ഒരൊറ്റ സമനില ബാക്കി നില്‍ക്കെ മഞ്ഞപ്പട സ്വപ്ന ഫൈനലിലേക്ക്; വീണ്ടും രക്ഷകനായി സഹല്‍
ISL
ഒരൊറ്റ സമനില ബാക്കി നില്‍ക്കെ മഞ്ഞപ്പട സ്വപ്ന ഫൈനലിലേക്ക്; വീണ്ടും രക്ഷകനായി സഹല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 11th March 2022, 9:56 pm

മഡ്ഗാവ്: ഐ.എസ്.എല്ലിലെ ആദ്യ സെമി ഫൈനലിന്റെ ആദ്യപാദത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. കരുത്തരായ ജംഷഡ്പൂര്‍ എഫ്.സിയെയാണ് മഞ്ഞപ്പട മറികടന്നത്. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. മലയാളി താരം സഹല്‍ അബ്ദുള്‍ സമദാണ് മഞ്ഞപ്പടയ്ക്കായി വലകുലുക്കിയത്.

4-4-2 ഫോര്‍മേഷനിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ 4-2-3-1 ഫോര്‍മേഷനിലാണ് ജംഷഡ്പൂര്‍ നേരിട്ടത്. ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ജംഷഡ്പൂര്‍ തുടക്കത്തില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് സമ്മര്‍ദം നല്‍കി. ചിമ ചികുവിന് രണ്ട് നല്ല അവസരങ്ങള്‍ ലഭിച്ചു എങ്കിലും രണ്ടും താരത്തിന് ടാര്‍ഗറ്റിലേക്ക് അടിക്കാന്‍ ആയില്ല.

ഈ വിജയത്തോടെ സെമയില്‍ ജംഷഡ്പുരിനെതിരേ ലീഡ് നേടാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. മാര്‍ച്ച് 15 നാണ്
രണ്ടാം പാദ മത്സരം. അടുത്ത മത്സരത്തില്‍ സമനില നേടിയാല്‍ കേരളത്തിന് ഫൈനലിലേക്ക് കടക്കാം. സീസണില്‍ എവേ ഗോള്‍ നിയമം ഇല്ലാത്തത് കേരളത്തിന് തിരിച്ചടിയായി.

ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനല്‍ കളിച്ചത്. ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ഏറ്റവും മികച്ച സീസണായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ ജയം നേടിയതും കൂടുതല്‍ ഗോളടിച്ചതും കൂടുതല്‍ തുടര്‍ ജയങ്ങള്‍ നേടിയതുമെല്ലാം(10) ഈ സീസണിലായിരുന്നു. നാലാം സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ സെമി ടിക്കറ്റെടുത്തത്.