| Tuesday, 4th March 2014, 3:06 pm

സുബ്രതോ റോയിയുടെ മാപ്പപേക്ഷ അംഗീകരിച്ചു; കോടതിവളപ്പില്‍ റോയിയ്ക്ക് നേരെ കൈയ്യേറ്റശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂദല്‍ഹി: നിക്ഷേപകരുടെ പണം തട്ടിപ്പ് കേസില്‍ സഹാറ ചെയര്‍മാന്‍ സുബ്രതോ റോയിയുടെ മാപ്പപേക്ഷ സുപ്രീം കോടതിയില്‍ അംഗീകരിച്ചു.

കോടതിയില്‍ ഹാജറാവാന്‍ കഴിയാത്തിന് സുബ്രതോ റോയി കോടതിയില്‍ മാപ്പപേക്ഷ നല്‍കിയിരുന്നു. ന്യായമായ കാരണങ്ങള്‍ക്കൊണ്ടാണ് റോയിയ്ക്ക് ഹാജറാവാന്‍ കഴിയാതിരുന്നതെന്ന് കോടതി അറിയിച്ചു.

അതിനിടെ രാവിലെ കോടതിയില്‍ ഹാജറാകാന്‍ എത്തിയ സുബ്രതോ റോയിയ്ക്ക് നേരെ കൈയ്യേറ്റശ്രമം നടന്നു.

കോടതി വളപ്പിലെത്തിയ സുബ്രതോ റോയിയെ ഗ്വാളിയറിലെ അഭിഭാഷകനെന്ന് അവകാശപ്പെട്ട മനോജ് ശര്‍മയാണ് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. പാവങ്ങളുടെ പണം തട്ടിയെന്നാരോപിച്ച്  സുബ്രതോ റോയിയുടെ മുഖത്ത് മഷിയൊഴിച്ചായിരുന്നു ആക്രമണം.

സുബ്രതോ റോയ് കള്ളനാണെന്നും പാവപ്പെട്ടവരെ കൊള്ളയടിക്കുന്നതിനാലാണ് താന്‍ മഷി ഒഴിച്ചതെന്നും മനോജ് ശര്‍മ പറഞ്ഞു.

പോലീസ് പിന്നീട് മനോജ് ശര്‍മയെ കസ്റ്റഡിയിലെടുത്തു.

കോടതിയലക്ഷ്യത്തിന് കേസെടുത്ത് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ലഖ്‌നൗ പൊലീസ് സുബ്രതോ റോയിയെ അറസ്റ്റ് ചെയ്തത്.

ജാമ്യമില്ലാ വാറണ്ട് റദ്ദാക്കണമെന്നുള്ള സുബ്രതോ റോയിയുടെ ഹര്‍ജിയും സുപ്രീം കോടതി അല്‍പസമയത്തിനകം പരിഗണിക്കും.

സഹാറയുടെ റിയല്‍ എസ്‌റ്റേറ്റ് സംരംഭത്തില്‍ നിക്ഷേപം നടത്തി പണം നഷ്ടപ്പെട്ടവര്‍ക്ക് 20000 കോടി രൂപ നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

സഹാറ ഇന്ത്യ റിയല്‍ എസ്‌റ്റേറ്റ് കോര്‍പ്പറേഷനും സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനുമാണ് അനധികൃതമായി നിക്ഷേപകരില്‍ നിന്നും 24,000 കോടി രൂപയാണ് പിരിച്ചെടുത്തതിരുന്നത്.

We use cookies to give you the best possible experience. Learn more