‍ 5,120 കോടി രൂപ മാത്രമാണ് നല്‍കിയതെന്നുമാണ് ഹരജിയില്‍ സെബി ചൂണ്ടിക്കാട്ടിയിരുന്നത്.

നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കാതെയുള്ള ഒളിച്ചുകളി കമ്പനി അവസാനിപ്പിക്കണമെന്നും സഹാറയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും സുപ്രീം കോടതി വിമര്‍ശിച്ചു.

കഴിഞ്ഞ ഓഗസ്റ്റില്‍ അഞ്ച് ശതമാനം പലിശനിരക്കില്‍ മൂന്ന് മാസത്തിനകം നിക്ഷേപകര്‍ക്ക് തിരികേ നല്‍കണമെന്ന് സുപ്രീം കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാല്‍ പിന്നീട് സമയം നീട്ടി നല്‍കി.

പണം തിരികേ നല്‍കിയില്ലെങ്കില്‍ ഗ്രൂപ്പിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

സെബിയുടെ ചട്ടം ലംഘിച്ച് സഹാറാ ഗ്രൂപ്പിന്റെ കീഴിലുള്ള സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍, സഹാറാ ഇന്ത്യ ഹൗസിങ് ഇന്‍വസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവ ഒ.എഫ്.സി ഡിബഞ്ചറുകള്‍ (ഉടമയുടെ ഇഷ്ടാനുസരണം ഓഹരിയാക്കാവുന്ന കടപത്രം) വഴി 24,000 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്നാണ് കേസ്.

2008-2009ലാണ് സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍, സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നീ കമ്പനികളുടെ പേരില്‍  നിക്ഷേപം സമാഹരിച്ചത്.

ഓഹരികളാക്കി മാറ്റാവുന്ന കടപത്രങ്ങളുടെ വില്‍പ്പനയിലൂടെ 2.3 കോടി ചെറുകിട നിക്ഷേപകരില്‍ നിന്നാണ് സഹാറ നിക്ഷേപം സ്വീകരിച്ചത്. സെബിയുടെ അനുമതിയില്ലാതെയായിരുന്നു നിക്ഷേപസമാഹരണം.

We use cookies to give you the best possible experience. Learn more